ബ്രസ്സൽസ്: യൂറോപ്പിന്റെ സാംസ്കാരികവും ചരിത്രപരവുമായ സ്വത്വത്തിൽ ക്രിസ്തീയ വിശ്വാസത്തിനുള്ള നിർണായക സ്ഥാനം സംരക്ഷിക്കണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും. യൂറോപ്പ് നേരിടുന്ന സമകാലിക രാഷ്ട്രീയ-സാമൂഹിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.
യൂറോപ്പിന്റെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ ക്രിസ്തീയ പാരമ്പര്യം വഹിച്ച പങ്ക് വിസ്മരിക്കരുതെന്ന് നേതാക്കൾ പറഞ്ഞു. സ്വന്തം ചരിത്രപരവും സാംസ്കാരികവുമായ വേരുകളുമായി ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ വെല്ലുവിളികളെ യൂറോപ്പ് അഭിമുഖീകരിക്കണമെന്നും അവർ വ്യക്തമാക്കി.യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തുന്നവർ അവിടുത്തെ സമൂഹങ്ങളുടെ മൂല്യങ്ങളും നിയമങ്ങളും ജീവിതരീതിയും മാനിക്കണമെന്നും സമൂഹവുമായി ഇഴുകിച്ചേരാനുള്ള ശ്രമം നടത്തണമെന്നും മെലോനിയും ഫ്രെഡറിക്സനും ആവശ്യപ്പെട്ടു.
യൂറോപ്പിൽ തുടരുന്നതിനുള്ള നിയമപരമായ അവകാശമില്ലാത്ത കുടിയേറ്റക്കാരെ സംബന്ധിച്ച് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. യൂറോപ്പിന്റെ പൊതുവായ മൂല്യങ്ങളും സാമൂഹിക ജീവിതരീതിയും സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വമുള്ള കുടിയേറ്റ നയവും സാംസ്കാരിക പൈതൃകത്തോടുള്ള ആദരവും അനിവാര്യമാണെന്നും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

