ന്യൂജേഴ്സി: ലോകകപ്പ് ഫൈനലില്‍ സ്പെയിനിന് കിരീടം സമ്മാനിച്ച വിജയഗോള്‍ നേടിയതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. മത്സരശേഷം നടത്തിയ പ്രതികരണത്തില്‍, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്നെ താങ്ങിനിര്‍ത്തിയത് തന്റെ കത്തോലിക്ക വിശ്വാസമാണെന്നും ദൈവവിശ്വാസമാണ് വിജയത്തിലേക്കുള്ള കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനിടെ പ്രകടനത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും വിശ്വാസം കൈവിടാതെയാണ് മുന്നോട്ട് പോയതെന്ന് ടോറസ് വ്യക്തമാക്കി. “ജീവിതത്തില്‍ എന്ത് സംഭവിച്ചാലും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അവസാനം അവിടുന്ന് ഏറ്റവും ഉചിതമായ സമയത്ത് അനുഗ്രഹം നല്‍കും,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഫൈനലിന് മുമ്പും തന്റെ വിശ്വാസത്തെക്കുറിച്ച് ടോറസ് തുറന്നു പറഞ്ഞിരുന്നു. എപ്പോഴും തന്റെ കൈവശം ഒരു കുരിശും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവും സൂക്ഷിക്കാറുണ്ടെന്നും അവ പ്രാര്‍ത്ഥനയുടെയും പ്രത്യാശയുടെയും ഓര്‍മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിശ്വാസം തന്റെ വ്യക്തിജീവിതത്തിലും കായികജീവിതത്തിലും നിര്‍ണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികസമയത്ത് നേടിയ ഏക ഗോളിലൂടെയാണ് ടോറസ് സ്പെയിനിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത്. വിജയത്തിന് പിന്നാലെ നടത്തിയ വിശ്വാസസാക്ഷ്യവും ദൈവത്തോടുള്ള നന്ദിപ്രകടനവും ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ ശ്രദ്ധ നേടുകയാണ്.

