പ്രഫ. ഷാജി ജോസഫ്
ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.
വൃദ്ധരെ വീട്ടുകാരില്‍ നിന്ന് മാറ്റി വിദൂരങ്ങളിലുള്ള മറ്റൊരു സ്ഥലത്തേക്ക് അഥവാ വൃദ്ധര്‍ക്ക് ഉള്ള ക്യാമ്പിലേക്ക് മാറ്റാനുള്ള സ്വേച്ഛാധിപത്യപരമായ ഭരണകൂട തീരമാനത്തിലൂടെയാണ് ചിത്രമാരംഭിക്കുന്നത്. പ്രായമായ എല്ലാവരെയും മക്കള്‍ക്ക് ഭാരമായിട്ടും അവരുടെ സാമ്പത്തിക വിജയത്തിന് തടസമായിട്ടുമാണ് അധികാരികള്‍ കണക്കാക്കുന്നത്. കോളനിയിലേക്ക് മാറ്റുന്ന ആരും പിന്നീട് പറത്തുവരുന്നില്ല എന്നത് പരസ്യമായ രഹസ്യമാണ്. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ആശയം മുന്‍നിര്‍ത്തി, സര്‍ക്കാര്‍ പ്രായമായവര്‍ക്കായി വിദൂര കോളനികള്‍ സൃഷ്ടിക്കുന്നു, അവരുടെ ജീവിതത്തിന് സുഖകരമായ ഒരു അന്ത്യം ഉറപ്പാക്കുന്നു എന്ന വ്യാജ പ്രചാരണത്തോടെ. 77 വയസ്സുള്ള തെരേസയും ലിസ്റ്റിലുണ്ട്.
യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അവള് വിധിയെ വെല്ലുവിളിക്കാന്‍ തീരുമാനിക്കുകയും അവസാനത്തെ ആഗ്രഹം നിറവേറ്റുന്നതിനായി ആമസോണിലൂടെ ഒരു യാത്ര ആരംഭിക്കുകയും ചെയ്യുന്നു. ഒരു മുതലയിറച്ചി സംസ്കരണശാലയില്‍ ജോലി ചെയ്യുന്ന കേന്ദ്ര കഥാപാത്രം ‘തെരേസ’യെ അവതരിപ്പിക്കുന്നത് ‘ഡെനിസ് വീന്‍ബര്‍ഗ്’ എന്ന 77 വയസ്സുള്ള സ്ത്രീയാണ്, ആരോഗ്യവതിയും, സ്വതന്ത്രയുമായ അവര്‍ ആമസോണിനടുത്തുള്ള ഒരു ചെറിയ പട്ടണത്തില്‍ താമസിക്കുന്നു. സാമ്പത്തിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി, ബ്രസീല്‍ സര്‍ക്കാര്‍ പ്രായമായവരോട് വിദൂരങ്ങളിലുള്ള കോളനികളിലേക്ക് മാറി താമസിക്കാന്‍ ഉത്തരവിടുന്നു, അസാധാരണമായ ഒരു നയം. അത് പ്രകാരം പ്രായമായ പൗരന്മാരെ പരസ്യമായി ആഘോഷിക്കുന്നു, അവരുടെ വീടുകളില്‍ പുരസ്കാരങ്ങളും അലങ്കാരങ്ങളും സ്ഥാപിക്കുകയും അവര്‍ സമൂഹത്തിലെ വിലപ്പെട്ട അംഗങ്ങളാണെന്ന് പരസ്യപ്പെടുത്തുന്നു. എന്നാല്‍ വാസ്തവത്തില്‍ അത് അവരെ നേരത്തെ വിരമിക്കലിന് നിര്‍ബന്ധിക്കുകയും, ഒരു നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ അകലെയുള്ള കോളനികളിലേക്ക മാറ്റുവാനും ആണ്. ഈ കോളനികളെ ഔദ്യോഗികമായി ‘ക്ഷേമത്തിനുള്ള’ സ്ഥലങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. പക്ഷെ തെരേസയ്ക്ക് ഈ ഭാവി ആവശ്യമില്ല. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി മാറി താമസിക്കാന്‍ അവള് തയ്യാറല്ല. സ്വാതന്ത്ര്യം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത അവള് അവസാനമായി ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ തീരുമാനിക്കുന്നു. ഏറ്റവും വലിയ ആഗ്രഹമായ വിമാനയാത്രയ്ക്കായി സമ്പാദിച്ച തുകയുമായി പറക്കാന്‍ പുറപ്പെട്ടെങ്കിലും പുതിയ നിയമം വിമാന യാത്രയ്ക്ക് തടസ്സമാകുന്നു.
