*ചവിട്ടുനാടകത്തിന്റെ പുതിയ വഴികള്‍ തേടി അലക്സ് താളൂപ്പാടത്ത്
സിബി ജോയ്
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ സവിശേഷ നാട്യപാരമ്പര്യമാണ് ചവിട്ടുനാടകം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് മിഷനറിമാരുടെ സ്വാധീനത്തില്‍ രൂപംകൊണ്ട ഈ കലാരൂപം യൂറോപ്യന്‍ ഓപ്പറയുടെയും കേരളീയ നാട്യസങ്കേതങ്ങളുടെയും സമന്വയമാണ്. താളാത്മകമായ ചുവടുകള്‍, ഉച്ചസ്വരത്തിലുള്ള ആലാപനം, വീരരസപ്രധാനമായ കഥകള്‍, അലങ്കാരസമൃദ്ധമായ വേഷവിധാനങ്ങള്‍ എന്നിവ ചവിട്ടുനാടകത്തിന്റെ മുഖമുദ്രകളാണ്. ഒരുകാലത്ത് തീരദേശ ഗ്രാമങ്ങളുടെയും സാംസ്കാരിക ജീവിതത്തിന്റെയും പള്ളിപ്പെരുന്നാളുകളുടെയും അവിഭാജ്യഘടകമായിരുന്ന ഈ കലാരൂപം ഇന്ന് കേരള സ്കൂള്‍ കലോത്സവത്തിലെ മത്സര ഇനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ചവിട്ടുനാടകത്തെ യുവജനോത്സവ വേദികളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കലാകാരനാണ് എറണാകുളം പള്ളിപ്പുറം സ്വദേശിയായ അലക്സ് താളൂപ്പാടത്ത്. നിരവധി ചവിട്ടുനാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയ അദ്ദേഹം ഈ കലാരൂപത്തെ ജനകീയമാക്കുന്നതിലും പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പാരമ്പര്യമായി അവതരിപ്പിച്ചുവരുന്ന കഥകള്‍ക്കപ്പുറം പുതിയ വിഷയങ്ങളും ചരിത്രപുരുഷന്മാരുടെയും മഹനീയ വ്യക്തിത്വങ്ങളുടെയും ജീവിതങ്ങളും ചവിട്ടുനാടകത്തിന്റെ അവതരണലോകത്തേക്ക് അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്.

സാബു പുളിക്കത്തറ രചിച്ച ‘വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ സഹനത്തിന്റെ പടനായിക’ എന്ന നൃത്ത-സംഗീത ചവിട്ടുനാടകം അലക്സ് താളൂപ്പാടത്തിന്റെ ഏറ്റവും പുതിയ സംരംഭങ്ങളിലൊന്നാണ്. പരമ്പരാഗത ചവിട്ടുനാടകത്തിന്റെ ഘടന നിലനിര്‍ത്തിക്കൊണ്ട് നൃത്താവിഷ്കാരങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ഈ നാടകം അവതരണശൈലിയിലെ പുതുമകൊണ്ട് ശ്രദ്ധേയമാണ്. മദര്‍ ഏലീശ്വയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും ആത്മസമര്‍പ്പണവും സ്ത്രീശക്തീകരണത്തിന്റെ സന്ദേശവും ഈ നാടകത്തിന്റെ പ്രമേയമായി മാറുന്നു.
അതിനൊപ്പം, അര്‍ണോസ് പാതിരിയുടെ ജീവിതകഥ പൂര്‍ണമായും വനിതകളുടെ പങ്കാളിത്തത്തോടെ ചവിട്ടുനാടകമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പുതിയ സംരംഭവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാരമ്പര്യത്തെ സംരക്ഷിക്കുമ്പോഴും കാലാനുസൃതമായ നവീകരണങ്ങള്‍ ഉള്‍ക്കൊണ്ട് ചവിട്ടുനാടകത്തിന് പുതിയ ആസ്വാദകരെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അലക്സ് താളൂപ്പാടത്ത്.
- ‘വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ സഹനത്തിന്റെ പടനായിക’ സാധാരണ ചവിട്ടുനാടകങ്ങളില്നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു?
