കൊച്ചി:ജനനം മുതല്‍ കേള്വിയില്ലാതെയിരുന്ന ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശികളായ ജെയ്സണ്‍-ആന്‍ഷ ദമ്പതികളുടെ നാലു വയസുകാരന് മകന് ആഞ്ചലോയ്ക്കു മോചനമേകി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ‘കാതോട് കാതോരം’പദ്ധതി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയിലൂടെ കേള്‍വിശക്തി നല്‍കുന്നതിനായി മമ്മൂട്ടി മുന്‍കൈയെടുത്ത് ആരംഭിച്ച പദ്ധതി ആഞ്ചലോയ്ക്കും കരുതലായി മാറി. രാജഗിരിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി ചുറ്റുമുള്ള ശബ്ദങ്ങള്‍ കേട്ടുതുടങ്ങിയത്.
“മോനെ ആഞ്ചലോ, ഞാന്‍ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം’’- ജീവിതത്തിൽ ആദ്യമായി ആഞ്ചലോ കേട്ട ശബ്ദം ആ കുഞ്ഞു മനസ് ഏറെ ഇഷ്ടപെടുന്ന മമ്മൂട്ടിയുടെ വാക്കുകളായിരുന്നു.
രാജഗിരി ആശുപത്രിയിലെ ഇഎന്‍ടി ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്‍ജിന്റെ നേതൃത്വത്തിലാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

