വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഗോള സംഗമമായ ‘ഗോ കോൺഫറൻസ് 2026’ ഒക്ടോബർ 20ന് റോമിൽ ആരംഭിച്ചു. 41 രാജ്യങ്ങളിൽനിന്നായി 15 മെത്രാന്മാർ, 63 വൈദികർ, 12 കന്യാസ്ത്രീകൾ, ആയിരത്തിലധികം അൽമായർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
കൂട്ടായ്മ, ദൗത്യം, പങ്കാളിത്തം, പ്രേഷിതത്വം എന്നീ പ്രമേയങ്ങൾ കേന്ദ്രീകരിച്ചാണ് അഞ്ചുദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്. പ്രതിനിധി സമ്മേളനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.‘ഒരുമിച്ച് വളരുക’, ‘അതിരുകളില്ലാത്ത സ്നേഹം’, ‘സിനഡൽ പ്രസ്ഥാനമായി ഒന്നിച്ചു സഞ്ചരിക്കുക’, ‘ഭൂമിയുടെ അതിർത്തികളോളം പോകുക’ തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങളും ചർച്ചകളും നടന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള കത്തോലിക്കാ കൂട്ടായ്മകളുടെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു.
ഒക്ടോബർ 25ന് കണ്ണൂർ രൂപതാധ്യക്ഷനും ജീസസ് യൂത്തിന്റെ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറുമായ ഡോ. അലക്സ് ജോസഫ് വടക്കുതല അർപ്പിച്ച വിശുദ്ധ കുർബാനയോടെ സമ്മേളനം സമാപിക്കും.

