ധാക്ക: ബംഗ്ലാദേശിൽ, ജോയ്പുർഹാത്ത് എന്ന പുതിയ രൂപത കൂടി ലെയോ പതിനാലാമൻ പാപ്പ സ്ഥാപിച്ചു. ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ കീഴിൽ ആയിരിക്കും പുതിയ രൂപത നിലവിൽ വരുക. പുതിയ രൂപത സ്ഥാപിച്ചിരിക്കുന്നത്, രാജ്ഷാഹി രൂപതയിൽ നിന്നും ദിനാജ്പൂർ രൂപതയിൽ നിന്നും വേർപെടുത്തിയാണ്. രാജ്ഷാഹി രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ പോൾ ഗോമസിനെ, പാപ്പ പുതിയ രൂപതയുടെ ആദ്യ മെത്രാനായി നിയമിച്ചു.
ഖഞ്ചൻപൂരിലെ ഇടവക പള്ളിയെ താൽക്കാലികമായി പുതിയ രൂപതയുടെ കത്തീഡ്രൽ പള്ളിയായിയും മാറ്റിയിട്ടുണ്ട്. രൂപതയുടെ മധ്യസ്ഥരായി വിശുദ്ധ പത്രോസിനേയും പൗലോസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ രൂപതയിൽ ഇരുപതിനാലായിരത്തിലധികം കത്തോലിക്ക വിശ്വാസികളാണ് നിലവിലുളളത്. പതിനൊന്നു ഇടവകകളിലായി, എട്ട് രൂപതാവൈദികരും, ഏഴ് സന്യാസ വൈദികരും രൂപതയുടെ സേവനത്തിനായി നിയുക്തരായിട്ടുണ്ട്. ഇരുപത്തിയെട്ടു വൈദിക വിദ്യാർത്ഥികൾ പുതിയ രൂപതയ്ക്കുവേണ്ടി പരിശീലനം നേടുന്നു.
പുതിയ രൂപതയുടെ നിയുക്ത മെത്രാൻ മോൺസിഞ്ഞോർ പോൾ ഗോമസ്, ധാക്കയിലെ ബനാനി ഹോളി സ്പിരിറ്റ് മേജർ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1992 ഡിസംബർ 29നാണ് വൈദികനായി അഭിഷിക്തനായത്. മനിലയിലെ സെന്റ് തോമസ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മെത്രാഭിഷേക തീയതി പിന്നീട് പ്രഖ്യാപിക്കും. ബംഗ്ലാദേശിലെ കത്തോലിക്ക ജനസംഖ്യ ഏകദേശം 400,000 – 411,000 ഇടയിലാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.2% ആണെന്നാണ് കണക്ക്.

