കൊല്ലം: സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും കരുതലും സ്നേഹവും പകരുന്ന കാരുണ്യത്തിന്റെ സാക്ഷ്യമാണ് കാരുണ്യതീരമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൊല്ലം രൂപതയിലെ ഇരവിപുരം കാരുണ്യതീരം ബാലഭവന്റെയും കസാമിയ ഓൾഡ് ഏജ് ഹോമിന്റെയും രജതജൂബിലി ആഘോഷങ്ങളും ഒരു വർഷം നീണ്ടുനിൽക്കുന്ന കാരുണ്യവർഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വർഷമായി കുട്ടികൾക്കും വയോജനങ്ങൾക്കും ആശ്വാസവും സംരക്ഷണവും നൽകുന്ന കാരുണ്യതീരത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ചു. അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം രൂപതയുടെ ആദ്യ അല്മായ പിആർഒ (അസോസിയേറ്റ് പിആർഒ) ആയി നിയമിതനായ ജോർജ് എഫ്. സേവ്യർ വലിയവീടിനെ ചടങ്ങിൽ ആദരിച്ചു.സാഹിത്യകാരൻ വി.ടി. കുരീപ്പുഴ, കാരുണ്യതീരം മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ തെരേസ പുതുപ്പറമ്പിൽ, ഇരവിപുരം കൗൺസിലർ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കാരുണ്യതീരത്തിന്റെ 25 വർഷത്തെ സേവന പാരമ്പര്യം പുതുക്കിപ്പണിയുന്നതിനും കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനുമുള്ള വിവിധ പദ്ധതികൾക്ക് ചടങ്ങിൽ തുടക്കം കുറിച്ചു.