തെരേസ തളരുന്നില്ല. പകരം, തന്റെ ആഗ്രഹം നിറവേറ്റാനുള്ള അവസരങ്ങള്‍ തേടി അനധികൃതമായി ആമസോണിലൂടെ ഒരു വിദൂര യാത്രയ്ക്ക് തയ്യാറാകുന്നു. ഒരേ സമയം മനോഹരവും വിചിത്രവുമായ തെരേസയുടെ ആമസോണിലൂടെയുള്ള യാത്ര ഒരു ‘റോഡ് ട്രിപ്പ്’ പോലെയാണ് വികസിക്കുന്നത്. പലപ്പോഴും പ്രവചനാതീതമാണ് യാത്ര. വഴിയില്‍, അപ്രതീക്ഷിതമായ രീതിയില്‍ വെല്ലുവിളിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളെ അവള് കണ്ടുമുട്ടുന്നു. പഴകിയ ബോട്ടിന്റെ ക്യാപ്റ്റന്‍, പരുക്കനായ ‘കാഡു’ (റോഡ്രിഗോ സാന്റോരോ) യാത്രയുടെ ഒരു ഘട്ടത്തില്‍ അവളുടെ കൂട്ടാളിയായി മാറുന്നു. മറ്റൊരാള്‍ ‘റോബര്‍ട്ട’ (മിറിയം സോക്കറസ്), ജീവിതത്തോടുള്ള നിറഞ്ഞ അഭിനിവേശത്തോടെ സഞ്ചരിക്കുന്ന സമാന പ്രായത്തിലുള്ള സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീ. ഈ ബന്ധങ്ങള്‍ തെരേസയെ അവളുടെ പ്രാരംഭ ലക്ഷ്യത്തിനപ്പുറം വളരാന്‍ സഹായിക്കുന്നു; അവളുടെ സാഹസികത ഒരു ലക്ഷ്യസ്ഥാനത്തെക്കുറിച്ചല്ല, തുടര്‍ ജീവിതത്തിലെ സമാധാനം, സന്തോഷം എന്നിവയെക്കുറിച്ചാണ്. ‘ദി ബ്ലൂ ട്രെയില്‍’
മാജിക്കല്‍ റിയലിസത്തിന്റെ സ്പര്ശനങ്ങളാലും നിറഞ്ഞിരിക്കുന്നു. യാത്രയുടെ ഒരു ഘട്ടത്തില്‍ തെരേസയും കാഡുവും ഒരു അപൂര്‍വ ‘നീല ഉമിനീര് ഒച്ചിനെ’ കണ്ടുമുട്ടുന്നു, അതിന്റെ സ്രവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വന്തം വിധിയുടെ ദര്‍ശനങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് വിശ്വാസം. ഈ സര്‍റിയല്‍ ഘടകങ്ങള്‍ ഒരു സ്വപ്നതുല്യമായ ഗുണം ചേര്‍ക്കുന്നു സിനിമക്ക്. സിനിമ ദൃശ്യപരമായി ശ്രദ്ധേയമാണ്. വിശാലമാവും സമൃദ്ധവുമായ ആമസോണിയന്‍ പ്രകൃതിദൃശ്യങ്ങളെ ശാന്തമായ ബോധത്തോടെ ഛായാഗ്രഹകന് ‘ഗില്ലര്‍മോ ഗാര്‍സ’ പകര്‍ത്തുന്നു. വെള്ളം ജീവിതത്തിന്റെ തന്നെ ഒരു രൂപകമായി മാറുന്നു – വളഞ്ഞുപുളഞ്ഞ, പ്രവചനാതീതമായ, ചിലപ്പോള്‍ മന്ദഗതിയിലും, മറ്റു ചിലപ്പോള്‍ ചിലപ്പോള്‍ വേഗതയിലും, പക്ഷേ എല്ലായ്പ്പോഴും മുന്നോട്ട് നീങ്ങുന്നു.
