വത്തിക്കാൻ സിറ്റി: സമാധാനത്തെക്കുറിച്ചുള്ള ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങളും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി “ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്” (Disarmed and Disarming: Peace is a Gift) എന്ന പേരിൽ പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങും. വത്തിക്കാന്റെ ഔദ്യോഗിക പ്രസാധകരായ ലിബ്രേറിയ എദിത്രീച്ചെ വത്തിക്കാന (LEV) ആണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം പ്രഖ്യാപിച്ചത്.
2025 മെയ് 8-ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സമാധാനം, അഹിംസ, നിരായുധീകരണം എന്നീ വിഷയങ്ങളിൽ ലെയോ പതിനാലാമൻ നടത്തിയ പ്രസംഗങ്ങളും സന്ദേശങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അലെസ്സാന്ദ്രോ ബാൻഫി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിൽ പരിശുദ്ധ പിതാവ് തയ്യാറാക്കിയ പ്രത്യേക ആമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതികവിദ്യയിലും ആയുധനിർമാണത്തിലും ലോകം മുന്നേറുമ്പോഴും യഥാർഥ സമാധാനം ആയുധശേഖരണത്തിലൂടെയല്ല, മറിച്ച് നിരായുധീകരണത്തിലൂടെയാണെന്ന് പാപ്പ ആമുഖത്തിൽ ഊന്നിപ്പറയുന്നു. അഹിംസയുടെ പാതയിലൂടെ ദൈവം മനുഷ്യരെ നയിക്കട്ടെയെന്നും വിശ്വാസികളും സന്മനസ്സുള്ള എല്ലാവരും സമാധാനനിർമാണത്തിന്റെ ശുശ്രൂഷകരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം സമാധാനത്തെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന മൂല്യമായി ഉയർത്തിക്കാട്ടുന്നതിനും, ആഗോളതലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സഭയുടെ സമാധാനദർശനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിടുന്നതാണെന്ന് പ്രസാധകർ അറിയിച്ചു.
