കീവ്: റഷ്യൻ സായുധസേനയുടെ ആക്രമണത്തിൽ ഉക്രൈനിലെ ബീലോഹൊറോദ്ക (Bilohorodka) പ്രദേശത്തുള്ള യൂണിസെഫിന്റെ മാനവിക സഹായഗോഡൗൺ തകർന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (UNICEF) അറിയിച്ചു. യുദ്ധബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അവശ്യസഹായ സാമഗ്രികളാണ് ആക്രമണത്തിൽ നശിച്ചതെന്ന് സംഘടന വ്യക്തമാക്കി.
ജൂലൈ 20-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഏകദേശം 40 ലക്ഷം ഡോളർ മൂല്യമുള്ള സഹായവസ്തുക്കൾ ഗോഡൗണിൽ ഉണ്ടായിരുന്നുവെന്ന് യൂണിസെഫ് അറിയിച്ചു. ജനറേറ്ററുകൾ, കുടിവെള്ള വിതരണം ഉറപ്പാക്കാനുള്ള ഉപകരണങ്ങൾ, ശുചിത്വ കിറ്റുകൾ, ജലസംഭരണ ടാങ്കുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 1.6 ലക്ഷം സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തെ നേരിടാൻ ആവശ്യമായ സാമഗ്രികളും ഇതിൽ ഉൾപ്പെട്ടിരുന്നതായി സംഘടന അറിയിച്ചു.
യുദ്ധം ആരംഭിച്ച 2022 മുതൽ കുട്ടികൾ നേരിടുന്ന ദുരിതം രൂക്ഷമാകുകയാണെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടി. ജൂൺ മാസത്തിൽ മാത്രം ഏഴ് കുട്ടികൾ കൊല്ലപ്പെടുകയും 116 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 50 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
മാനവിക സഹായസാമഗ്രികൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾക്കും സഹായപ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾ യുദ്ധബാധിതരായ കുട്ടികളിലേക്ക് ജീവൻരക്ഷാ സഹായങ്ങൾ എത്തിക്കുന്നത് ഗുരുതരമായി തടസ്സപ്പെടുത്തുന്നുവെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഉക്രൈനിലെ കുട്ടികൾക്ക് അത്യാവശ്യം വേണ്ടത് ദീർഘകാല സമാധാനമാണെന്നും സംഘടന അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.

