കൊച്ചി: സംസ്ഥാനത്തെ മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല ദ്വിദിന പഠനക്യാമ്പ് പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നുകൾക്കെതിരായ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്തെ മദ്യവ്യാപനത്തിനെതിരേയും ശക്തമായ നടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ ആസൂത്രിതമായി മുന്നോട്ടുകൊണ്ടുപോകണം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ മാത്രം ഒതുങ്ങാതെ മദ്യലഹരിയുടെ വ്യാപനവും തടയാൻ ഓപ്പറേഷൻ തൂഫാൻ ലക്ഷ്യമിടണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിവിരുദ്ധ വിഷയങ്ങളിൽ ജനവികാരവും ജനപക്ഷ നിലപാടുകളും വസ്തുതകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ മദ്യവിരുദ്ധ സമിതി സജീവമായി ഇടപെടുന്നുണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് സൈജു, ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലൻ, വി.ഡി. രാജു, ദീപ്തി മേരി, എ.ജെ. ഡിക്രൂസ്, കെ.പി. മാത്യു എന്നിവർ പ്രസംഗിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസാദ് കുരുവിള, ഫാ. ഡോ. അനൂപ് കളത്തിത്തറ, അഡ്വ. ചാർളി പോൾ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

