ന്യൂഡല്‍ഹി: തിങ്കളാഴ്ച പഞ്ചാബില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍. തുടര്‍ന്ന് ഈ മാസം പതിനെട്ടിന് പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശംഭു അതിര്‍ത്തിയില്‍ 101 കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് പുത്തന്‍ സമര പ്രഖ്യാപനങ്ങളുമായി കര്‍ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പതിനേഴ് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അധികൃതര്‍ ഇവര്‍ക്ക് ചികിത്സ നല്കാന് തയാറായില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകളില്‍ ഒന്നായ ഇന്ത്യ ഇവിടെ പ്രതിഷേധിക്കുന്ന 101 കര്‍ഷകരെ നേരിടാന്‍ സൈന്യത്തെ ഇറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജലപീരങ്കിയില്‍ രാസവസ്തുക്കളും ഉപയോഗിച്ചു. കര്‍ഷകര്‍ക്ക് നേരെ ബോംബുകളും കണ്ണീര്‍വാതകങ്ങളും പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്നും അദ്ദേഹം പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചാബില്‍ നിന്നുള്ളവര്‍ തങ്ങളുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.