ഛത്തീസ്ഗഢ്: ക്രൈസ്തവ മതം സ്വീകരിച്ചതിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് ഛത്തീസ്ഗഢിൽ ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. ഈശോസഭാംഗമായ ഡീക്കൻ ബെസിൽ ഹദ്ദേയുടെ പൗരോഹിത്യ സ്വീകരണച്ചടങ്ങാണ് അധികൃതർ തടഞ്ഞത്. ബൽറാംപൂർ ജില്ലയിലുള്ള ധർവാർ ഇടവകയിൽ ഒക്ടോബർ 14ന് നടത്താനിരുന്ന ചടങ്ങ് പൊലീസിന്റെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി മാറ്റിവയ്ക്കാൻ സഭാധികാരികൾ നിർബന്ധിതരായത്.
മേവലയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവിഭാഗത്തിൽനിന്ന് കത്തോലിക്കാ സഭയിലെ പൗരോഹിത്യത്തിലേക്ക് കടന്നുവരുന്ന ആദ്യ വ്യക്തിയാണ് ഡീക്കൻ ബെസിൽ ഹദ്ദേ. പൗരോഹിത്യ സ്വീകരണച്ചടങ്ങ് തടഞ്ഞ നടപടി ക്രൈസ്തവ സമൂഹത്തിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
ഡീക്കന്റെ ക്രിസ്തീയ ഐഡന്റിറ്റി തെളിയിക്കുന്ന മാമ്മോദീസ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥർ അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. അധികാരികളുടെ മുൻകൂർ അനുമതിയോടെയാണോ മതപരിവർത്തനം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ വേണമെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. ക്രൈസ്തവരിൽ കർശനമായ മതപരിവർത്തന നിരോധന നിയമം വരുത്തുന്നതിന് ഏറെ മുമ്പ്, 1995ൽ തന്റെ കുട്ടിക്കാലത്ത് മതാപിതാക്കളോടൊപ്പം ക്രിസ്തുമതം സ്വീകരിച്ചതാണെന്നും അന്ന് അതിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലായിരുന്നു വെന്നും ഡീക്കൻ ഹദ്ദേ ചൂണ്ടിക്കാട്ടിയെങ്കിലും ഉദ്യോഗസ്ഥർ കേൾക്കാൻ തയാറായില്ല.ഭരണകൂടത്തിന്റെ നടപടിയിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചു.

