ജോർദാൻ : യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വർഷം പൂർത്തിയാകുന്ന 2030-ൽ ചരിത്രപ്രാധാന്യമുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ജോർദാൻ സർക്കാർ ഒരുങ്ങുന്നു. യേശുവിന്റെ ജ്ഞാനസ്നാനം നടന്നതായി പാരമ്പര്യമായി വിശ്വസിക്കപ്പെടുന്ന അൽ-മഗ്താസ് പ്രദേശത്തെ കേന്ദ്രീകരിച്ചായിരിക്കും ആഘോഷ പരിപാടികൾ.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ദേശീയ സമിതിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ അധ്യക്ഷതയിൽ ചേർന്നു. ക്രൈസ്തവ സഭാനേതാക്കളുടെ കൗൺസിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പരിഗണിച്ച യോഗം, രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ തീർത്ഥാടകരെ ജോർദാനിലേക്ക് ആകർഷിക്കുന്നതിനൊപ്പം സമാധാനം, സ്നേഹം, സഹവർത്തിത്വം എന്നിവയുടെ സന്ദേശം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അൽ-മഗ്താസ് പ്രദേശത്ത് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. തീർത്ഥാടന ഗ്രാമം, യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം, പരിസ്ഥിതി സൗഹൃദ ഹരിത ഇടനാഴികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും ഏകോപനം ശക്തമാക്കാനും ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. 2030ലെ ആഘോഷങ്ങളിലൂടെ അൽ-മഗ്താസിനെ ആഗോള ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായി കൂടുതൽ ഉയർത്തിക്കാട്ടാനാണ് ജോർദാൻ ലക്ഷ്യമിടുന്നത്.

