റോം: ഗുവാഹത്തി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള (Coadjutor Archbishop) മെത്രാപ്പോലീത്തയായി ദിബ്രുഗഢ് രൂപതാധ്യക്ഷൻ ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. നിലവിലെ മെത്രാപ്പോലീത്തയുടെ വിരമിക്കലിനോ സ്ഥാനമൊഴിയലിനോ ശേഷം അതിരൂപതയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള അവകാശത്തോടെയാണ് ഈ നിയമനം.
നിലവിൽ ദിബ്രുഗഢ് രൂപതയുടെ മെത്രാനായി സേവനം ചെയ്യുന്ന ബിഷപ്പ് ഹെംറോം 2018 ഡിസംബർ 2-നാണ് ഫ്രാൻസിസ് പാപ്പയുടെ നിയമനപ്രകാരം സഹായമെത്രാനായത്. 2019 ഫെബ്രുവരി 24-ന് മെത്രാഭിഷേകം സ്വീകരിച്ച അദ്ദേഹം, 2021 ഫെബ്രുവരി 15 മുതൽ ദിബ്രുഗഢ് രൂപതയുടെ അധ്യക്ഷനായി പ്രവർത്തിച്ചുവരികയാണ്.1969 ഫെബ്രുവരി 27-ന് ആസാമിലെ കോനാപത്തറിൽ ജനിച്ച ആൽബർട്ട് ഹെംറോം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദികപരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു.
ഷില്ലോങ്ങിലെ ക്രൈസ്റ്റ് കോളേജിൽ തത്വശാസ്ത്രവും ഓറിയൻസ് ദൈവശാസ്ത്ര കോളേജിൽ ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം, 1999 ഏപ്രിൽ 25-ന് വൈദികനായി അഭിഷിക്തനായി.ബംഗളുരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കാനോനിക നിയമത്തിൽ ലൈസൻഷ്യേറ്റും റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. രൂപതയുടെ ജുഡീഷ്യൽ വികാരി, സെന്റ് ജോസഫ് മൈനർ സെമിനാരിയുടെ റെക്ടർ, ഓറിയൻസ് ദൈവശാസ്ത്ര കോളേജിലെ അധ്യാപകൻ തുടങ്ങിയ വിവിധ ഉത്തരവാദിത്വങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ആസാമിലെ പ്രധാന കത്തോലിക്കാ കേന്ദ്രങ്ങളിലൊന്നായ ഗുവാഹത്തി അതിരൂപത ഏകദേശം 13,961 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. 63,000-ത്തിലധികം കത്തോലിക്ക വിശ്വാസികൾ ഈ അതിരൂപതയുടെ ആത്മീയ ശുശ്രൂഷയുടെ ഭാഗമാണ്. ബിഷപ്പ് ആൽബർട്ട് ഹെംറോമിന്റെ നിയമനം വടക്കുകിഴക്കൻ ഇന്ത്യയിലെ സഭയുടെ ശുശ്രൂഷയ്ക്കും നേതൃത്വത്തിനും പുതിയ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.

