ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ (FCRA) എഫ്സിആർഎ ഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. അവതരിപ്പിക്കാൻ സാധ്യതയുള്ള ബില്ലുകളുടെ പട്ടികയിൽ ലോക്സഭാ സെക്രട്ടറിയേറ്റ് എഫ്സിആർഎ ഭേദഗതി ബില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025, ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള നിയമഭേദഗതി ബിൽ എന്നിവയും പട്ടികയിലുണ്ട്. ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബിൽ നിയമമായാൽ ‘വന്ദേ മാതരം’ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടും.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് എഫ്സിആർഎ ഭേദഗതി ബിൽ നേരത്തെ അവതരിപ്പിക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീളും. ആകെ 19 പ്രവർത്തി ദിനങ്ങളാണ് സമ്മേളനത്തിൽ ഉള്ളത്.
അതേസമയം, ജയിൽശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചർച്ചയ്ക്ക് വന്നേക്കുമെന്നാണ് സൂചന. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (JPC) റിപ്പോർട്ട് ഈ മാസം 17-ന് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

