കൊച്ചി: തീരപ്രദേശത്ത് താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി അഡ്വ. വി. ഇ. അബ്ദുള്‍ ഗഫൂര്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ നയരൂപീകരണ ഏകോപന ഉന്നതസമിതിയായ കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 47-ാം ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീന്‍ സമുദായം മുന്നോട്ട് വെക്കുന്ന ന്യായമായ അവശ്യങ്ങള്‍ പരിഗണിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന ത്രിദിന ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന യോഗത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷനായിരുന്നു. കൊച്ചി ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. എംഎല്‍എമാരായ ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.ജൂബിലി നിറവില്‍ നവീകരണവും മുന്നേറ്റവും എന്ന വിഷയത്തില്‍ പ്രൊഫ. ഡോ. ബിജു ടെറന്‍സ് മുഖ്യപ്രഭാഷണം നടത്തി.കോഴിക്കോട് അതിരൂപത വികാരി ജനറല്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ മോഡറേറ്റര്‍ ആയിരുന്നു.
ഉച്ചയ്ക്കുശേഷം നടക്കന്ന ദശവത്സര അജപാലനരേഖ രൂപീകരണത്തിനായുള്ള ചര്‍ച്ച കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ നയിച്ചു. ലത്തീന്‍ കത്തോലിക്കര്‍ – നിജസ്ഥിതിയും മുന്നേറ്റ സാധ്യതകളും എന്ന വിഷയത്തില്‍ ഡോ.ജസ്റ്റിന് ജോര്‍ജ് അവതരണം നടത്തി. ജോയ് റ്റി. എഫ്. മോഡറേറ്ററായിരിന്നു. വൈകിട്ട് നടന്ന പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി റോജിഎം. ജോണ്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ ജീവിതം ചിത്രീകരിക്കുന്ന ചവിട്ടുനാടകവും അസംബ്ലിയോട് അനുബന്ധിച്ച് അരങ്ങേറി.
നാളെ ശനിയാഴ്ച രാവിലെ കെആര്‍എല്‍സിസി പ്രവര്‍ത്തന റിപ്പോര്‍ട്ട് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. സിസിആര്‍ സന്യാസിനി സഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ മോളി ആട്ടുള്ളി മോഡറേറ്ററായിരിക്കും. തുടര്‍ന്ന് വിവിധ ശുശ്രുഷാസമിതികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ഉച്ചയ്ക്കുശേഷം കെആര്‍എല്‍സിസി രജതജൂബിലിയുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ ഡോ. എസ്. റെയ്മണ്‍ (സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും), ജോയ് ഗോതുരുത്ത് (പ്രതിബന്ധങ്ങളും ബലഹീനതകളും), ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍ (പുത്തന്‍ സാധ്യതകളും നവീകരണവും), തോമസ് കെ.സ്റ്റീഫന്‍ (സാമൂഹിക സ്വാധീനം : നവമേഖലകളും ശൈലികളും) എന്നിവര്‍ പങ്കെടുക്കും. കെസി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ മോഡറേറ്റര്‍ ആയിരിക്കും. വൈകിട്ട് ജെ ബി കോശി കമ്മീഷന് റിപ്പോട്ടിന്റെ അവലോകനവും ചര്‍ച്ചയും നടക്കും. അഡ്വ. ഷെറി ജെ.തോമസ് (ക്ഷേമപദ്ധതികള്‍), പി.ആര്. കുഞ്ഞച്ചന് (വിദ്യാഭ്യാസമുന്നേറ്റം) അഡ്വ. അഞ്ജലി സൈറസ് (തൊഴിലും വികസനവും) എന്നിവരും പങ്കെടുക്കും. തിരുവനന്തപുരം അതിരൂപതയുടെ വികാര്‍ ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര മോഡറേറ്റര്‍ ആയിരിക്കും. രാത്രി, സംഘടനാവിഷയങ്ങളും പൊതുപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ഓപ്പണ്‍ ഫോറം.
സമാപനദിവസമായ ഞായറാഴ്ച (ജൂലൈ 12) രൂപതാ രാഷ്ട്രീയകാര്യസമിതികളുടെ റിപ്പോര്ട്ട്അവതരണം, തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് അഡ്വ. ഷെറിജെ.തോമസ് അവതരിപ്പിക്കും. ജോസഫ് ജൂഡ് മോഡറേറ്ററാകും. മുന്യോഗ നടപടികള്‍ സെക്രട്ടറി പ്രബലദാസും സാമ്പത്തിക റിപ്പോര്‍ട്ട് ബിജു ജോസിയും അവതരിപ്പിക്കും. ഉച്ചയ്ക്ക് സമാപനസമ്മേളനത്തില്‍ വിശ്വാസ പരിശീലന സ്കോളര്‍ഷിപ്പുകള്‍ സമ്മാനിക്കും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനസന്ദേശം നല്‍കും. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന് മുന്നോടിയായി ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ യോഗവും ഉണ്ടായിരുന്നു.