സാബു പുളിക്കത്തറ രചിച്ച് എന്റെ സംവിധാനത്തില്‍ സെന്റ് റോക്കീസ് നൃത്തകലാഭവന്‍ ചവിട്ടുനാടക സമിതി അവതരിപ്പിക്കുന്ന അഞ്ചാമത്തെ നാടകമാണ് ‘മദര്‍ ഏലീശ്വ സഹനത്തിന്റെ പടനായിക.’ ‘മാര്‍ യൗസേപ്പുണ്യവാന്,’ ‘ധീരനായ തോമാ,’ ‘വിശുദ്ധ ദേവസഹായം,’ ‘നെപ്പോളിയന് ബോണപ്പാര്‍ട്ട്’ എന്നിവയാണ് ഞങ്ങളുടെ മുന്‍ അവതരണങ്ങള്‍. ‘സഹനത്തിന്റെ പടനായിക’ പരമ്പരാഗത ചവിട്ടുനാടകങ്ങളില്നിന്ന് പലതരത്തിലും വ്യത്യസ്തമായ ഒരു അവതരണമാണ്. വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ജീവിതമാണ് ഇതിന്റെ പ്രമേയം. മകളായും ഭാര്യയായും അമ്മയായും പിന്നീട് സമര്‍പ്പിത സന്ന്യാസിനിയായും സ്ത്രീശക്തീകരണത്തിന്റെ മുന്നണിപ്പോരാളിയായും മാറിയ ഒരു മഹത്തായ വ്യക്തിത്വത്തിന്റെ ജീവിതയാത്രയാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്. പ്രാര്‍ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ച ഏലീശ്വാമ്മയുടെ ജീവിതം വിവിധ കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന ശക്തമായ ആഖ്യാനമായി മാറുന്നു. സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നാടകത്തിന്റെ സഞ്ചാരം. പതിനൊന്ന് സ്ത്രീകള്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഇരുപതോളം പുരുഷകലാകാരന്മാരും ഇതിന്റെ ഭാഗമാകുന്നു. പരിചമുട്ടുകളി, മാര്‍ഗംകളി തുടങ്ങിയ പാരമ്പര്യ ക്രൈസ്തവ കലാരൂപങ്ങളും നാടകത്തില്‍ സമന്വയിപ്പിച്ചിട്ടുണ്ട്.

*ചവിട്ടുനാടകത്തില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം എത്രത്തോളം ആവശ്യമാണ്?
കാലം മാറുമ്പോള്‍ അവതരണരീതികളും മാറേണ്ടതുണ്ട്. പ്രേക്ഷകരുടെ ആസ്വാദനശീലങ്ങളില്‍ വന്ന മാറ്റങ്ങളെ അവഗണിച്ചുകൊണ്ട് ഒരു കലാരൂപത്തിനും മുന്നോട്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടാണ് പാരമ്പര്യവും നവീനതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. മുമ്പ് രംഗമാറ്റങ്ങള്ക്കും കര്ട്ടന് സംവിധാനങ്ങള്‍ക്കുമായി ഏറെ സമയം വേണ്ടിവന്നിരുന്നു. ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതേ കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായും വേഗത്തിലും നിര്‍വഹിക്കാനാകുന്നു. യുദ്ധരംഗങ്ങളോ യാത്രാരംഗങ്ങളോ പോലുള്ള ദൃശ്യങ്ങള്‍ പ്രേക്ഷകരിലേക്ക് കൂടുതല്‍ ഫലപ്രദമായി എത്തിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. എന്നാല്‍ ചവിട്ടുനാടകത്തിന്റെ ആത്മാവിനെ ബാധിക്കാത്ത വിധത്തിലാണ് ഇതെല്ലാം ഉപയോഗിക്കുന്നത്. പാരമ്പര്യത്തെ സംരക്ഷിച്ചുകൊണ്ടുള്ള നവീകരണമാണ് ലക്ഷ്യം.
*സംഗീതത്തിലും അവതരണശൈലിയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ?
പാശ്ചാത്യ ഓപ്പറയുടെ സ്വാധീനവും കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, കൂടിയാട്ടം, യക്ഷഗാനം, കളരിപ്പയറ്റ് തുടങ്ങിയവയുടെ സവിശേഷതകളും സമന്വയിപ്പിച്ച ദൃശ്യവിസ്മയമാണ് ചവിട്ടുനാടകം. മുമ്പ് ഹാര്‍മോണിയം, ക്ലാരിനറ്റ്, സൈഡ് ഡ്രം, തബല, കോംഗോ ഡ്രം തുടങ്ങിയ വാദ്യോപകരണങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇന്ന് കീബോര്‍ഡ്, റിഥം പാഡ് തുടങ്ങിയ ആധുനിക സംഗീതോപകരണങ്ങളും ചേര്‍ന്നിട്ടുണ്ട്. ഒരുകാലത്ത് ഓരോ കഥാപാത്രത്തിനും പിന്നില്‍ നിന്നുകൊണ്ട് ഗായകര്‍ തത്സമയം പാടുകയും ശബ്ദം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചില സമിതികള്‍ റെക്കോര്‍ഡ് ചെയ്ത ട്രാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, തത്സമയ ആലാപനത്തിന്റെ ചൈതന്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.

