ബിജോ സില്‍വേരി
അച്ഛന്മാരുമായുള്ള ആണ്മക്കളുടെ സംഘര്‍ഷം ഒരുപാട് വായിക്കുകയും സിനിമകളിലും നാടകങ്ങളിലും കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കുറഞ്ഞത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളമെങ്കിലും അമ്മമാര്‍ കുടുംബവിളക്കോ, ദേവതമാരോ ആണ്. സ്നേഹത്തിന്റേയും കടപ്പാടിന്റേയും കണ്ണീരോര്‍മകളില്ലാതെ അമ്മമാരെ സ്മരിക്കുന്നവര് കുറവാണ്. ആ പതിവ് സങ്കല്‍പ്പങ്ങള്‍ തകര്‍ത്തുകൊണ്ടാണ് അരുന്ധതീ റോയി തന്റെ അമ്മയായ മേരി റോയിയെ ‘മദര്‍ മേരി കംസ് റ്റു മീ’ എന്ന രചനയില്‍ അടയാളപ്പെടുത്തുന്നത്.
അമ്മയുടെ വിയോഗം ബാക്കിവെച്ച വൈകാരികതയുടെയും ഓര്‍മ്മകളുടെയും സമാഹാരമായ ഈ കൃതി, അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും ഒരേസമയം വെളിപ്പെടുത്തുന്നു. ‘മദര്‍ മേരി കംസ് റ്റു മീ’ എന്നത് കേവലമൊരു ജീവചരിത്രമല്ല; മറിച്ച് സ്നേഹവും വിദ്വേഷവും ഭയവും വണക്കവും ഇടകലര്‍ന്ന ഒരമ്മയുടേയും മകളുടേയും ബന്ധത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ്. സാഹിത്യവും ജീവിതവും നിയമപോരാട്ടങ്ങളും ഇത്രമേല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റൊരു കുടുംബചരിത്രം ഇന്ത്യന്‍ സാഹിത്യത്തില്‍ അപൂര്‍വ്വമായിരിക്കും.

സാഹിത്യലോകത്ത് സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ മകളും, കേരളത്തിലെ സ്ത്രീകളുടെ അവകാശ പോരാട്ട ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച അമ്മയും തമ്മിലുള്ള കൊടുങ്കാറ്റ് നിറഞ്ഞ ബന്ധമാണ് ഈ പുസ്തകം. മുപ്പതാം വയസ്സില്‍ മദ്യപാനിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്, കയ്യില്‍ നയാപൈസയില്ലാതെ രണ്ടു മക്കളുമായി ജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ച മേരി റോയി (അരുദ്ധതി റോയിയുടെ അമ്മ) ഒരു അസാധാരണ വ്യക്തിത്വമായിരുന്നു. സിറിയന്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം നേടിക്കൊടുത്ത അവരുടെ സുപ്രധാന നിയമപോരാട്ടം ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. തന്റെ വില്ല് (വില്പത്രം) രണ്ടാഴ്ചയിലൊരിക്കല്‍ തിരുത്തിയെഴുതുന്ന, കേസുകളിലൂടെ ജീവിച്ച മേരി റോയി യാഥാസ്ഥിതിക കോട്ടയം പട്ടണത്തിലെ ഒരു ‘ഗ്യാങ്സ്റ്റര്‍’ തന്നെയായിരുന്നു എന്ന് അരുന്ധതി സാക്ഷ്യപ്പെടുത്തുന്നു. അമ്മയോടുള്ള സ്നേഹവും അതേസമയം അവരില്‍ നിന്ന് നേരിട്ട മുറിവുകളും ഒരേപോലെ ഇഴചേര്‍ത്തു വെച്ചിരിക്കുന്നവയാണ് മിക്കവാറും അധ്യായങ്ങളെല്ലാം.
