ജെക്കോബി
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹം ഒരു ജനത, ഒരു സമുദായം എന്ന സ്വത്വബോധത്തിലേക്ക് ഉണരുന്നതിലും സംഘടിത ശക്തിയായി വളരുന്നതിലും സാമൂഹ്യനീതിക്കും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും അധികാര പങ്കാളിത്തത്തിനും ക്ഷേമവിഹിതത്തിനും വികസനത്തിനുമായുള്ള മുന്നേറ്റങ്ങള്‍ നയിക്കുന്നതിലും പ്രധാന പങ്കുവഹിച്ച മഹാപ്രസ്ഥാനം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ: കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). സാര്‍വത്രിക റോമന്‍ കത്തോലിക്ക സഭയുടെ പ്രാദേശിക പകര്‍പ്പ് എന്ന നിലയില്‍ സംസ്ഥാനത്തെ മൂന്ന് അതിരൂപതാ പ്രവിശ്യകളും ഒന്‍പത് രൂപതകളും അടങ്ങുന്ന ലത്തീന്‍ റീത്ത് വ്യക്തിസഭയുടെ അജപാലന സംവിധാനങ്ങളെയും സമുദായസംഘടനകളെയും പ്രസ്ഥാനങ്ങളെയും കോര്‍ത്തിണക്കുന്ന, മെത്രാന്മാര്ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അല്മായര്ക്കും പ്രാതിനിധ്യമുള്ള ഉന്നത നയരൂപീകരണ ഏകോപന സമിതിയാണിത്.
ഏകോപനം, പങ്കാളിത്തം, ശക്തീകരണം എന്നീ പ്രമാണവാക്യങ്ങളിലൂന്നി സഭയിലും സമൂഹത്തിലും സമഗ്രമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ച കെആര്‍എല്‍സിസി രൂപംകൊണ്ടത് 2002 മേയ് 24നാണ്. ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക് 2026 മേയ് 17ന് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ആരംഭം കുറിക്കുകയാണ്. 2027 മേയ് 24ന് എറണാകുളത്തു വച്ചാകും 25-ാം വാര്‍ഷിക സമ്മേളനം. ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്മാരുടെ ദേശീയ സമിതി (സിസിബിഐ) രക്ഷയുടെ മഹാജൂബിലി വര്‍ഷം മുന്‍നിര്‍ത്തി ‘സിനഡാത്മക സഭയിലേക്കുള്ള യാത്ര: മിഷന് 2033’ പാസ്റ്ററല്‍ പ്ലാന്‍ ആവിഷ്കരിച്ചിരിക്കെ, ആദിമസഭയുടെ വേരുകളിലേക്കും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളിലേക്കുമുള്ള മടക്കയാത്രയിലെ ധ്യാനവിഷയങ്ങളായി നിര്‍ദേശിക്കപ്പെടുന്ന പങ്കാളിത്തം, ഉള്‍ച്ചേര്‍ക്കല്‍, പ്രേഷിതത്വം, സിനഡാത്മക പരിവര്‍ത്തനം എന്നീ ആശയങ്ങളുടെ മൗലികമായ പൊരുള്‍ ഒരു മുന്നാസ്വാദനം കണക്കെ കെആര്‍എല്‍സിസി നമുക്കായി അവതരിപ്പിച്ചിട്ടുണ്ട്.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ), കേരള ലാറ്റിന്‍ കാത്തലിക് വിമന്‍ അസോസിയേഷന് (കെഎല്‍സിഡബ്ല്യുഎ), കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ലാറ്റിന്‍ (കെസിവൈഎം ലാറ്റിന്‍), ക്രിസ്റ്റിയന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്), ദളിത കത്തോലിക്ക മഹാജന സഭ (ഡിസിഎംഎസ്), കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) എന്നീ സംഘടനകളുടെയും, വിന്‍സെന്റ് ഡി പോള്‍, ലീജിയന് ഓഫ് മേരി, ജീസസ് യൂത്ത്, ക്രിസ്റ്റിയന്‍ ലൈഫ് കമ്യൂണിറ്റി (സിഎല്‍സി) തുടങ്ങിയ ഭക്തസംഘടനകളുടെയും ശക്തീകരണത്തിനും, മെത്രാന്മാരുടെ റീജനല്‍ കൗണ്‍സിലിനു