കൊച്ചി: വൈപ്പിൻ–ഫോർട്ട് കൊച്ചി റോ റോ സർവീസ് കാര്യക്ഷമമാക്കുന്നതിനായി സർവീസ് നടത്തുന്ന കെ.എസ്.ഐ.എൻ.സിയിൽ (കെ എസ് ഐ എൻ സി ) നിന്ന് കൊച്ചി കോർപ്പറേഷൻ നേരിട്ട് ഏറ്റെടുക്കണമെന്നും മൂന്നാമതൊരു വെസൽ കൂടി സർവീസിനായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.എൽ.സി.എ.
ഓച്ചന്തുരുത്ത് യൂണിറ്റ് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾക്ക് നിവേദനം നൽകി. നിലവിൽ കെ.എസ്.ഐ.എൻ.സി. നടത്തുന്ന സർവീസ് കാര്യക്ഷമമല്ലെന്നും അതിനാൽ കോർപ്പറേഷൻ നേരിട്ട് സർവീസ് നടത്തുകയോ കാര്യക്ഷമമായ മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എന്നാൽ സർവീസ് ഒരുകാരണവശാലും സ്വകാര്യ വ്യക്തികൾക്ക് കൈമാറരുതെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും റോ റോ വെസലുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി സർവീസ് മുടക്കമില്ലാതെ നടത്തണമെന്നും ആവശ്യപ്പെട്ടു.
കെ.എസ്.ഐ.എൻ.സിക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപ വീതം കൊച്ചി കോർപ്പറേഷൻ നൽകുന്നുണ്ടെന്നും വെസലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും കോർപ്പറേഷനാണെന്നും മേയർ പറഞ്ഞു. ഇനിയും നഷ്ടം സഹിച്ച് മുന്നോട്ടുപോകാൻ കോർപ്പറേഷന് കഴിയില്ല. റോ റോ സർവീസ് കൊച്ചി മെട്രോയെ ഏൽപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. മെട്രോയ്ക്ക് പുതിയ മാനേജിങ് ഡയറക്ടർ ചുമതലയേറ്റശേഷം ചർച്ചകൾ പൂർത്തിയാക്കി സർവീസ് കൈമാറുമെന്ന് മേയർ ഉറപ്പുനൽകി.വലനിർമാണശാലകളിൽനിന്ന് പുറന്തള്ളുന്ന വലക്കഷ്ണങ്ങൾ വെസലുകളുടെ പ്രൊപ്പല്ലറിൽ കുടുങ്ങുന്നതാണ് പലപ്പോഴും സർവീസ് തടസ്സപ്പെടാൻ കാരണമെന്നും മേയർ ചൂണ്ടിക്കാട്ടി.
കെ.എൽ.സി.എ. അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ, മേഖല പ്രസിഡന്റ് ബെന്നറ്റ് കുറുപ്പശ്ശേരി, ഓച്ചന്തുരുത്ത് യൂണിറ്റ് സെക്രട്ടറി സാബു വാര്യത്ത്, അതിരൂപത കൗൺസിൽ അംഗം ആന്റണി സജി, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡെൽസി ആന്റണി, ജോയിന്റ് സെക്രട്ടറി ഷൈനി ഡെന്നീസ്, ഷിജു വാര്യത്ത്, ടി.വി. വിനു, ഡെന്നീസ് കളരിക്കൽ, ജോണി തോമസ് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.നിവേദനം തയ്യാറാക്കുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾക്കും ഡിക്സൻ മുക്കത്ത്, ബാബു അട്ടിപ്പേറ്റി, ലൈജു കളരിക്കൽ, ജിബി കളരിക്കൽ, ജോഷി വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി.

