എം. കല്ലഞ്ചേരി
ക്രൈസ്തവധാര്‍മ്മികത അമൂര്‍ത്തമായ നിയമങ്ങളുടെ ഒരു സമാഹാരമല്ല. അത് യേശുവിന്റെ ജീവിതം നമ്മുടെ ജീവിതത്തില്‍ പുനരാവിഷ്കരിക്കപ്പെടുന്നതാണ്. ഇവിടെ പ്രധാനം കല്പനകള് പാലിക്കുന്നതല്ല; ക്രിസ്തുവിനെ ജീവിതത്തിന്റെ ഏക മാതൃകയായി സ്വീകരിക്കുക എന്നതാണ്. അവിടുന്നാണ് പൂര്‍ണമായ മനുഷ്യന്റെ മാതൃകയും അസ്തിത്വത്തിന്റെ സമ്പൂര്‍ണ രൂപവും നാം ആയിത്തീരാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സജീവസത്യവും. അവിടുന്നില്‍ നിന്നകന്നുപോകുമ്പോള്‍ അവിടുന്ന് വെളിപ്പെടുത്തുകയും ജീവിക്കുകയും ചെയ്യുന്ന സത്യത്തില്‍ നിന്ന് വേര്‍പെടുമ്പോള്‍ നാം അന്ധകാരവും അസത്യവും മരണവുമായി മാറുന്നു.
1976-ല്‍ പ്രസിദ്ധീകരിച്ച റ്റു ഹാവ് ഓര് റ്റു ബി? എന്ന കൃതിയില്‍ തത്ത്വചിന്തകനായ എറിക് ഫ്രോം ആധുനിക മനുഷ്യസംസ്കാരത്തിന്റെ വഴിത്തിരിവിനെ അപൂര്‍വമായ ഉള്‍ക്കാഴ്ചയോടെയും പ്രവാചകസമാനമായ ദീര്‍ഘദര്‍ശിത്വത്തോടെയും വിശകലനം ചെയ്യുന്നുണ്ട്. മനുഷ്യന്റെ വ്യക്തിത്വവും പരസ്പരബന്ധങ്ങളും ആത്മസമര്‍പ്പണവും കേന്ദ്രമാക്കിയിരുന്ന ‘ആയിരിക്കുക’ (റ്റു ബി) എന്ന ജീവിതദര്‍ശനത്തില്‍ നിന്ന്, സമ്പാദനവും ഉടമസ്ഥതയും ആധിപത്യവും മഹത്വവല്‍ക്കരിക്കുന്ന ‘ഉടമയാകുക’ (റ്റു ഹാവ്) എന്ന ജീവിതവീക്ഷണത്തിലേക്കാണ് ലോകം ക്രമേണ വഴിമാറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ ആധിപത്യത്തിന്റെ യുക്തിയെയാണ് ദൈവശാസ്ത്രജ്ഞര്‍ ‘മാമ്മോന്റെ മാതൃക’ (മാമോന്സ് മോഡല്‍) എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ മനുഷ്യന്റെ മൂല്യം അളക്കപ്പെടുന്നത് അവന് എത്രമാത്രം സ്നേഹിക്കുന്നു എന്നതുകൊണ്ടല്ല; മറിച്ച് എത്രമാത്രം സ്വന്തമാക്കുന്നു, എത്രപേരെ കീഴടക്കുന്നു, എത്ര ഉയരത്തില്‍ മറ്റുള്ളവരെ മറികടന്ന് നില്ക്കുന്നു എന്നതുകൊണ്ടാണ്. ദാനത്തേക്കാള്‍ പിടിച്ചടക്കലിനും, സഹവര്ത്തിത്വത്തേക്കാള് ആധിപത്യത്തിനും വിലകല്‍പ്പിക്കുന്ന ഈ മനോഭാവം വിദ്യാലയങ്ങളിലൂടെയും കളികളിലൂടെയും മാധ്യമങ്ങളിലൂടെയും സമൂഹത്തിന്റെ അനാരോഗ്യകരമായ മാതൃകകളിലൂടെയും കുട്ടികളുടെ മനസ്സിലേക്ക് പടരുമ്പോള്‍, അത് ആരോഗ്യകരമായ മത്സരബോധമുള്ള പൗരന്മാരെയല്ല, സമാധാനത്തിന്റെ ഭാഷ മറന്നുപോയ മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. പറഞ്ഞുവരുന്നത് മതാത്മകതയോട് കൂട്ടുപിടിച്ചുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആധിപത്യ മനോഭാവത്തെക്കുറിച്ചാണ്.
