ജെന്സന്. സി. ജോസ്
‘കിരീടം’ റിലീസ് ചെയ്തിട്ട് 37 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ മലയാളിക്ക് പ്രയാസം തോന്നും. ഇന്നലെ കണ്ട സിനിമയല്ലേ എന്നു സന്ദേഹിച്ചുപോകും. മോഹന്‍ലാല്‍ ഫാന്‍സിന് പൂര്‍ണ തൃപ്തി നല്കിയ ചിത്രമായിരുന്നില്ല അത്. എന്നിട്ടും ‘കിരീടം’ ഹിറ്റായിരുന്നു. (5 തീയറ്ററുകളില്‍ നൂറിലധികം ദിവസം കളിച്ചു) സിനിമയുടെ ഔ്ട്ട്റൈറ്റ് വിറ്റത് 30 ലക്ഷം രൂപയ്ക്കു താഴെയായിരുന്നു എന്നു കേട്ടിട്ടുണ്ട്.
മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ‘കിരീടം’ റിലീസാകുന്നത്. സാധാരണയില്‍ നിന്നു വ്യത്യസ്തമായി തോല്‍ക്കുന്ന, സ്വപ്നങ്ങള്‍ തകര്‍ന്നതില്‍ പൊട്ടിക്കരയുന്ന നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

തിലകന്, മുരളി, ശങ്കരാടി, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, കൊച്ചിന് ഹനീഫ, ജഗദീഷ്, ജഗതി തുടങ്ങി മലയാളത്തിലെ എക്കാലത്തേയും മികച്ച നടീനടന്മാര് അണിനിരന്ന ചിത്രം കൂടിയായിരുന്നു അത്.
‘കിരീടം’ പിന്നിട്ട് ‘ചെങ്കോലും’ വന്നു. കിരീടത്തേക്കാള്‍ വലിയ തകര്‍ച്ചയായിരുന്നു പ്രധാന കഥാപാത്രങ്ങള്‍ക്ക് ചെങ്കോലില്‍ സംഭവിച്ചത്. തിലകന് അവതരിപ്പിച്ച സേതുവിന്റെ (മോഹന്‍ലാല്‍) അച്ഛന്റെ കഥാപാത്രം പാതാളത്തോളം താണു,ലോഹിതദാസ് താഴ്ത്തി. ‘നിങ്ങളെയാണല്ലോ ഞാന്‍ അച്ഛാ അന്നു വിളിച്ചത്’ എന്ന സേതുവിന്റെ കരച്ചില് ഇന്നും കാതില്‍ മുഴങ്ങുന്നു. കിരീടത്തിലെ വില്ലനായിരുന്ന കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) ചെങ്കോലില്‍ വാനോളം ഉയര്‍ന്നു. നാലു പതിറ്റാണ്ടിനു ശേഷം കിരീടം വീണ്ടുമെത്തുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ കിരീടത്തില്‍ വേഷമിട്ട 17 നടീനടന്മാര് ഉണ്ടാകില്ലെന്ന ദുഃഖവുമുണ്ട്.

കിരീടം സാമാന്യഹിറ്റായിരുന്നെങ്കില് ചെങ്കോല്‍ സാധാരണ വിജയം മാത്രമായി മാറി (അതോ പരാജയമോ?). പക്ഷേ ചെങ്കോല്‍ ആയിരുന്നു കിരീടത്തേക്കാള്‍ ഗംഭീരം എന്നാണ് നിരൂപകരുടെ അഭിപ്രായം. കഥാപാത്രങ്ങളുടെ വളര്‍ച്ച, കാലവും സാഹചര്യങ്ങളും അവരില്‍ വരുത്തുന്ന മാറ്റം എല്ലാം വളരെ ഭംഗിയായി അതില്‍ അവതരിപ്പിച്ചിരുന്നു. വയലന്‍സ് ഇത്ര ഭംഗിയായി ചിത്രീകരിച്ച മലയാളത്തിലെ ആദ്യസിനിമ കൂടിയായിരുന്നു ചെങ്കോല്‍. സേതുവിന്റെയും കുടുംബത്തിന്റേയും ദുരന്തം കിരീടത്തില്‍ തുടങ്ങി ചെങ്കോലില്‍ പൂര്‍ണമാവുകയായിരുന്നു.
‘കിരീടം’ റീറിലീസ് ചെയ്യുമ്പോള്‍ പുതുതലമുറ എങ്ങനെ ആ സിനിമയെ അടയാളപ്പെടുത്തുന്നു എന്നറിയേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ റീ റിലീസല്ല വേണ്ടിയിരുന്നത്, റീ മേക്കിങ്ങായിരുന്നു. തിലകന് അവതരിപ്പിച്ച അച്ഛന് കഥാപാത്രത്തെ മോഹന്‍ലാലിനും സേതുവിനെ ഫഹദിനോ പ്രിഥ്വിരാജിനോ അവതരിപ്പിക്കാന്‍ കഴിയും.

