കൊല്ലം : പുനലൂർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. മത്യാസ് കാപ്പിൽ ശാന്തശീലത്വം മുഖമുദ്രയും കഠിനാധ്വാനിയും ദർശനികനുമായ മിഷനറി ആയിരുന്നു എന്ന് മോൺ. ഫെർഡിനാൻഡ് കായലിൽ പറഞ്ഞു. ബിഷപ്പ് മത്യാസ് കാപ്പിൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച ബിഷപ്പ് മത്യാസ് കപ്പിൽ അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു മോൺ. കായാവിൽ. 40 വർഷങ്ങൾക്കു മുൻപ് റോമാ നഗരിയിലെ വത്തിക്കാൻ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന മെത്രാഭിഷേകം തിരുക്കർമം ഇന്നും മനസ്സിൽ വർണ്ണാഭമായി തെളിഞ്ഞു വരുന്നു എന്നും ആ മഹനീയ ചടങ്ങിൽ ഭാഗഭാക്കായത്തിൻ്റെ ആനന്ദം പറഞ്ഞറിയിക്കാൻ വയ്യാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിതാഭമായ ജലാശയത്തിലേക്ക് അജഗണത്തെ നയിക്കാൻ അവരോടൊപ്പം സഞ്ചരിച്ച ആടുകളുടെ മണമുള്ള ഇടയനായിരുന്നു മത്യാസ് കാപ്പിൽ പിതാവ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഫാദർ ലാസർ എസ്. പട്ടകടവ് പറഞ്ഞു. ബിഷപ്പ് മത്യാസ് കാപ്പിൽ സാംസ്കാരിക സമിതി പ്രസിഡൻറ് നെൽസൺ പൊലി ക്കാർപ്പ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് മത്യാസ് കാപ്പിൽ സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി പ്രൊഫ. സ്റ്റാലിൻ കാപ്പിൽ, ട്രഷറർ ഫ്രാൻസിസ് സേവ്യർ, വൈസ് പ്രസിഡന്റ് അൽഫോൻസ് ഫിലിപ്പ്, സെക്രട്ടറി പ്രസന്ന പി. എൽ, കേരളടൈംസ് അൽഫോൺസ്, സിസ്റ്റർ സ്റ്റാനി എന്നിവർ പ്രസംഗിച്ചു.

