കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നൽകുന്ന നഷ്ടപരിഹാരത്തുക ഗണ്യമായി വർധിപ്പിക്കണമെന്ന് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ആവശ്യപ്പെട്ടു.
കടലിൽ രൂപപ്പെടുന്ന ന്യൂനമർദം, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയർന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകളെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകാറുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കുന്നതിനായി ഇത്തരം മുന്നറിയിപ്പുകൾ അനിവാര്യമാണെങ്കിലും, അതുമൂലം നഷ്ടപ്പെടുന്ന ഉപജീവനത്തിന് മതിയായ നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരിന്റെ ഭരണഘടനാപരവും ധാർമികവുമായ ഉത്തരവാദിത്വമാണെന്ന് ‘കടൽ’ ചൂണ്ടിക്കാട്ടി.കടലിൽ പോകാൻ കഴിയാത്ത ഓരോ ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രധാന ഉപജീവനമാർഗമാണ് നഷ്ടപ്പെടുന്നത്.
നിലവിൽ അനുവദിക്കുന്ന നഷ്ടപരിഹാരത്തുക പരിമിതമായതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മത്സ്യബന്ധന നിരോധന കാലയളവിൽ നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തവും കാര്യക്ഷമവുമായ രക്ഷാപ്രവർത്തന സംവിധാനം ഒരുക്കണമെന്നും ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജൂഡും ഡയറക്ടർ ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കലും ആവശ്യപ്പെട്ടു.

