വത്തിക്കാൻ സിറ്റി: സാങ്കേതികവിദ്യയെ ആയുധവത്കരിക്കുന്നതിനു പകരം സമാധാനത്തിനും മനുഷ്യന്റെ അന്തസ്സിന്റെ സംരക്ഷണത്തിനുമായി ഉപയോഗപ്പെടുത്തണമെന്ന ആഹ്വാനവുമായി 2027ലെ ആഗോള സമാധാന ദിന സന്ദേശത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു. ജനുവരി ഒന്നിന് ആചരിക്കുന്ന 60-ാമത് ആഗോള സമാധാന ദിനത്തോടനുബന്ധിച്ചാണ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശത്തിന്റെ പ്രമേയം പ്രഖ്യാപിച്ചത്.
“സാങ്കേതികവിദ്യയെ നിരായുധീകരിക്കുക, സമാധാനത്തെ സേവിക്കുക: രാഷ്ട്രീയം ഒരു മുൻകരുതൽ ഉത്തരവാദിത്തം” എന്നതാണ് സന്ദേശത്തിന്റെ പ്രമേയം. വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയാണ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ധാർമ്മിക ഉത്തരവാദിത്തത്തിലേക്കാണ് സന്ദേശം പ്രധാനമായും ശ്രദ്ധ ക്ഷണിക്കുന്നതെന്ന് ഡിക്കസ്റ്ററി വ്യക്തമാക്കി. സാങ്കേതിക പുരോഗതികൾ മനുഷ്യജീവിതത്തിനും സമാധാനത്തിനും ഭീഷണിയാകാതെ, മനുഷ്യന്റെ അന്തസ്സും പൊതുനന്മയും സംരക്ഷിക്കുന്നതിനായി ഉപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും സന്ദേശം ഉയർത്തിക്കാട്ടുന്നു.സമാധാനം കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിനുള്ള ഉത്തരവാദിത്തം ഓർമിപ്പിക്കുന്നതിനൊപ്പം, മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സമാധാനപൂർണമായ ലോകനിർമാണത്തിൽ പങ്കാളികളാകുന്നതിനും മുഴുവൻ മനുഷ്യരാശിയോടും പാപ്പാ ആഹ്വാനം ചെയ്യുന്നു.

