ജയിംസ് അഗസ്റ്റിൻ
ഓസ്കാർ പുരസ്കാരത്തിനായുള്ള മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് ഗുരു. മികച്ച നിലവാരത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു ഫാന്റസി ചിത്രമായിരുന്നു ഗുരു. കഥാപാത്രങ്ങളുടെ വേഷവിധാനത്തിലും ജീവിതസാഹചര്യങ്ങളിലും അതുവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളാണ് ഗുരു എന്ന സിനിമയ്ക്കായി രാജീവ് അഞ്ചൽ ഒരുക്കിയത്. കാഴ്ചയില്ലാത്ത മനുഷ്യരുടെ സമൂഹത്തിലെ കലാകാരന്മാരുടെ കൈകളിൽ ഉണ്ടായിരുന്ന സംഗീതോപകരണങ്ങൾ പലതും പ്രേക്ഷകർ ആദ്യമായി കാണുന്നതായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും സവിശേഷതകൾ വേണമെന്ന് സംവിധായകനു നിർബന്ധമുണ്ടായിരുന്നു. ഈ ഫാന്റസി ചിത്രത്തിന് ആഗോള നിലവാരത്തിലുള്ള സംഗീതം ഒരുക്കിയത് ‘ഇസൈജ്ഞാനി’ ഇളയരാജയാണ്. രാജീവ് അഞ്ചലിന്റെ മനസ്സറിഞ്ഞ ഇളയരാജാ ഗുരു സിനിമയ്ക്ക് കരുതലോടെ തന്നെ സംഗീതമൊരുക്കി. സിനിമയുടെ ഷൂട്ടിങ്ങിനായി പ്രത്യേകം നിർമിച്ച സംഗീതോപകരണങ്ങളിലെ ശബ്ദമെല്ലാം പശ്ചാത്തലസംഗീതത്തിൽ ചേർക്കുന്നതിനായി ഒരു വലിയ സിംഫണി ഓർക്കസ്ട്രയുടെ സേവനം സ്വീകരിക്കാൻ ഇളയരാജാ തീരുമാനിച്ചു.

അങ്ങനെ ഹംഗറിയിലെ പ്രശസ്തമായ ബുഡാപെസ്റ്റ് സിംഫണി ഓർക്കസ്ട്ര ഒരു മലയാള സിനിമയുടെ പിന്നണിയിൽ പങ്കുചേർന്നു.മലയാള സിനിമാ ചരിത്രത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യ-ശ്രാവ്യ വിസ്മയമായിരുന്നു ‘ഗുരു’. ഈ ചിത്രത്തിന്റെ ദൃശ്യഭംഗിയോളം തന്നെ ലോകോത്തര നിലവാരം പുലർത്തിയ ഒന്നായിരുന്നു ഇതിന്റെ പശ്ചാത്തല സംഗീതം. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം പൂർണ്ണമായും ഇന്ത്യക്ക് പുറത്ത് റെക്കോർഡ് ചെയ്തത് ‘ഗുരു’വിലൂടെയായിരുന്നു. ‘ഗുരു’ ഒരു സാധാരണ ചിത്രമല്ലെന്നും അതിനൊരു വെസ്റ്റേൺ ക്ലാസിക്കൽ സിംഫണിയുടെ അകമ്പടി വേണമെന്നും സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ സംഗീതസംവിധായകൻ ഇളയരാജ ഉറപ്പിച്ചിരുന്നു. ചിത്രത്തിലെ ഫാന്റസി ലോകത്തിന് അനുയോജ്യമായ രീതിയിൽ സങ്കീർണ്ണമായ വെസ്റ്റേൺ ക്ലാസിക്കൽ സ്കോറുകൾ വായിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓർക്കസ്ട്രകളിൽ ഒന്നായ ബുഡാപെസ്റ്റ് സിംഫണി ഓർക്കസ്ട്രയെ ഇളയരാജ തിരഞ്ഞെടുക്കുകയായിരുന്നു. ഹംഗറിയിൽ വച്ചാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളുടെ ഓർക്കസ്ട്രേഷനും റെക്കോർഡ് ചെയ്തത്.എസ്. രമേശൻ നായർ വരികളെഴുതിയ ചിത്രത്തിലെ അഞ്ച് ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും വെസ്റ്റേൺ ക്ലാസിക്കൽ ഘടനയും ഇന്ത്യൻ രാഗങ്ങളും തമ്മിലുള്ള മനോഹരമായ ഒരു ലയനം കാണാം. ഹംഗേറിയൻ സംഗീതജ്ഞർ ഇളയരാജയുടെ നിഷ്കർഷതയോടെയുള്ള കണ്ടക്ടിങ്ങിന് കീഴിൽ അണിനിരന്നപ്പോൾ പിറന്നത് മലയാളികൾ അതുവരെ കേട്ടിട്ടില്ലാത്ത തരം സിംഫണിക് സംഗീതമായിരുന്നു. കെ. ജെ. യേശുദാസ് ആലപിച്ച അരുണകിരണ ദീപം എന്ന് തുടങ്ങുന്ന ഗാനത്തിന് ഇളയരാജ ഒരുക്കിയ ഓർക്കസ്ട്രേഷൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. യേശുദാസും രാധിക തിലകും ചേർന്നു പാടിയ ദേവസംഗീതം നീയല്ലേ എന്ന ഗാനത്തിൽ കേൾക്കുന്ന വയലിൻ, ചെല്ലോ തുടങ്ങിയ ഉപകരണങ്ങളുടെ സിംഫണിക് ഘടന ലോകനിലവാരത്തിലുള്ളതാണ്. ഗോത്രവിഭാഗങ്ങൾ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ ഒരു ഗാനരംഗത്ത് ചിത്രീകരിച്ചിട്ടുണ്ട്. എം. ജി. ശ്രീകുമാർ പാടിയ തട്ടാരം മൊഴി എന്നു തുടങ്ങുന്ന ഗാനത്തിൽ ബുഡാപെസ്റ്റ് ഓർക്കസ്ട്രയുടെ മാന്ത്രികത നമുക്ക് കേൾക്കാം.ചിത്രത്തിലെ ‘അന്ധരുടെ ലോകം’ എന്ന സങ്കല്പത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ബുഡാപെസ്റ്റ് സിംഫണി നിർണ്ണായക പങ്ക് വഹിച്ചു.
