വത്തിക്കാൻ സിറ്റി: അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ലോകമെമ്പാടുമുള്ള കത്തോലിക്കാ വൈദികരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. മുൻവർഷത്തേക്കാൾ 425 വൈദികർ വർധിച്ചതോടെ ആഗോളതലത്തിലെ ആകെ വൈദികരുടെ എണ്ണം 4,07,421 ആയി.
മിഷൻ ഞായറിനോടനുബന്ധിച്ച് വത്തിക്കാൻ വാർത്താ ഏജൻസിയായ ഫിഡെസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2024 ഡിസംബർ 31 വരെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയിലാണ് വൈദികരുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധനയുണ്ടായത്; 1,676 പേർ. ഏഷ്യയിൽ 1,065 വൈദികരുടെ വർധന രേഖപ്പെടുത്തി. അമേരിക്കൻ വൻകരകളിൽ 199 വൈദികർ വർധിച്ചപ്പോൾ യൂറോപ്പിൽ 2,483 പേരുടെ കുറവുണ്ടായി. ആഗോള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിലും വളർച്ച തുടരുകയാണ്. 2024 ജൂൺ 30-ലെ കണക്കുപ്രകാരം ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ എണ്ണം 142.2 കോടിയായി ഉയർന്നു. മുൻ കണക്കുകളെ അപേക്ഷിച്ച് 1.66 കോടി പേരുടെ വർധനയാണിത്. ലോകജനസംഖ്യയുടെ 17.8 ശതമാനമാണ് കത്തോലിക്കർ. വിശ്വാസികളുടെ എണ്ണത്തിലെ വളർച്ചയിലും ആഫ്രിക്കയാണ് മുന്നിൽ. ഇവിടെ 75.8 ലക്ഷം പേരുടെ വർധന രേഖപ്പെടുത്തി. അമേരിക്കൻ വൻകരകളിൽ ഏകദേശം 70 ലക്ഷം പേരും ഏഷ്യയിൽ 9.68 ലക്ഷം പേരും യൂറോപ്പിൽ 9.11 ലക്ഷം പേരും ഓഷ്യാനിയയിൽ 2.39 ലക്ഷം പേരും അധികമായി കത്തോലിക്കാ വിശ്വാസികളുടെ പട്ടികയിൽ ഉൾപ്പെട്ടു.
വിദ്യാഭ്യാസ-കാരുണ്യ മേഖലകളിലെ സഭയുടെ പ്രവർത്തനങ്ങളുടെ കണക്കുകളും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള 75,448 കിന്റർഗാർട്ടനുകളിലായി 74 ലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്നു. സഭയുടെ നേതൃത്വത്തിലുള്ള 1,03,666 പ്രൈമറി സ്കൂളുകളിൽ 3.63 കോടിയിലധികം വിദ്യാർഥികളും 51,810 സെക്കൻഡറി സ്കൂളുകളിൽ 2.03 കോടിയിലധികം വിദ്യാർഥികളും വിദ്യാഭ്യാസം നേടുന്നു.
സഭയുടെ മേൽനോട്ടത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകദേശം 27 ലക്ഷം വിദ്യാർഥികൾ പഠിക്കുമ്പോൾ, സഭയുമായി അഫിലിയേറ്റ് ചെയ്ത സർവകലാശാലകളിൽ 40 ലക്ഷത്തിലധികം വിദ്യാർഥികളുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഈ കണക്കുകൾ ആഗോളതലത്തിൽ സഭയുടെ സാമൂഹിക ഇടപെടലുകളുടെ വ്യാപ്തി വ്യക്തമാക്കുന്നു.