*വേഷവിധാനങ്ങളില്‍ എന്തെങ്കിലും പ്രത്യേക സമീപനം സ്വീകരിച്ചിട്ടുണ്ടോ?
മദര്‍ ഏലീശ്വയുടെ ജീവിതം യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥയായതിനാല്‍ പരമ്പരാഗത ചവിട്ടുനാടകങ്ങളിലെ അത്യാഡംബര വേഷങ്ങള്‍ ഇവിടെ പൂര്‍ണമായി ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ചവിട്ടുനാടകത്തിന്റെ ഭംഗിയും വര്ണസാന്നിധ്യവും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സ്വാഭാവികതയും ചരിത്രസത്യവും നിലനിര്‍ത്തിക്കൊണ്ടുള്ള വേഷക്രമീകരണമാണ് പൊതുവേ സ്വീകരിച്ചിരിക്കുന്നത്.
*മദര്‍ ഏലീശ്വയുടെ വ്യത്യസ്ത പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുന്നത് ആരൊക്കെയാണ്? ഇവര്‍ക്ക് മുമ്പ് ചവിട്ടുനാടകത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പരിചയമുണ്ടോ?
മദര്‍ ഏലീശ്വയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ വ്യത്യസ്ത കലാകാരികളാണ് അവതരിപ്പിക്കുന്നത്. ബാല്യകാലഘട്ടത്തില്‍ അഞ്ചുവയസ്സുകാരിയായ എല്ഫയും പത്തുവയസ്സുകാരിയായ എഫ്രയും വേഷമിടുന്നു. യുവതിയായ ഏലീശ്വയെ അസിന് ആന്റണിയും, വിവാഹിതയായ ഏലീശ്വയെ അനീനയും, പിന്നീട് മദര്‍ ഏലീശ്വയെ ആന്മരിയയും അവതരിപ്പിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ചവിട്ടുനാടകരംഗത്ത് സജീവമായിരുന്ന ഇവരില്‍ പലര്‍ക്കും ആദ്യമായാണ് മുഖ്യവേഷങ്ങള്‍ ലഭിക്കുന്നത്.
ഇത്രയും സ്ത്രീകലാകാരികളെ കേന്ദ്രീകരിച്ച് ഒരു ചവിട്ടുനാടകം ഒരുക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ‘അഞ്ചേലിക്ക,’ ‘മണികര്‍ണിക’ തുടങ്ങിയ സ്ത്രീപ്രാധാന്യമുള്ള നാടകങ്ങള്‍ മുമ്പും ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
*നാടകത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണ്? സ്ത്രീകഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഈ നാടകത്തില്‍ അവരുടെ അവതരണശൈലിയുടെ പ്രത്യേകത എന്താണ്?

സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹിക മുന്നേറ്റവും പ്രതിപാദിക്കുന്ന നാടകമാണിത്. സ്ത്രീകളുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിച്ച ധീര വനിതകളുടെ പ്രതിനിധിയായി മദര്‍ ഏലീശ്വയെ നാടകം അവതരിപ്പിക്കുന്നു.
മാര്‍ഗംകളി, തോടയാട്ടം, താളാത്മകമായ ചുവടുകള്‍, നൃത്തരംഗങ്ങള്‍ എന്നിവ നാടകത്തെ കൂടുതല്‍ ദൃശ്യസമ്പന്നമാക്കുന്നു. പതിനൊന്ന് സ്ത്രീകഥാപാത്രങ്ങള്‍ ചേര്‍ന്ന് പതിനെട്ടോളം വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിന് അനുസൃതമായ ചുവടുകളും താളവിന്യാസങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
വൈപ്പിശ്ശേരി കുടുംബത്തിലെ കാരണവരായി അലന് അലക്സും, ഏലീശ്വയുടെ സഹോദരി ത്രേസ്യയായി ലെയ സെബാസ്റ്റ്യനും, ഭര്‍ത്താവ് വത്തുരുവായി സീന റാഫേലും അഭിനയിക്കുന്നു. കൂടാതെ നാടകത്തിനുള്ളിലെ ചവിട്ടുനാടകഭാഗത്തില് കാറള്മാനായി ബെന്ഹര് തങ്കച്ചനും അള്ബ്രാന്തായി ലിയോണ്‍ സെബാസ്റ്റ്യനും മന്ത്രിയായി ആല്വിന് അലക്സും ദൂതനായി ആമോസും ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു.