കീഴിലുള്ള മിനിസ് ട്രികളും കമ്മിഷനുകളും, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, വൈദിക സെനറ്റ്, രാഷ് ട്രീയകാര്യ സമിതി, ഇടവക കുടുംബ യൂണിറ്റ് തലത്തിലെ അടിസ്ഥാന ക്രൈസ്തവ സമൂഹം (ബിസിസി) വരെയുള്ള ശൃംഖലകളുടെ ഏകോപനത്തിനും മാര്‍ഗരേഖ ഒരുക്കിയ കെആര്‍എല്‍സിസി, എല്ലാ മേഖലകളിലും അല്മായ പങ്കാളിത്തത്തിന് പ്രാമുഖ്യം നല്കുന്നു. സഭ ദൈവജനമാണെന്ന സങ്കല്പമാണ് ഇതിന് ആധാരം. ജനങ്ങളോടൊപ്പം നടക്കുന്നതാണ്, ആഴത്തില്‍ ശ്രവിക്കുന്നതാണ് സിനഡാത്മക ശൈലി.
പത്തുവര്‍ഷം നീണ്ട പിണറായി വിജയന്റെ സമഗ്രാധിപത്യവാഴ്ചയ്ക്കുശേഷം അഭൂതപൂര്‍വമായ ഭൂരിപക്ഷത്തോടെ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേറുമ്പോള്‍, കേരളത്തിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ സംഘാതസ്മൃതിയില് തെളിഞ്ഞുവരുന്ന ചില ജനകീയ പോരാട്ടങ്ങളുടെ ഉള്ളുലയ്ക്കുന്ന ചിത്രങ്ങളുണ്ടാകും. വിഴിഞ്ഞം അദാനി പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ ഉണ്ടായ തീരശോഷണത്തിന്റെയും മാനവദുരന്തത്തിന്റെയും വസ്തുതകള്‍ പഠിച്ച് പ്രതിവിധികള്‍ നിര്‍ദേശിക്കാനും പുനരധിവാസ പദ്ധതികള്‍ നിശ്ചയിക്കാനും ആവശ്യപ്പെട്ട് തീരദേശവാസികള്‍ നടത്തിയ ജനകീയ സമരത്തെ വര്‍ഗീയശക്തികളുടെ സഹായത്തോടെ ചോരയില്‍ മുക്കി പൊലീസ് അടിച്ചമര്‍ത്തിയത്… വൈപ്പിന്കരയിലെ മുനമ്പം കടപ്പുറത്ത് തലമുറകളായി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ തീറുവാങ്ങി കൈവശം വച്ച് അനുഭവിച്ചുവന്ന ഭൂമി 69 വര്‍ഷത്തിനുശേഷം പിണറായി സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ ചേര്‍ത്തതിനെതിരെ പ്രദേശവാസികള്‍ 414 ദിവസം തുടര്‍ന്നുവന്ന ഉപവാസ സമരം അവസാനിപ്പിക്കാന്‍ ഇടതുമുന്നണി മന്ത്രിമാരെത്തിയത്.
വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഭീകരവാദികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തി തിരുവനന്തപുരം അതിരൂപതാ മേലധ്യക്ഷന്മാരും വൈദികരും സംഘടന നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തി എടുത്ത കേസുകള്‍ സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ പ്രകാരം പിന്വലിക്കേണ്ടിയിരുന്നെങ്കിലും ഇപ്പോഴും 34 കേസുകള്‍ നിലനില്ക്കുന്നു. മുതലപ്പൊഴി ഹാര്‍ബറിലെ മരണക്കെണി നീക്കല്‍, അഞ്ചുതെങ്ങു വരെയുള്ള തീരപ്രദേശങ്ങളില്‍ കടലേറ്റത്തില്‍ കിടപ്പാടവും തൊഴിലിടങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം തുടങ്ങിയ ധാരണകള്‍ ഇനിയും നടപ്പായിട്ടില്ല. അതിനിടെ, വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍ തുരങ്കപാതയുടെ പുതിയ അലൈന്മെന്റ് വിഴിഞ്ഞത്തെ രണ്ടു പുരാതന ദേവാലയങ്ങള്‍ക്കും മൂന്ന് സ്കൂള്‍ സമുച്ചയങ്ങള്‍ക്കും അഞ്ഞൂറിലേറെ വീടുകള്‍ക്കും ഭീഷണിയാകുന്നു. തൊഴിലവസരവും വികസനവും മുന്‍നിര്‍ത്തി തുറമുഖ പദ്ധതിയെ അനുകൂലിച്ച നാട്ടുകാര്‍ കുടിയിറക്കപ്പെടുമെന്ന ആശങ്കയിലാണ്.
പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതി ബില്ല് പാസാക്കിയെടുക്കാന്‍ മുനമ്പം വഖഫ് തര്‍ക്കത്തിന് ദേശീയതലത്തില്‍ വന്‍പ്രചാരം നല്കിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും മുനമ്പം വിഷയത്തില്‍ മുസ് ലിം വിരോധം ആളിപ്പടര്‍ത്താന്‍ തുനിഞ്ഞിറങ്ങിയ ക്രിസംഘി കൂട്ടവും നിയമഭേദഗതി വന്നാലുടന്‍ മുനമ്പം പ്രശ്നത്തിനു പരിഹാരമാകുമെന്നു പറഞ്ഞ് ജനങ്ങളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. ഒടുവില്‍, മുനമ്പത്ത് ‘നന്ദി മോദി’ മഹാസമ്മേളനത്തിലൂടെ കേരളത്തിലെ ക്രൈസ്തവ മേഖലയിലേക്ക് കുതിക്കാമെന്നു കണക്കുകൂട്ടിയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പോലും ഞെട്ടിച്ചുകൊണ്ട് റിജിജു ഉള്ള കാര്യം പറഞ്ഞു: വഖഫ് ഭേദഗതി നിയമത്തില്‍ മുനമ്പത്തിനായി യാതൊന്നുമില്ല! എന്നിട്ടും, പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറം വാര്‍ഡില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ഥിയെ ജനം ജയിപ്പിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് 2025 ഒക്ടോബറില്‍ വിധിച്ചപ്പോള്‍, കൂടുതല്‍ തീവ്രവാദ നിലപാടുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനെതിരെ ബോര്‍ഡ് തന്നെ സുപ്രീം കോടതിയിലെത്തി. മുനമ്പം ഭൂമി വഖഫാണെന്നു പറഞ്ഞ് നിയമനടപടി ആരംഭിച്ച വഖഫ് ബോര്‍ഡ് ചെയര്മാന് എം.കെ സക്കീറിനെ പിണറായി വിജയന് പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ഥിയാക്കിയെങ്കിലും അവിടത്തെ സഖാക്കളും സക്കീറിനെ തുരത്തിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. എല്ലാറ്റിനും ചുക്കാന്‍ പിടിച്ച വഖഫ് മന്ത്രി വി. അബ്ദുറഹിമാന് താനൂരില്‍ നിന്ന് തിരൂരിലേക്ക് കളംമാറ്റിപിടിച്ചിട്ടും അവിടെ ദയനീയമായി തോറ്റു.
വഖഫ് കുരുക്കില്‍ നിന്ന് മുനമ്പം ജനതയെ മോചിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ വിധി വന്നാല്‍ മതി. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവിനു സര്‍ക്കാര്‍ കരുക്കള്‍ നീക്കരുതെന്നു മാത്രം.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി പിണറായി സര്‍ക്കാര്‍ 2020 നവംബറില്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു തൊട്ടുമുന്‍പാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ ക്രൈസ്തവരില്‍ അതിപിന്നാക്ക വിഭാഗമാണ് ലത്തീന്‍ സമുദായമെന്നും, തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്ഥിതി ആദിവാസികളെയും ദലിതരെയുംകാള് മോശമാണെന്നുമാണ് കമ്മിഷന് കണ്ടെത്തിയത്. കോശി കമ്മിഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എല്ലാംതന്നെ സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിനു മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞത്. എതിര്‍വാക്കില്ലാത്ത ‘മെഗലൊമേനിയ’ മതിഭ്രമങ്ങളിലൊന്നാകണം ഇത്. പുതിയ സര്‍ക്കാരിന് തുടര്‍നടപടികള്‍ക്കായി ഒരു പഠന കമ്മിഷനെ നിയോഗിക്കാന്‍ വേണ്ടത്ര ഗഹനമായ സാമൂഹിക, സാമ്പത്തിക വിവരശേഖരം ഈ കമ്മിഷന് റിപ്പോര്‍ട്ടിലുണ്ട്.