ഊട്ടിയിലെ ജീവിതം സുരക്ഷിതമല്ലാതായപ്പോള്‍ കയ്യില്‍ പണമില്ലാതിരുന്ന മേരി റോയി, മക്കളുമായി കോട്ടയത്തേക്ക് മാറി. റോട്ടറി ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ചെറിയ ഹാളുകള്‍ വാടകയ്ക്കെടുത്ത് സ്കൂള്‍ ആരംഭിച്ചു. അതൊരു ജീവിത പോരാട്ടത്തിന്റെ തുടക്കമായിരുന്നു. യാഥാസ്ഥിതികമായ അക്കാലത്തെ വിദ്യാഭ്യാസ രീതികളില്‍ നിന്ന് മാറി, കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് പ്രാധാന്യം നല്കുന്ന ഒരു പുതിയ ശൈലി അവര്‍ അവിടെ പരീക്ഷിച്ചു. സഹോദരന് ലളിത് ക്രിസ്റ്റഫര്‍ റോയിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും അരുന്ധതി ഓര്‍ക്കുന്നുണ്ട്. കുട്ടിക്കാലത്ത് അമ്മയുടെ കോപത്തിന് ഇരയായി വീടുവിട്ട് ഓടിപ്പോയിരുന്ന ജേഷ്ഠന്, പിന്നീട് സ്വന്തം വഴി കണ്ടെത്തി ബിസിനസ്സിലും സംഗീതത്തിലും (റോക്ക് ആന്‍ഡ് റോള്‍ ഗിത്താറിസ്റ്റായി) വിജയം വരിച്ചതിനെക്കുറിച്ച് മനോഹരമായി പറയുന്നുണ്ട്. അമ്മയുടെ മരണശേഷം ഇരുവരും മുന്‍കാല ഓര്‍മ്മകള്‍ പങ്കുവെച്ച് ചിരിക്കുന്നിടത്താണ് ഈ ഓര്‍മ്മകള്‍ അവസാനിക്കുന്നത്.
അമ്മയുടെ അപ്രതിരോധ്യമായ വ്യക്തിത്വത്തില്‍ നിന്നും മുന്കോപത്തില് നിന്നും രക്ഷപ്പെടാന്‍ പതിനെട്ടാം വയസ്സില്‍ വീടുവിട്ടിറങ്ങിയ അരുന്ധതി, 16 വയസ്സുള്ളപ്പോഴാണ് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ പ്രവേശന പരീക്ഷയെഴുതാന്‍ ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തത്. കൂട്ടിനുണ്ടായിരുന്നത് ബാഗില്‍ കരുതിയ ഒരു കത്തിയും. പിന്നീട് ആ കത്തി കൊടുത്ത് ഹാഷീഷ് വാങ്ങിയ കാര്യവും പറയുന്നുണ്ട്. ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ എന്ന വിശ്വപ്രസിദ്ധ നോവലില്‍ അമ്മയ്ക്ക് നല്കിയ ആമുഖ സമര്‍പ്പണം ഒരു ‘മനോഹരമായ നുണ’യായിരുന്നു എന്ന് അരുന്ധതി ഇപ്പോള്‍ തുറന്നുപറയുന്നു. ഒരു നുണയിലാണ് തങ്ങള്‍ ഇരുവരും സ്വസ്ഥരായതെന്ന് ഇതിനെ അരുന്ധതി വിശദീകരിക്കുന്നു. ” തന്നെ വിട്ടുപോകാനുവദിക്കാനും തക്കവണ്ണം വിശാലാര്‍ത്ഥത്തില്‍ എന്നെ സ്നേഹിച്ച, എന്നെ വളര്‍ത്തി വലുതാക്കിയ മേരി റോയിക്ക്” എന്നതായിരുന്നു ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സിലെ ആ വലിയ നുണ. മകളുടെ പുസ്തകം പുറത്തിറങ്ങുന്നതറിഞ്ഞ് അതിന്റെ ഉള്ളടക്കത്തെ കുറിച്ച് വേവലാതി പൂണ്ട് അമ്മ ആശുപത്രിയില്‍ അഡ്മിറ്റാകുന്നുണ്ട്.
ഒരു മകള്‍ക്ക് സ്വന്തം അമ്മയെക്കുറിച്ച് എഴുതാന്‍ കഴിയുന്ന ഏറ്റവും സത്യസന്ധവും ധീരവുമായ തുറന്നെഴുത്താണ് ‘മദര്‍ മേരി കംസ് റ്റു മീ’. മേരി റോയി എന്ന സ്ത്രീയുടെ മുന്‍കോപം, ഉന്മാദം, കരുണ, ധീരത, താന്‍പോരിമ, ക്രൂരത എന്നിവയെല്ലാം ഒട്ടും ഒളിച്ചുവെക്കാതെ അക്കമിട്ട് നിരത്തുന്നുണ്ട്. അരുന്ധതിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ ഒരേസമയം മകള്‍ക്ക് ‘അഭയവും കൊടുങ്കാറ്റുമായിരുന്നു.’ ‘എനിക്ക് നിന്നോട് ഇരട്ടി സ്നേഹമുണ്ട്’ എന്ന അധ്യായത്തില്‍ അരുന്ധതിയുടെയും സഹോദരന് ലളിതിന്റെയും കുട്ടിക്കാലത്തെക്കുറിച്ചും അമ്മയുമായുള്ള വൈകാരിക സംഘര്‍ഷങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. അമ്മയുടെ അപ്രതീക്ഷിതമായി മാറുന്ന കോപവും ശാഠ്യങ്ങളും തങ്ങളെ എങ്ങനെ ഭയപ്പെടുത്തിയിരുന്നു എന്ന് അരുന്ധതി വിവരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിച്ചിതറാവുന്ന ഒരു ബോംബിന് മുകളിലൂടെ നടക്കുന്നതുപോലെയായിരുന്നു ആ കുട്ടിക്കാലം.