പശ്ചാത്തല സംഗീതത്തിലെ നിശബ്ദതകളും പെട്ടെന്നുയരുന്ന വയലിൻ തരംഗങ്ങളും ബ്രാസ് സെക്ഷനുകളുടെ ഗാംഭീര്യവും ചിത്രത്തിന്റെ ഫാന്റസി അന്തരീക്ഷത്തിനു കൂടുതൽ മിഴിവ് നൽകി.1936-ൽ ഹംഗേറിയൻ റേഡിയോയ്ക്ക് കീഴിൽ ഇസ്ത്വാൻ ബെർത്ത, മിക്ലോസ് ഫെഹെർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഒരു ചെറിയ ‘സലൂൺ ഓർക്കസ്ട്ര’യാണ് പിന്നീട് ബുഡാപെസ്റ്റ് സിംഫണി ഓർക്കസ്ട്രയായി രൂപംമാറിയത്.1943-ൽ പ്രശസ്ത ഹംഗേറിയൻ കണ്ടക്ടറും കമ്പോസറുമായ ഏണസ്റ്റ് വോൺ ഈ റേഡിയോ ഓർക്കസ്ട്രയെ ഒരു സമ്പൂർണ്ണ സിംഫണി ഓർക്കസ്ട്രയായി പുനഃസംഘടിപ്പിച്ചു. ഹംഗേറിയൻ റേഡിയോ ആൻഡ് ടെലിവിഷൻ സിംഫണി ഓർക്കസ്ട്രയായി മാറിയ ഈ സംഘം ഹംഗറിക്ക് പുറത്ത് ‘ബുഡാപെസ്റ്റ് സിംഫണി ഓർക്കസ്ട്ര’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

റേഡിയോ പ്രക്ഷേപണങ്ങളിലൂടെ വളരെ വേഗം ജനപ്രിയമായ ഈ ഓർക്കസ്ട്ര, ക്ലാസിക്കൽ സംഗീതത്തിലെ അതികായന്മാരായ കമ്പോസർമാരുടെ കൃതികൾ അവതരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടി. ഹംഗേറിയൻ മാസ്റ്റർമാരായ ബെല ബാർട്ടോക്ക്, സോൾട്ടൻ കോഡ്ലി തുടങ്ങിയവരുടെ ക്ലാസിക് രചനകൾ ഏറ്റവും തനിമയോടെ അവതരിപ്പിക്കുന്നതിൽ ഈ ഓർക്കസ്ട്ര പ്രശസ്തമാണ്. ഓട്ടോ ക്ലെമ്പറർ, ലിയോപോൾഡ് സ്റ്റോകോവ്സ്കി, സർ ജോൺ ബാർബിറോളി, ക്ലോഡിയോ അബ്ബാഡോ, ജോർജ്ജ് സോൾട്ടി തുടങ്ങി ലോകത്തെ ഏറ്റവും മികച്ച കണ്ടക്ടർമാരും സോളോയിസ്റ്റുകളും ബുഡാപെസ്റ്റ് സിംഫണി ഓർക്കസ്ട്രയെ നയിച്ചിട്ടുണ്ട്. ലോകപ്രശസ്ത ക്ലാസിക്കൽ മ്യൂസിക് ലേബലുകളായ നാക്സോസ്, ഹംഗറോട്ടൺ എന്നിവയ്ക്കായി നൂറിലേറെ ആൽബങ്ങൾ ഈ ഓർക്കസ്ട്ര റെക്കോർഡ് ചെയ്തിട്ടുണ്ട്.രാജീവ് അഞ്ചലിന്റെയും ഇളയരാജയുടെയും ക്ഷണം സ്വീകരിച്ച ബുഡാപെസ്റ്റ് സിംഫണി ഓർക്കസ്ട്ര അങ്ങനെ മലയാള സിനിമ ചരിത്രത്തിന്റെയും ഭാഗമായി.