യുഡിഎഫിന്റെ ചരിത്രത്തിലെ പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയിട്ടും കേരളത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത്ര വലിയ സസ്പെന്‍സ് സൃഷ്ടിച്ചതെന്തിനെന്ന് മോദിക്കുപോലും പിടികിട്ടിയില്ല. തമിഴ്നാട്ടില്‍ 234 അംഗ നിയമസഭയില്‍ 118 സീറ്റിന്റെ ഭൂരിപക്ഷത്തിന് 10 സീറ്റ് കമ്മിയായിട്ടും തമിഴ് സൂപ്പര്‍സ്റ്റാര്‍ സി. ജോസഫ് വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെയും, രണ്ട് സാമാജികര്‍ വീതമുള്ള സിപിഎം, സിപിഐ, മുസ് ലിം ലീഗ്, വിടുതലൈ ചിരുത്തൈകള്‍ കച്ചി എന്നിവയുടെയും പിന്തുണ ഉറപ്പിച്ച് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിറങ്ങി ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയില്‍ നിന്ന് 25 വിമത എംഎല്‍എമാരുടെ വിശ്വാസവോട്ടു കൂടി നേടിയാണ് ഭരണം ഉറപ്പിച്ചത്. ‘തമിഴ് നെഞ്ചില്‍ കുടിരിക്കും’ ആദ്യ കത്തോലിക്ക മുഖ്യമന്ത്രി എന്ന് ചരിത്രം രേഖപ്പെടുത്തുന്ന ജോസഫ് വിജയ് തന്റെ ഭരണം തുടങ്ങിയത് ലഹരിമാഫിയയ്ക്ക് കൂച്ചുവിലങ്ങിടും, സ്ത്രീസുരക്ഷ ഉറപ്പാക്കും എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ടാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒന്‍പതു നഗരങ്ങളിലുമായി 65 ആന്റി നാര്‍കോട്ടിക് ടാസ്ക് ഫോഴ്സ് യൂണിറ്റുകള്‍ തന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ചുകൊണ്ട് വിജയ് ഉത്തരവിറക്കി. സ്ത്രീസുരക്ഷയ്ക്കായി സിങ്കപെണ്‍ സ്പെഷല്‍ ഫോഴ്സ് എന്ന പേരില്‍ പ്രത്യേക സേന രൂപീകരിച്ചു. മൂന്നാമത്തെ ഉത്തരവ്, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്ക് 500 മീറ്റര്‍ ദൂരപരിധിയിലുള്ള 717 സര്‍ക്കാര്‍ മദ്യവില്പനശാലകള് രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാനായിരുന്നു. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് (ടാസ്മാക്) സംസ്ഥാനത്ത് 4,765 മദ്യവില്പനശാലകളാണുള്ളത്.