ഈ ദൃശ്യഭാഷ തെരേസയുടെ വ്യക്തിപരമായ പരിണാമത്തിന്റെ അര്‍ത്ഥത്തെ ആഴത്തിലാക്കുന്നു, ഭൂപ്രകൃതിയിലും കാലത്തിലും മുന്നോട്ട് സഞ്ചരിക്കുന്ന ഒരു ലളിതമായ റോഡ് മൂവി (ബോട്ട് മൂവി) ആക്കി മാറ്റുന്നു’ദി ബ്ലൂ ട്രെയില്‍’ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് ഭാവനാത്മകമായ പശ്ചാത്തലം കൊണ്ട് മാത്രമല്ല, അതിന്റെ വൈകാരിക അനുരണനം കൊണ്ട് കൂടിയാണ്. വാര്‍ദ്ധക്യം എന്ന സാര്‍വത്രിക അനുഭവം ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് കീഴടങ്ങലായിട്ടല്ല, മറിച്ച് ധൈര്യത്തിനും തിരഞ്ഞെടുപ്പിനും സ്വയം നിര്വചനത്തിനുമുള്ള അവസരമായിട്ടാണ്. തന്നെ ഒതുക്കാന്‍ ശ്രമിക്കുന്ന ഒരു വ്യവസ്ഥയ്ക്കെതിരായ തെരേസയുടെ പോരാട്ടം കാഴ്ചക്കാരെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മനുഷ്യ ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് സിനിമകളെ വെല്ലുവിളിക്കുന്ന ഒന്നാണിത്, സ്വപ്നങ്ങള്‍ കാലഹരണപ്പെടുന്നില്ലെന്നും ഓരോ വ്യക്തിക്കും അവരുടെ പ്രായം കണക്കിലെടുക്കാതെ പൂര്‍ണ്ണമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിച്ച ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സാമൂഹിക വിമര്‍ശനത്തിന്റെയും സൗമ്യമായ നര്‍മ്മത്തിന്റെയും പിന്‍ബലത്തോടെ മെലോഡ്രാമ ഒഴിവാക്കിയാണ് സംവിധായകന് സിനിമയെ സമീപിക്കുന്നത്. സിനിമയുടെ കാതല്‍ അതിന്റെ സ്ഥിരതയെയും സന്തോഷത്തെയും കുറിച്ചുള്ള ശുഭാപ്തിവിശ്വാസമുള്ള വീക്ഷണത്തിലാണെന്ന് പറയാം. തെരേസയായി വേഷമിട്ട നടി ഡെനൈസ് വെയ്ന്‍ബെര്‍ഗിന്റെ പ്രകടനം മികച്ചതാണ്. 75-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തില്‍ പ്രീമിയര്‍ ചെയ്ത ചിത്രം സില്‍വര്‍ ബെയര്‍ ഗ്രാന്‍ഡ് ജൂറി സമ്മാനം നേടി. ഐഎഫ്എഫ്ഐ 2025ലെ ഉദ്ഘടന ചിത്രമായിരുന്ന ‘ദി ബ്ലൂ ട്രെയ്ല്’, ഐഎഫ്എഫ്ഐ 2025 ല്‍ പ്രദര്‍ശിപ്പിച്ച പ്രധാന ചിത്രങ്ങളിലൊന്നാണ്.
