മഞ്ഞുമ്മൽ: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ് നിർമാണത്തിനായി 2008ൽ കുടിയൊഴിപ്പിക്കപ്പെട്ട ഏലൂർ, കടുങ്ങല്ലൂർ വില്ലേജുകളിലെ 54 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജിലെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി (പിഎസി) ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ ആവശ്യപ്പെട്ടു.
മഞ്ഞുമ്മൽ 3 എഫ് ഹാളിൽ പുനരധിവാസ കുടുംബങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദൽ സംവിധാനങ്ങളില്ലാതെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കുടുംബങ്ങൾ ഐക്യത്തോടെ പ്രവർത്തിച്ചാൽ പുനരധിവാസ പാക്കേജിലെ എല്ലാ അവകാശങ്ങളും നേടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഏലൂർ സമിതി കൺവീനർ വി.പി. വിൽസൺ, സിലിയ അലക്സ്, പി. ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, ജോർജ് അമ്പാട്ട്, ആന്റണി പി.എം., കെ.എൻ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.പുനരധിവാസവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പിഎസി നൽകിയ ഫോമുകൾ സമയബന്ധിതമായി പൂരിപ്പിച്ച് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. തുടർപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിപുലമായ പുതിയ കമ്മിറ്റിക്കും യോഗം രൂപം നൽകി.

