നെയ്യാറ്റിൻകര: കേരള ലേബർ മൂവ്മെന്റിന്റെ (കെ.എൽ.എം.) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും (നിഡ്സ്) കെ.എൽ.എം. നെയ്യാറ്റിൻകര രൂപതയും സംയുക്തമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 17-ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന പരിപാടിയിൽ 89 പേർ പങ്കെടുത്തു.
കെ.എൽ.എം. നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം രൂപത വികാരി ജനറലും നിഡ്സ് പ്രസിഡന്റുമായ മോൺ ഡോ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ആമുഖസന്ദേശം നൽകി. കെ.എൽ.എം. ആനിമേറ്റർ ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് മുഖ്യസന്ദേശം നൽകി.തുടർന്ന് നടന്ന പഠനശിബിരത്തിൽ ഫാ. അരുൺ വലിയതാഴത്ത് ‘കെ.എൽ.എം. എന്ത്? എന്തിന്?’ എന്ന വിഷയത്തിലും സംസ്ഥാന സമിതി ഖജാൻജി തോമസ് മാത്യു ‘കെ.എൽ.എം. തൊഴിലാളി ഫോറങ്ങൾ, ക്ഷേമനിധികൾ’ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. കെ.എൽ.എം. റിസോഴ്സ് ടീം അംഗം വർഗീസ് ബാസ്റ്റിൻ ‘കെ.എൽ.എം. രൂപതയിൽ എങ്ങനെ ശക്തിപ്പെടുത്താം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.നിഡ്സ് പ്രോജക്ട് ഓഫീസർ മൈക്കിൾ, കെ.എൽ.എം. രൂപത പ്രസിഡന്റ് ദേവരാജൻ, രൂപത വൈസ് പ്രസിഡന്റ് ലത, നിഡ്സ് നഴ്സറി കോ-ഓർഡിനേറ്റർ ലളിത എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമിതിയിൽനിന്ന് ലഭിച്ച അഞ്ച് അറബാനകൾ സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് വിവിധ കെ.എൽ.എം. യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വിതരണം ചെയ്തു. കെ.എൽ.എം. യൂണിറ്റ് പ്രതിനിധികളും ഓഫീസ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

