റാസൽഖൈമ: ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ യുവജനങ്ങളെ ഒന്നിപ്പിച്ച പ്രഥമ കാരിസ് ഏഷ്യ യുവജന സമ്മേളനം റാസൽഖൈമയിലെ സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയത്തിൽ നടന്നു. നവംബർ 15ന് സമ്മേളനം സമാപിച്ചു.
‘മൂവ് ദ മൗണ്ടൻസ്’ എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യപ്രമേയം. ‘നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട് ഇവിടെനിന്ന് മാറി മറ്റൊരു സ്ഥലത്തേക്ക് പോകുക എന്നു പറഞ്ഞാൽ അതു മാറിപ്പോകും. നിങ്ങൾക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല’ (മത്തായി 17:20-21) എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, തായ്വാൻ, കുവൈറ്റ്, പാകിസ്ഥാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
വിശ്വാസം, മാനസികാരോഗ്യം, ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശിൽപശാലകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.2027-ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കാനിരിക്കുന്ന ലോക യുവജന സമ്മേളനത്തിന് മുന്നോടിയായി ‘മിനി വേൾഡ് യൂത്ത് ഡേ’ ആഘോഷങ്ങളും സമ്മേളനത്തിന്റെ സമാപനദിനമായ നവംബർ 15ന് നടന്നു.

