കൊച്ചി: ഇടക്കൊച്ചി, പള്ളൂരുത്തി, പെരുമ്പടപ്പ് മേഖലകളുടെ സമഗ്ര വികസനത്തിനായി പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണമെന്ന് കെ.എൽ.സി.എ. കൊച്ചി രൂപത സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡല പുനർനിർണയത്തിൽ പള്ളൂരുത്തി നിയോജകമണ്ഡലം വിഭജിച്ചതോടെ പ്രദേശത്തിന്റെ വികസന താൽപര്യങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് സംഘടന അഭിപ്രായപ്പെട്ടു.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി, ചെല്ലാനം എന്നിവ ചേർത്ത് കൊച്ചി നിയോജകമണ്ഡലവും ഇടക്കൊച്ചി, പെരുമ്പടപ്പ്, പള്ളൂരുത്തി പ്രദേശങ്ങളെ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിന്റെ ഭാഗമാക്കിയതുമാണ് നിലവിലെ സ്ഥിതി. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും തൃപ്പൂണിത്തുറയിൽ നിന്ന് വ്യത്യസ്ത സ്വഭാവമുള്ള ഇടക്കൊച്ചി മേഖലയ്ക്ക് ആവശ്യമായ വികസന ശ്രദ്ധ ലഭിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇടക്കൊച്ചി, കുമ്പളങ്ങി, ഐലൻഡ്, തേവര, കൊന്തിരുത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.കെ.എൽ.സി.എ. കൊച്ചി രൂപത സംഘടിപ്പിച്ച സമ്മേളനത്തിൽ തൃപ്പൂണിത്തുറ എം.എൽ.എ. ദീപക് ജോയിക്ക് സ്വീകരണം നൽകി. കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. കൊച്ചി രൂപത പ്രസിഡന്റ് ടി. എ. ഡാൽഫിൻ അധ്യക്ഷത വഹിച്ചു.കെ.എൽ.സി.എ. സംഘടിപ്പിച്ച വികസന ചർച്ചകളിൽ നിന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ “എന്റെ നാട്” വികസന സമീപന കരട് രേഖ ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ എം.എൽ.എ. ദീപക് ജോയിക്ക് കൈമാറി പ്രകാശനം ചെയ്തു.
കെ.എൽ.സി.എ. കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി ആലുങ്കൽ, ഫാ. സിബിച്ചൻ ചെറുതീയിൽ, കൗൺസിലർമാരായ ലിസിത പീറ്റർ, ജോസഫ് സുമിത്, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപറമ്പിൽ, രൂപത ഭാരവാഹികളായ ജോബ് പുളിക്കൽ, ബാബു കാളിപ്പറമ്പിൽ, സോണി പവേലിൽ, ജോഷി മുരിക്കുതറ, ലിനു തോമസ്, ഹെൻസൻ പോത്തംപ്പള്ളി, വർഗീസ്, ജോൺസൻ തട്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.

