തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു നടപടികള്‍ കടുപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. 2016ലെ ഖരമാലിന്യ സംസ്കരണ നിയമങ്ങള്‍ പരിഷ്കരിച്ച് ‘ഖരമാലിന്യ സംസ്കരണ നിയമങ്ങള്‍ 2026’ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണു തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഖരമാലിന്യ സംസ്കരണ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് തദേശസ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നറിയിപ്പ് നല്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുതിയ മാലിന്യസംസ്കരണ നിയമങ്ങള്‍ 100 ശതമാനം പാലിച്ചിരിക്കണമെന്നാണു നിര്‍ദേശം. നിയമലംഘകര്‍ക്കെതിരേ മൂന്നു തലത്തിലുള്ള ശിക്ഷാ നടപടികളുണ്ടാകും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ രാജ്യവ്യാപകമായി നിലവിൽ വരും. വീടുകളിലെ ജൈവമാലിന്യമടക്കം ഇനി നാലായി തരംതിരിച്ച് വേണം സംസ്കരിക്കാൻ. മുൻപ് മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിരുന്ന മാലിന്യം ഇനി നാലായി തരംതിരിച്ച് വേണം നൽകാൻ.ഇതോടെ ഏപ്രിൽ ഒന്ന് മുതൽ കേരളത്തിലെ മാലിന്യ സംസ്കരണത്തിലും മാറ്റമുണ്ടാകും. മുൻപ് മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരുന്ന മാലിന്യം ഇനി നാലായി തരംതിരിക്കണം. പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഹരിതകർമ്മ സേന അംഗങ്ങളുടെ പ്രവർത്തനത്തിലടക്കം മാറ്റമുണ്ടാകും.
ഒന്നാമത്തെ ഗണത്തിൽപ്പെടുന്നത് ജൈവമാലിന്യങ്ങളായ ഭക്ഷണാവശിഷ്ടങ്ങൾ, പഴങ്ങൾ, പച്ചക്കറി ഉൾപ്പെടെയുള്ളവയാണ്. പ്ലാസ്റ്റിക്, മെറ്റൽ, റബ്ബർ എന്നിവ ഉൾപ്പെടുന്ന അജൈവ മാലിന്യങ്ങളാണ്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ ഇവയെല്ലാം ഉൾപ്പെടുന്നതാണ് മൂന്നാമത്തെ വിഭാഗം. നാലാമത്തെ ഇനമായി സിറിഞ്ചുകൾ, സൂചികൾ, ഗ്ലൂക്കോസ് ടെസ്റ്റ് സ്ട്രിപ്പുകൾ, പെയിന്റ് ക്യാനുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, ബൾബുകൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രത്യേക ശ്രദ്ധ വേണ്ട നാലാമത്തെ വിഭാഗം. മാലിന്യശേഖരണവും സംസ്കരണവും നിരീക്ഷിക്കുന്നതിനായി ഒരു ഏകീകൃത കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ ഒന്ന് മുതൽ നിലവിൽ വരും.

