പുനലൂർ: പുനലൂർ രൂപതയിലെ ശൂരനാട് ഫെറോനയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ അംഗങ്ങൾക്കായി പരിശീലനവും വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. വിദ്യാഭ്യാസ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ, തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായിരുന്നു പരിപാടി.ശൂരനാട് ഇടവകാംഗങ്ങൾ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഇടവക വിദ്യാഭ്യാസ മിനിസ്ട്രി കോർഡിനേറ്റർ പിയൂസ് തോമസ് സ്വാഗതം ആശംസിച്ചു.
ഇടവക വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വാസ് ഉദ്ഘാടനം നിർവഹിച്ചു. ആത്മീയവും അക്കാദമികവുമായ വളർച്ചയിലൂടെ മാത്രമേ മൂല്യാധിഷ്ഠിത തലമുറയെ വാർത്തെടുക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.’വിദ്യാഭ്യാസ മിനിസ്ട്രി അംഗങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ രൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോർഡിനേറ്റർ മോൺ. ഡോ. ക്രിസ്റ്റി ജോസഫ് ക്ലാസ് നയിച്ചു. കുട്ടികളുടെ പഠനത്തിലും വ്യക്തിത്വവികസനത്തിലും മിനിസ്ട്രി അംഗങ്ങൾക്കും കോർഡിനേറ്റർമാർക്കുമുള്ള ഉത്തരവാദിത്വങ്ങൾ അദ്ദേഹം വിശദീകരിച്ചു.റിട്ട. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ജോൺസൺ ഏലിയാസ് ‘കരിയർ ഗൈഡൻസ്’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. പുതിയ തൊഴിൽസാധ്യതകൾ, ഉന്നതവിദ്യാഭ്യാസ മാർഗങ്ങൾ, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക നിർദേശങ്ങൾ നൽകി.ശൂരനാട് മരിയൻ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ മേരി പോൾ, ജെയിംസ് എന്നിവർ ആശംസകൾ നേർന്നു. ശൂരനാട്, പാറക്കൂട്ടം, നെല്ലിമുകൾ, വെള്ളച്ചിറ ഇടവകകളിൽനിന്നായി നൂറിലധികം പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇടവക അജപാലന സമിതി സെക്രട്ടറി ഹെർബർട്ട് ജോസഫ് നന്ദി പറഞ്ഞു.