*ചലച്ചിത്രങ്ങളില്‍ ഫ്ളാഷ്ബാക്ക് അഥവാ മൊണ്ടാഷ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരു കാലഘട്ടത്തെയോ സാമൂഹിക പശ്ചാത്തലത്തെയോ പുനരാവിഷ്കരിക്കുന്നതുപോലെ, ലത്തീന്‍ കത്തോലിക്ക പൈതൃകത്തിന്റെ പ്രതീകമായ കാറള്‍മാന്‍ ചവിട്ടുനാടക രംഗം തന്നെ ഏലീശ്വാമ്മയുടെ കുടുംബജീവിതത്തിന്റെ ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഈ ആഖ്യാനസങ്കേതത്തെക്കുറിച്ച് പറയാമോ?
മദര്‍ ഏലീശ്വയുടെ ജീവിതവും ചവിട്ടുനാടക പാരമ്പര്യവും തമ്മില്‍ മതപരവും സാംസ്കാരികവുമായ ഒരു ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഏലീശ്വാമ്മയുടെ ജീവിതയാത്ര അവതരിപ്പിക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ സാംസ്കാരിക സ്മൃതികളും അതിനോടൊപ്പം വേദിയിലെത്തിക്കണമെന്ന് ആഗ്രഹിച്ചു. അതിന്റെ ഭാഗമായാണ് കാറള്‍മാന്‍ ചവിട്ടുനാടകത്തിലെ ഒരു രംഗം നാടകത്തിനുള്ളില്‍ ഉള്‍പ്പെടുത്തിയത്. ഇത് വെറും ദൃശ്യവൈവിധ്യത്തിനുവേണ്ടിയല്ല; മറിച്ച് ഒരു കാലഘട്ടത്തിന്റെ ജീവിതരീതിയും വിശ്വാസസംസ്കാരവും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള നാടകീയ ഉപാധിയാണ്. ഏലീശ്വാമ്മയും ഭര്‍ത്താവ് വത്തുരുവും പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ചവിട്ടുനാടകം കാണുന്ന രംഗം അവരുടെ കുടുംബജീവിതത്തിന്റെ പശ്ചാത്തലം കൂടുതല്‍ സജീവമായി അവതരിപ്പിക്കാന്‍ സഹായിക്കുന്നു. അതുവഴി വ്യക്തിജീവിതവും സമൂഹജീവിതവും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ആഖ്യാനരീതിയാണ് നാടകത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
ഏലീശ്വാമ്മയുടെ ജീവിതം സംഘര്‍ഷങ്ങളും പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു. ആ ജീവിതത്തിലെ വൈകാരികതയും നാടകീയതയും കൂടുതല്‍ ആഴത്തില്‍ അനുഭവിപ്പിക്കാന്‍ കൂടിയാണ് കാറള്‍മാന്‍ ചവിട്ടുനാടകഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന കാറള്മാനും അള്ബ്രാന്തും തമ്മിലുള്ള യുദ്ധരംഗം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമ്പോള്‍, ഏലീശ്വാമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തത്തിലേക്ക് കഥ നീങ്ങുന്നു. നാടകീയമായ ഈ സമാന്തരവിന്യാസം പ്രേക്ഷകരില്‍ ശക്തമായ വൈകാരികപ്രതികരണം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് വത്തുരുവിന്റെ അപ്രതീക്ഷിത മരണം അവതരിപ്പിക്കുന്ന രംഗം ഏറെ ഹൃദയസ്പര്‍ശിയായെന്ന് നിരവധി പേര് പറഞ്ഞു.
- മദര്‍ ഏലീശ്വയുടെ ജീവിതത്തിലെ സഹനഘട്ടങ്ങള് വേദിയില്‍ ആവിഷ്കരിക്കുമ്പോള്‍ ഉണ്ടായ അനുഭവം?
