കുട്ടിക്കാനം: സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പൊതുസംഘടനയായ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെ.എൽ.സി.എ.) പ്രവർത്തന മേഖല കൂടുതൽ വിപുലീകരിക്കണമെന്ന് ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ.
കുട്ടിക്കാനം തേജസ് ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച കെ.എൽ.സി.എ. സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തീരമേഖലയിലും മലയോര മേഖലയിലും സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന സംഘടനയെന്ന നിലയിൽ കെ.എൽ.സി.എ.യുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ് മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. അല്മായ കമ്മീഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസിയെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എബി കുന്നേപ്പറമ്പിൽ, അലക്സ് താളുപാടത്ത്, ഫാ. ജോസ് കാടൻതുരുത്ത്, വിൻസി ബൈജു, കോൺക്ലിൻ ജിമ്മി, ജയൻ കുന്നേൽ, പൂവം ബേബി, ക്രിസ്റ്റഫർ എസ്., ബേബി ജി. ഭാഗ്യോദയം, വിൻസ് പെരിഞ്ചേരി, ഫൗസ്റ്റിൻ ജോസഫ്, ഫാ. മനോജ് ബീട്, വിൻസെന്റ് വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന നേതൃപരിശീലന ക്യാമ്പിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പങ്കെടുക്കുന്നുണ്ട്.