പരമ്പരാഗതമായ ‘നന്മമരം’ വേഷങ്ങള്‍ കെട്ടാന്‍ വിസമ്മതിച്ച, സ്വന്തം ചോദനകള്‍ക്കനുസരിച്ച് ജീവിച്ച ഒരു സ്ത്രീയുടെ സങ്കീര്‍ണ്ണമായ ജീവിതത്തെ സ്ത്രീപക്ഷ കോണിലൂടെ വളരെ ആഴത്തില്‍ പുസ്തകം ദൃശ്യവല്‍ക്കരിക്കുന്നു.
മേരി റോയിക്ക് തന്റെ സ്വഭാവത്തിന്റെ ചില അംശങ്ങള്‍ അവരുടെ അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയതാകാം. ആ അച്ഛനില്‍ നിന്നു രക്ഷപ്പെടാനാണ് ആദ്യം തന്നോട് പ്രണായാഭ്യര്‍ത്ഥന നടത്തിയ ആളോടൊപ്പം ജീവിതം തുടങ്ങാന്‍ മേരി റോയി തീരുമാനിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരില്‍ എന്തമോളജിസ്റ്റായിരുന്നു(പ്രാണി ശാസ്ത്രജ്ഞന്) മേരി റോയിയുടെ അച്ഛന്. മേരി റോയി ഭര്‍ത്താവിനെ ഉപേക്ഷിച്ച്, കുഞ്ഞുങ്ങളോടൊപ്പം കുടിയേറിപ്പാര്‍ത്ത ഊട്ടിയിലെ കൊച്ചുവീട്ടില്‍ നിന്ന് അവരെ കുടിയിറക്കാനായി മേരി റോയിയുടെ വൃദ്ധയായ മാതാവും ജേഷ്ഠനും എത്തുന്ന രംഗവും വിവരിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായിരുന്നു കുടുംബസ്വത്തിനു വേണ്ടിയുള്ള മേരി റോയിയുടെ ഇതിഹാസ തുല്യമായ നിയമപ്പോരാട്ടം.
‘മദര്‍ മേരി കംസ് റ്റു മീ’ എന്ന പുതിയ പുസ്തകം വായിക്കുമ്പോള്‍, ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സി’ലെ പല കഥാപാത്രങ്ങള്‍ക്കും പിന്നില്‍ മേരി റോയിയുടെ ജീവിതത്തിന്റെ നിഴലുകള്‍ ഉണ്ടായിരുന്നു എന്ന് ബോധ്യപ്പെടും.
ആദ്യ നോവല്‍ വ്യക്തിബന്ധങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍, രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന അവരുടെ രണ്ടാമത്തെ നോവല്‍ ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ (2017) ഇന്ത്യയുടെ രാഷ്ട്രീയ ഭൂതകാലത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഇറങ്ങിച്ചെന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മുറിവേറ്റവരുടെയും ശബ്ദമായി മാറാന്‍ ഈ നോവലിലൂടെ അവര്‍ക്ക് കഴിഞ്ഞു. നോവലുകള്ക്കിടയിലുള്ള കാലത്ത് അരുന്ധതി നിരന്തരം എഴുതിയത് സാധാരണക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ‘ദി കോസ്റ്റ് ഓഫ് ലിവിങ്’, ‘ബ്രോക്കണ്‍ റിപ്പബ്ലിക്’ , ‘അസാധാരണ ചിന്തകള്‍’ തുടങ്ങിയ പുസ്തകങ്ങള്‍ ഇന്ത്യയിലെ വന്‍കിട വികസന പദ്ധതികള്‍ (നര്‍മ്മദ അണക്കെട്ട് പോലുള്ളവ), ആദിവാസി പീഡനങ്ങള്‍, ഫാസിസം എന്നിവയ്ക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളായിരുന്നു. ഒരു ആക്ടിവിസ്റ്റിന്റെ മൂര്‍ച്ചയുള്ള ഭാഷയും ഒരു സാഹിത്യകാരിയുടെ ദീര്‍ഘവീക്ഷണവും ഒരേസമയം ഈ പ്രബന്ധങ്ങളില്‍ കാണാം.