സാബു പുളിക്കത്തറ ഈ നാടകത്തിന്റെ രചന ആരംഭിച്ച നാളുമുതല്‍ അവതരണം വരെ ഞങ്ങള്‍ ഒരു പ്രത്യേക ആത്മീയാനുഭവത്തിലൂടെയാണ് കടന്നുപോയത്. ഏലീശ്വാമ്മയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും സഹനങ്ങളും ഞങ്ങളുടെ സ്വന്തം അനുഭവങ്ങളായി മാറിയെന്നു പറയാം. മദര്‍ ഏലീശ്വയുടെ വേഷമണിഞ്ഞ ആന്മരിയ ഏറെ പ്രാര്‍ഥനയോടെയും ആത്മസമര്‍പ്പണത്തോടെയും കഥാപാത്രത്തെ സമീപിച്ചു. അതുകൊണ്ടുതന്നെ നിരവധി രംഗങ്ങള്‍ വേദിയില്‍ അസാധാരണമായ തീവ്രത കൈവരിച്ചു. ഏലീശ്വാമ്മയുടെ ഏകാന്തതയും ആത്മസംഘര്‍ഷവും ആദ്യത്തെ സമര്‍പ്പിത സമൂഹത്തില്‍ നിന്നുള്ള വേര്‍പിരിയലും അവതരിപ്പിക്കുന്ന ഗാനങ്ങള്‍ നാടകത്തിന്റെ വൈകാരികത വര്‍ധിപ്പിക്കുന്നു. സാബു പുളിക്കത്തറയുടെ വരികളും വത്സ പവനന്റെ ആലാപനവും ഈ രംഗങ്ങളെ കൂടുതല്‍ ഹൃദയസ്പര്ശിയാക്കുന്നു. പ്രത്യേകിച്ച് സന്ന്യാസസമൂഹ വിഭജനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ അരങ്ങിലും സദസ്സിലും ഒരുപോലെ ആത്മസംഘര്‍ഷത്തിന്റെ അന്തരീക്ഷം രൂപപ്പെടുന്നു. പലരുടെയും കണ്ണുകള്‍ നിറയുന്നത് ഞങ്ങള്‍ നേരില്‍ കണ്ട അനുഭവമാണ്.
*ആദ്യാവതരണത്തിന് ലഭിച്ച പ്രതികരണം എങ്ങനെയായിരുന്നു?
തെരേസ്യന്‍ കര്‍മലീത്താ സന്ന്യാസിനിസമൂഹത്തിന്റെ (സിടിസി) ഇടപ്പള്ളിയിലെ ജനറലേറ്റില്‍ ആദ്യമായി ‘സഹനത്തിന്റെ പടനായിക’ അരങ്ങേറിയപ്പോള്‍ സിസ്റ്റേഴ്സില്നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ നാടകത്തിന്റെ രൂപീകരണഘട്ടം മുതല്‍ സിടിസി സമൂഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മദര്‍ ജനറലും കൗണ്‍സിലര്‍മാരും മറ്റ് സിസ്റ്റേഴ്സും നല്കിയ സഹകരണവും പ്രാര്ഥനാപിന്തുണയും ഈ സംരംഭത്തിന്റെ വലിയ ശക്തിയാണ്. മദര്‍ ഏലീശ്വയുടെ ജീവിതം ചവിട്ടുനാടകരൂപത്തില് അവതരിപ്പിച്ചുകാണുന്നതിലെ കൗതുകം പ്രതീക്ഷിച്ച് എത്തിയവരാകും അധികം പേരും. എന്നാല്‍ കഥ മുന്നോട്ടുപോകുമ്പോള്‍ സദസ്സില്‍ അസാധാരണമായ നിശ്ശബ്ദതയും ഏകാഗ്രതയും പ്രകടമായിരുന്നു. ഓരോ രംഗമാറ്റവും അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്ന പ്രേക്ഷകരെയാണ് ഞങ്ങള്‍ കണ്ടത്.
പ്രത്യേകിച്ച് ഏലീശ്വാമ്മയുടെ ജീവിതത്തിലെ സഹനഘട്ടങ്ങളും സന്ന്യാസസമൂഹത്തിന്റെ വിഭജനവുമായി ബന്ധപ്പെട്ട രംഗങ്ങളുടെയും വികാരതീവ്രത കണ്ണീരണിയിക്കുന്നതാണ്. മദര്‍ ഏലീശ്വയുടെ ജീവിതസന്ദേശവും ആത്മീയവഴിയും വ്യക്തതയോടെ അവതരിപ്പിക്കാന്‍ നാടകത്തിന് കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സിടിസി സമൂഹത്തില്‍നിന്ന് പൊതുവെ ലഭിച്ചത്. ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണിത്.
*ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം വിശ്വാസസാക്ഷ്യത്തിനപ്പുറം മാനവസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്നുണ്ട്. ചവിട്ടുനാടകമാധ്യമത്തിലൂടെ ഈ സന്ദേശം കേരളത്തിനു പുറത്തേക്കും രാജ്യാന്തരതലത്തിലും എത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്?
മദര്‍ ഏലീശ്വയുടെ ജീവിതം ഒരു വ്യക്തിയുടെ പുണ്യചരിതം മാത്രമല്ല; സ്ത്രീശക്തീകരണത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ചരിത്രമാണ്. വിദ്യാഭ്യാസം, ആരോഗ്യരംഗം, തൊഴില്‍പരിശീലനം, ചെറുകിട സംരംഭങ്ങള്‍ എന്നിവയിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദീര്‍ഘദര്‍ശിയായ ഒരു നേതാവായിരുന്നു അവര്‍. പ്രാര്‍ഥനയില്‍നിന്ന് ശക്തിയാര്‍ജിച്ച് പ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങിച്ചെന്ന ജീവിതമാണ് മദര്‍ ഏലീശ്വയുടെത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രത്യാശയും മര്ഗദര്ശനവും നല്കിയ ആ ജീവിതം ഇന്ന് ലോകമൊട്ടാകെ പ്രസക്തമായ ഒരു സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.
ചവിട്ടുനാടകത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍?
ചവിട്ടുനാടകം ഒരു സമൂഹത്തിന്റെ മാത്രം പൈതൃകമല്ല; കേരളത്തിന്റെ സാംസ്കാരിക സമ്പത്താണ്. ചവിട്ടുനാടകമെന്ന മാധ്യമത്തിന് ഭാഷയുടെയും ഭൂമിശാസ്ത്രപരമായ അതിരുകളുടെയും പരിമിതികള്‍ മറികടക്കാനുള്ള കഴിവുണ്ട്. അതിനെ പുതിയ തലമുറയിലേക്ക് എത്തിക്കാനും കേരളത്തിനു പുറത്തേക്കും ലോകവേദികളിലേക്കും കൊണ്ടുപോകാനും നമുക്ക് കഴിയണം.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, ദൃശ്യരേഖപ്പെടുത്തലുകള്, സബ്ടൈറ്റിലുകളോടുകൂടിയ അവതരണങ്ങള്‍, ദേശീയ-അന്തര്‍ദേശീയ സാംസ്കാരിക വേദികള്‍ എന്നിവയിലൂടെ ഈ സന്ദേശം കൂടുതല്‍ വ്യാപകമായി പ്രേക്ഷകരിലേക്ക് എത്തിക്കാനാകും. മദര്‍ ഏലീശ്വയുടെ ജീവിതകഥ കേരളത്തിന്റെ മാത്രം സമ്പത്തല്ല; മാനവിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ലോകസമൂഹത്തിനാകെ പ്രചോദനമാകാവുന്ന ഒരു ജീവിതസാക്ഷ്യമാണ് അത്. അതുകൊണ്ടുതന്നെ ചവിട്ടുനാടകത്തിന്റെ പ്രചാരണത്തിന് മദര്‍ ഏലീശ്വയുടെ ജീവിതകഥ വലിയ സഹായമാകുമെന്നും കരുതുന്നു. അടുത്തതായി അവതരിപ്പിക്കുന്ന ചവിട്ടുനാടകം കോട്ടപ്പുറം രൂപതയിലെ തുരുത്തുര് സെന്റ് തോമസ് ഇടവകയില്‍ രൂപീകരിച്ച സീനായ് മൗണ്ട് സാംന്തോം ചവിട്ടുനാടകസമിതി അവതരിപ്പിക്കുന്ന അര്‍ണോസ് പാതിരിയെ കുറിച്ചുള്ളതാണ്. വനിതകള്‍ മാത്രമാണ് ഈ ചവിട്ടുനാടകത്തില്‍ വേഷമിടുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ഫാ. ജോഷി മുട്ടിക്കലിന്റെ നേതൃത്വത്തിലാണ് സീനായ് മൗണ്ട് സാംന്തോം ചവിട്ടുനാടകസമിതി രൂപീകരിച്ചിരിക്കുന്നത്. പുരോഹിതരും സന്ന്യസ്തരും ഈ കലാരൂപത്തിന്റെ നിലനില്‍പ്പിനും ഔന്നത്യത്തിനുമായി ചെയ്യുന്ന സേവനങ്ങള്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്.

