റോമൻ കത്തോലിക്കാ സഭയുടെ മാധ്യമ വിഭാഗമായ ‘ഡി Dicastery for Communication’ മേധാവിയായി മരിയ മോണ്ട്സെററ്റ്
റോമൻ കത്തോലിക്കാ സഭയുടെ മാധ്യമ വിഭാഗമായ ‘ഡി Dicastery for Communication’ (ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററി) മേധാവിയായി (പ്രിഫെക്ട്), നിലവിൽ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്സെററ്റ് അൽവാരാഡോയെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. 2026 നവംബർ 1 മുതൽ ഈ നിയമനത്തിന് പ്രാബല്യമുണ്ടാകും.
മെക്സിക്കോ സിറ്റിയിൽ ജനിച്ച അൽവാരാഡോ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി, ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 2009 മുതൽ 2023 വരെയുള്ള കാലയളവിൽ മതാചാര സ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ‘ബെക്കറ്റ് ഫണ്ടിൽ’ (Becket Fund for Religious Liberty) വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ച അവർ, മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
2023 മുതൽ, പ്രമുഖ കത്തോലിക്കാ മാധ്യമ ശൃംഖലയായ ഇറ്റേണൽ വേർഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ ഡബ്ല്യൂ ടി എൻ ) വാർത്താ വിഭാഗമായ ഇ ഡബ്ല്യൂ ടി എൻ ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി സേവനമനുഷ്ഠിച്ചു വരികയാണ്. ടെലിവിഷൻ, റേഡിയോ, അച്ചടി മാധ്യമങ്ങൾ, ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഏഴ് ഭാഷകളിൽ ഉള്ളടക്കം നിർമ്മിക്കുന്ന അന്താരാഷ്ട്ര മാധ്യമ ശൃംഖലയുടെ മേൽനോട്ടം ഇവർക്കായിരുന്നു.
അൽവാരാഡോയുടെ ഈ നിയമനത്തിലൂടെ, ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ച റോമൻ ക്യൂരിയയുടെ (റോമൻ സഭയുടെ ഭരണസംവിധാനം) നവീകരണ പ്രക്രിയ ലിയോ പതിനാലാമൻ മാർപാപ്പയും മുന്നോട്ട് കൊണ്ടുപോകുകയാണ്. ആഗോള സഭയുടെ സേവനത്തിനായി അല്മായരായ സ്ത്രീ-പുരുഷന്മാർക്ക് നേതൃത്വപരമായ ചുമതലകൾ നൽകുന്നതാണ് ഈ പരിഷ്കാരം. വത്തിക്കാന്റെ ഒരു ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് ആയി നിയമിതയാകുന്ന സന്യാസിനിയല്ലാത്ത (lay woman) ആദ്യ വനിതയാണ് അൽവാരാഡോ.