പത്തു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി കേരളത്തെ മദ്യവിമുക്തമാക്കുമെന്നാണ് 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ വരെ നിലവാരമുള്ള ഹോട്ടലുകളിലെ 730 ബാറുകള്‍ അക്കൊല്ലം അടച്ചുപൂട്ടിയതും യുഡിഎഫിന്റെ നവ മുഖ്യമന്ത്രി ഓര്‍ക്കുമോ! സര്‍ക്കാരിന്റെ ബെവറിജസ് കോര്പറേഷന് വക ചില്ലറ വില്പനശാലകള് 10 ശതമാനം വീതം ഓരോ കൊല്ലവും നിര്‍ത്തലാക്കുന്നതിനു പ്രാരംഭമായി 39 ഔട്ട്ലെറ്റുകളും അന്ന് അടച്ചിരുന്നു. ഉമ്മന്‍ ചാണ്ടി 2016-ല്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തില്‍ 29 പഞ്ചനക്ഷത്ര ബാറുകളും 813 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുമാണ് അവശേഷിച്ചിരുന്നത്. ഒരു തുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. യുഡിഎഫ് കാലത്ത് അടച്ച 462 ബാറുകള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും തുറന്നു; 200 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ബാര്‍ ലൈസന്‍സ് ഉറപ്പായി. പിണറായി ഭരണത്തിന്റെ രണ്ടാമൂഴത്തില്‍ ബാറുകളുടെ എണ്ണം 884 ആയി ഉയര്‍ന്നു. ഏറ്റവുമൊടുവില്‍, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, വിദേശമദ്യ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും രണ്ടു മണിക്കൂര്‍ വീതം പ്രവര്‍ത്തനസമയം നീട്ടിക്കൊടുത്തു. രാത്രി 12 വരെ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര ഹോട്ടല്‍ ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നു വരെ തുറന്നുപ്രവര്‍ത്തിക്കാം എന്നായി. മദ്യനയത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച അധാര്‍മികതയും ഇരട്ടത്താപ്പും മാത്രം മതി ഇടതുമുന്നണിയുടെ ഇന്നത്തെ പതനത്തിനുള്ള ന്യായവിധിക്ക്.
ക്രിസ്തുമതം സ്വീകരിച്ച ദലിത വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ പട്ടികജാതി ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്ന ജോസഫ് വിജയ് യുടെ നിലപാടിന്റെ അനന്തര നടപടികള്‍ നിരീക്ഷിക്കേണ്ടതുണ്ട്. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തവര്‍ക്ക് പട്ടികജാതി പരിരക്ഷയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ മാര്‍ച്ചിലും ഒരു ഉത്തരവിറക്കിയതാണ്. ക്രിസ്തുമതമോ ഇസ് ലാം മതമോ സ്വീകരിച്ച ദലിതര്‍ക്ക് പട്ടിക ജാതി സ്റ്റാറ്റസ് നല്കുന്ന കാര്യം പരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ നിയമിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് കമ്മിഷന്റെ കാലാവധി ഇക്കഴിഞ്ഞ മാസം മൂന്നാം വട്ടവും നീട്ടി. സുപ്രീം കോടതിയില്‍ 20 വര്‍ഷമായി ഇതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണനയിലാണ്.
രണ്ടു മുന്നണികള്‍ മാത്രമുണ്ടായിരുന്ന കേരള രാഷ് ട്രീയ ചിത്രത്തില്‍ ഇടമില്ലാതിരുന്ന ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ കേരള നിയമസഭയില്‍ ദേശീയ ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളായി രംഗപ്രവേശം ചെയ്യുമ്പോള്‍ ചില നാടകീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാനിടയുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ താത്കാലികമായി പിന്‍വലിച്ചത് കേരളത്തിലെ ക്രൈസ്തവ സഭകളുടെ അതിശക്തമായ തിരിച്ചടി ഭയന്നാണ്. ക്രൈസ്തവ മിഷന് ആശുപത്രികളും സ്കൂളുകളും ആരാധനാലയങ്ങളും മറ്റു ജീവകാരുണ്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഭാഗികമായി വിദേശഫണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പോലും അത് കേന്ദ്ര സര്‍ക്കാരിനു പിടിച്ചെടുത്ത് പ്രത്യേക അതോറിറ്റിയുടെ കീഴിലാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. കേരളത്തില്‍ എഫ്സിആര്‍എ ലൈസന്‍സുള്ള 1,015 എന്ജിഒകളാണുള്ളത്.
അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പോരാടാനും ഭരണകൂടവുമായി രാഷ് ട്രീയമായി ഇടപെടാനും സംവാദത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗം നമുക്ക് ഇനി തുറന്നുകിട്ടും എന്നു പ്രത്യാശിക്കാം.

