ബംഗളൂരു: ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. സർവകലാശാലയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക-ഗോവ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എയർ കമ്മഡോർ കമൽ ഛദ്ദ പദവി കൈമാറി.ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഈ ആദരം ലഭിക്കുന്ന മൂന്നാമത്തെ വൈസ് ചാൻസലറാണ് ഫാ. ഡോ. ജോസഫ് സി.സി. 2012ൽ ഫാ. ഡോ. ബി.എം. ഏബ്രഹാമിനും 2022ൽ ഫാ. ഡോ. തോമസ് സി. മാത്യുവിനും ഓണററി കേണൽ പദവി ലഭിച്ചിരുന്നു.1969ൽ സ്ഥാപിതമായതുമുതൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ സജീവമായ എൻസിസി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. റിപ്പബ്ലിക് ഡേ ക്യാമ്പ്, ഥാൽ സൈനിക് ക്യാമ്പ്, എൻസിസി നാഷണൽ ഗെയിംസ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം തുടങ്ങിയ ദേശീയതല പരിപാടികളിൽ സർവകലാശാലയിലെ കേഡറ്റുകൾ വർഷങ്ങളായി പങ്കെടുത്തുവരുന്നു. ഇതുവരെ 200ഓളം കേഡറ്റുകൾ സായുധ സേനയിൽ ഓഫീസർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 മുതൽ 2026 വരെയുള്ള കാലയളവിൽ മാത്രം 47 കേഡറ്റുകൾ സായുധ സേനയിൽ ചേർന്നു. നിലവിൽ 21 കേഡറ്റുകൾ വിവിധ മിലിട്ടറി അക്കാദമികളിൽ പരിശീലനം നേടുന്നുണ്ട്.കർണാടക-ഗോവ ഡയറക്ടറേറ്റിന്റെ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരം തുടർച്ചയായ എട്ടാം വർഷവും ക്രൈസ്റ്റ് സർവകലാശാല സ്വന്തമാക്കി. ഈ വർഷത്തെ കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിൽ സർവകലാശാലയിലെ ഖുഷ്മീത് കൗർ സോണ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കും നേടി.ചടങ്ങിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചാൻസലർ ഫാ. ഡോ. സാജു ചക്കാലക്കൽ, കേണൽ എൻ.എം. റഹ്മാൻ, കേണൽ എസ്. എസ്. കാലിയ എന്നിവരും എൻസിസി കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു.തനിക്കു ലഭിച്ച യൂണിഫോം പദവി ഒരു അംഗീകാരം മാത്രമല്ല, വലിയ ഉത്തരവാദിത്വത്തെയും മൂല്യങ്ങളെയും സൂചിപ്പിക്കുന്നതാണെന്ന് ഫാ. ഡോ. ജോസഫ് മറുപടിപ്രസംഗത്തിൽ പറഞ്ഞു. 1996 മുതൽ ക്രൈസ്റ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം പ്രോ-വൈസ് ചാൻസലർ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ് തുടങ്ങിയ വിവിധ അക്കാദമിക്, ഭരണനിർവഹണ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Trending
- നീതിയും സാഹോദര്യവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കണം: ലെയോ പതിനാലാമൻ പാപ്പാ
- ദൈവവിളി ദിനാഘോഷത്തിൽ വൈദികരുടെയും സന്യസ്തരുടെയും മാതാപിതാക്കളെ ആദരിച്ചു
- കാരുണ്യതീരം കരുതലിന്റെ സാക്ഷ്യം: എൻ.കെ. പ്രേമചന്ദ്രൻ എം.പി.
- യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ 2000-ാം വാർഷികം; ജോർദാനിൽ വൻ ആഘോഷങ്ങൾക്ക് ഒരുക്കം
- യൂറോപ്പിന്റെ ക്രിസ്തീയ വേരുകൾ സംരക്ഷിക്കണം: മെലോനിയും ഫ്രെഡറിക്സനും
- ഫാ. ഡോ. ജോസഫ് സി.സിക്ക് എൻസിസി ഓണററി കേണൽ പദവി
- മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തുക വർധിപ്പിക്കണം: ‘കടൽ’
- സമാധാനത്തിനായി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തണം: 2027ലെ സമാധാന ദിന സന്ദേശത്തിന്റെ പ്രമേയം