പതിറ്റാണ്ടുകളായി പുറംലോകത്തെ മനുഷ്യര്‍ക്കും അവരുടെ രാഷ്ട്രീയത്തിനും വേണ്ടി തൂലിക പടവാളാക്കിയ അരുന്ധതി റോയി, തന്റെ ഏറ്റവും വ്യക്തിപരമായ ലോകത്തേക്ക് തിരിഞ്ഞുനടക്കുന്നതിന്റെ തെളിവാണ് ‘മദര്‍ മേരി കംസ് റ്റു മീ’. ആദ്യ നോവലില്‍ (‘ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’ 1997) ഒളിച്ചുവെച്ച, പ്രബന്ധങ്ങളില്‍ പറയാതിരുന്ന സ്വന്തം ജീവിതത്തിന്റെ ഭാവതീവ്രമായ ഏടുകളാണ് ഇതിലൂടെ അവര്‍ തുറന്നുപറയുന്നത്.
വായനക്കാരെ ആകര്‍ഷിക്കുന്ന സവിശേഷമായ ഊര്‍ജ്ജവും വൈകാരികതയും നിറഞ്ഞതാണ് ‘മദര്‍ മേരി കംസ് റ്റു മീ’ എന്ന പുസ്തകത്തിലെ ഭാഷ. ‘മണ്‍സൂണ്‍ പിന്മാറിയതോടെ പര്‍വതങ്ങള്‍ക്കും സമുദ്രത്തിനുമിടയില്‍ ഒരു മരതകത്തുണ്ടുപോലെ കേരളം വെട്ടിത്തിളങ്ങി’ എന്ന ആദ്യ അധ്യായത്തിലെ രണ്ടാമത്തെ വരി മാത്രം മതി അരുന്ധതിയുടെ ഭാഷാ സൗന്ദര്യവും ദൃശ്യാത്മകതയും മനസ്സിലാക്കാന്‍. കേരളത്തിന്റെ ഭൂമിശാസ്ത്രവും സൗന്ദര്യശാസ്ത്രവും ഒറ്റ വാചകത്തില്‍ മനോഹരമായി പ്രതിപാദിച്ചിരിക്കുന്ന തുടക്കം. ഭാഷയിലുള്ള അപാരമായ കയ്യടക്കവും, സത്യസന്ധതയും, ഒട്ടുമേ ഭയമില്ലാത്ത ആഖ്യാനശൈലിയും ഈ പുസ്തകത്തെയും അവരുടെ മുന്‍കാല മാസ്റ്റര്‍പീസുകളുടെ നിരയിലേക്ക് ഉയര്‍ത്തുന്നു. എഴുത്തിന്റെ വഴിയില്‍ അവര്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധത തന്നെയാണ് ‘ഉദാത്ത രചനകളെഴുതുന്നവര് എപ്പോഴും അതു തുടരും’ എന്ന അനേകം ഉദാഹരണങ്ങളില്‍ അവരെയും പങ്കുചേര്‍ക്കുന്നത്.
ഓര്‍മ്മക്കുറിപ്പുകളുടെ തനിമ ചോരാതെ, നോവലിന്റെ അത്രയും തന്നെ ആകാംഷയോടെ വായിച്ചുതീര്‍ക്കാവുന്ന ശൈലിയാണ് പുസ്തകത്തിനുള്ളത്. ഡിസി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ നിര്‍വഹിച്ച എന്‍.ജി. നയനതാരയും അഭിനന്ദനം അര്‍ഹിക്കുന്നു. വിശ്വസാഹിത്യകാരന്മാരുടെ രചനകള്‍ പരിഭാഷപ്പെടുത്താന്‍ മികച്ച ഭാഷാ സമ്പത്തും ബുദ്ധിവൈഭവവും മാത്രം പോരാ അസാമാന്യ ധൈര്യവും ആവശ്യം തന്നെ. അരുന്ധതീ റോയിയുടെ ഇംഗ്ലീഷ് എഴുത്തുകളിലെ ആത്മീയമായ സങ്കീര്‍ണ്ണതയും തദ്ദേശീയമായ വൈകാരികതയും ചോര്‍ന്നുപോകാതെ മലയാളത്തിലേക്ക് ആവാഹിക്കാന്‍ നയനതാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

