വത്തിക്കാൻ സിറ്റി : ദൈവിക കൂട്ടായ്മയുടെ പ്രതിഫലനമായി സാമൂഹിക ജീവിതം മാറണമെന്നും മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന സമൂഹനിർമാണത്തിന് സഭയുടെ സാമൂഹിക പ്രബോധനങ്ങൾ അടിത്തറയാകണമെന്നും ലെയോ പതിനാലാമൻ പാപ്പാ. പാപ്പായുടെ ‘മഞ്ഞീഫിക്ക ഉമാനിത്താസ്’ (Magnifica Humanitas) എന്ന ചാക്രികലേഖനത്തിലെ രണ്ടാം അധ്യായത്തിലാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിസ്ഥാന തത്വങ്ങളും അവയുടെ സമകാലിക പ്രസക്തിയും വിശദീകരിക്കുന്നത്.
ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യവ്യക്തിയുടെയും അനന്തമായ അന്തസ്സാണ് സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ കേന്ദ്രമെന്ന് പാപ്പാ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ അലംഘനീയമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് നീതിയും സാഹോദര്യവും പൊതുനന്മയും ഉറപ്പാക്കുന്ന സാമൂഹികക്രമം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കുന്നു.
സഭയുടെ സാമൂഹിക പ്രബോധനം കാലഹരണപ്പെട്ട നിയമസംഹിതയല്ലെന്നും ചരിത്രത്തോടും സംസ്കാരത്തോടും ശാസ്ത്രത്തോടും നിരന്തരം സംവദിക്കുന്ന സജീവ യാഥാർഥ്യമാണെന്നും പാപ്പാ വിശദീകരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിലും ഈ പ്രബോധനങ്ങൾ മനുഷ്യന്റെ സമഗ്രവികസനത്തിന് ദിശാബോധം നൽകുന്നതായി അദ്ദേഹം പറയുന്നു.പ്രത്യേകിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും അതിവേഗ വളർച്ച മനുഷ്യജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും സ്വാധീനിക്കുന്ന സാഹചര്യത്തിൽ സഭയുടെ സാമൂഹിക പ്രബോധനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടുന്നു.
പൊതുനന്മ, വിഭവങ്ങളുടെ സാർവത്രിക ലക്ഷ്യം, സഹായതത്വം, ഐക്യദാർഢ്യം, സാമൂഹികനീതി തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും ഇവയെല്ലാം സമന്വയിക്കുമ്പോഴാണ് മനുഷ്യന്റെ സമഗ്രവികസനം സാധ്യമാകുന്നതെന്നും പാപ്പാ ഓർമിപ്പിക്കുന്നു. സാങ്കേതിക പുരോഗതിക്കൊപ്പം മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന സാമൂഹികക്രമം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ചാക്രികലേഖനത്തിന്റെ ഈ അധ്യായം മുന്നോട്ടുവയ്ക്കുന്നത്.

