കൊൽക്കത്ത : കിഴക്കൻ ഇന്ത്യയിലെ 22 ദശലക്ഷം നിവാസികളുള്ള, കൊൽക്കത്തയിലെ നഗരത്തിൽ, ഏറ്റവും ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറു വർഷങ്ങൾ പൂർത്തിയാവുകയാണ്. ശതാബ്ദിയാഘോഷത്തിൽ പങ്കുചേരുവാൻ, സഭയുടെ റെക്ടർ മേജർ പാദ്രെ ഫാബിയോ അറ്റാർഡ്, ഫെബ്രുവരി അഞ്ചാം തീയതി ഇന്ത്യയിൽ എത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ, ഫീദെസ് വാർത്താ ഏജൻസിയാണ് പങ്കുവച്ചത്.
ഇന്ത്യയിൽ ഏറെ സേവനം ചെയ്യുന്ന സലേഷ്യൻ സഭയ്ക്ക് ഇപ്പോൾ, 11 പ്രവിശ്യകളും, 420 ഡോൺ ബോസ്കോ ടെക്നിക്കൽ കേന്ദ്രങ്ങളും, യുവാക്കൾക്കുള്ള 174 അഭയ കേന്ദ്രങ്ങളും, 34 കുടിയേറ്റ പിന്തുണാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ ഷില്ലോങ്ങിലാണ് സലേഷ്യൻ സഭ ആദ്യമായി എത്തിയത്. യുവാക്കളെ വിവിധങ്ങളായ തൊഴിലുകൾ പഠിപ്പിച്ചുകൊണ്ട് സലേഷ്യൻ മിഷനറിമാർ നിഷ്ക്രിയരായ യുവാക്കളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റി.
തുടർന്ന്, സലേഷ്യൻ പ്രവിശ്യാ ഭരണകൂടം കൽക്കട്ടയിലേക്ക് മാറ്റിസ്ഥാപിക്കുകയും, തുടർന്ന്. മറ്റു പതിനൊന്നു പ്രവിശ്യകൾക്ക് രൂപം നൽകുകയും ചെയ്തു. കൊൽക്കത്തയിലെ സലേഷ്യൻ പ്രവിശ്യ, ബീഹാർ, സിക്കിം, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലായിട്ടാണ് വ്യാപിച്ചു കിടക്കുന്നത്.
