ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കാനുള്ള കേരള (പേരുമാറ്റൽ) ബിൽ 2026 ചർച്ചയില്ലാതെ ലോക്സഭ പാസാക്കി. തിങ്കളാഴ്ച അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പരിഗണിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ വീണ്ടും പരിഗണിച്ച ബിൽ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
ഒന്നിലധികം വിഷയങ്ങളിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ചർച്ചയ്ക്കുള്ള അന്തരീക്ഷമുണ്ടായിരുന്നില്ല.ചർച്ചയിൽ പങ്കെടുക്കാതിരുന്ന കേരള എംപിമാരെ സ്പീക്കർ ചെയറിലുണ്ടായിരുന്ന കൃഷ്ണ പ്രസാദ് ടെന്നറ്റി വിമർശിച്ചു. ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യും പ്രതിപക്ഷ ബഹളത്തെ തുടർന്ന് രൂക്ഷമായി വിമർശിച്ചു. കേരളത്തെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട ബിൽ പരിഗണിക്കുമ്പോൾ കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കുന്നത് നിരാശയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ മറ്റു വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടിരുന്ന കൊണ്ടിരുന്ന കേരള എംപിമാർ ബിൽ പാസാക്കുന്നതിന് പിന്തുണ നൽകി. അവസാനം ബില്ലിൽ ഫലപ്രദമായ ചർച്ച നടത്താൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി കെ.സി. വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. ബിൽ രാജ്യസഭ ഇനി പരിഗണിക്കും.