ഇന്ന് ഈ മനോഭാവം ഒരു വ്യക്തിയുടെ സ്വഭാവദോഷമല്ല; അത് സമൂഹത്തിന്റെ സംസ്കാരമായി മാറിയിരിക്കുന്നു. നമ്മുടെ സാമൂഹികബന്ധങ്ങളില്‍ അതിന്റെ നിഴല്‍ വ്യക്തമായി കാണാം. സഹജന് ഒരു സഹയാത്രികനല്ല; അവസരം കിട്ടിയാല്‍ നമ്മെ മറികടക്കാന്‍ സാധ്യതയുള്ള ഒരു എതിരാളിയാണ്. (ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരത്തിലിരിക്കുന്ന യുവാക്കളും പറയുന്നത് ഈ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നും പുറത്ത് കടക്കാനാണ്). പുഞ്ചിരിയോടെ കൈകോര്‍ക്കുമ്പോഴും മനസ്സില്‍ കണക്കുകൂട്ടുന്നത് സ്വന്തം നേട്ടമാണ്. സഹകരണം വാഗ്ദാനം ചെയ്യുമ്പോഴും അതിന്റെ പിന്നില്‍ പ്രതിഫലത്തിന്റെ കണക്കുകളുണ്ട്. ബന്ധങ്ങളുടെ മൂല്യം പ്രയോജനത്തിന്റെ തുലാസില്‍ അളക്കപ്പെടുന്നു; വിശ്വാസം സൗകര്യമായി ചുരുങ്ങുന്നു; നിസ്വാര്‍ത്ഥതയും സൗഹൃദവും അവയുടെ ആത്മസത്ത നഷ്ടപ്പെടുത്തുന്നു.
പൊതുജീവിതം ഇന്ന് പൊതുനന്മയ്ക്കുവേണ്ടിയുള്ള സംവാദവേദിയല്ല എന്ന് തിരിച്ചറിവ് ഭാരത യുവാക്കള്‍ നേടിയിരിക്കുന്നു. 12 വര്‍ഷമായി വര്‍ഗീയ രാഷ്ട്രീയം പറഞ്ഞവര്‍ നമ്മുടെ സാമൂഹിക ഐക്യത്തിന്റെ നെയ്ത്തിനെ നൂല്‍പ്പാലം പോലെ അഴിച്ചുകളഞ്ഞു. നല്ല ഉദ്ദേശങ്ങള്‍ ഇല്ലാത്തതല്ല; പലപ്പോഴും അവ വാക്കുകളില്‍ മാത്രം സമൃദ്ധമാണ്. അപൂര്‍വമായിരിക്കുന്നത് ഹൃദയത്തിന്റെ സ്വാതന്ത്ര്യമാണ്. കാരണം, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അടിത്തറ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത് കരുതലിന്റെയും പങ്കുവെക്കലിന്റെയും മേലല്ല, മത്സരത്തിന്റെയും ആധിപത്യത്തിന്റെയും മേലാണ്. ആ അടിത്തറയില്‍ മനുഷ്യന്റെ സ്വാതന്ത്ര്യവും സമാധാനവും നിശ്ശബ്ദമായി തകര്‍ന്നുവീഴുന്നു.
‘മനുഷ്യന് വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന് സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന് ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.
വ്യക്തിജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ആഴങ്ങളില്‍ ആധിപത്യത്തിന്റെ യുക്തി തന്നെയാണ് ഇന്നും വേരൂന്നിക്കിടക്കുന്നതെങ്കില്, സമാധാനത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സാമൂഹികനീതിയെക്കുറിച്ചും ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ചും അസമത്വനിര്മാര്ജനത്തെക്കുറിച്ചും ധാര്‍മ്മിക സമ്പദ്വ്യവസ്ഥയെക്കുറിച്ചും എത്ര ഉച്ചത്തില്‍ പ്രസംഗിച്ചാലും അതൊന്നും ഫലപ്രദമാകുകയില്ല. അന്താരാഷ്ട്ര ഉച്ചകോടികളും തത്ത്വപ്രഖ്യാപനങ്ങളും സുസ്ഥിരവികസന അജണ്ടകളും സ്ഥാപനങ്ങളുടെ ധാര്മ്മികചട്ടങ്ങളും അതുകൊണ്ട് യഥാര്‍ഥ മാറ്റം സൃഷ്ടിക്കുകയില്ല. വിത്തില്ലാത്ത തൊണ്ടുപോലെയാണ് അവയെല്ലാം.
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം വെറും വാചാടോപം മാത്രമാണ്. വെറും കാപട്യമാണ്. എല്ലാ ദുഷ്പ്രവണതകളിലും ഏറ്റവും അപകടകാരിയായത് കാപട്യമാണ്. കാരണം അത് മനുഷ്യനെ ആശ്വസിപ്പിക്കുന്നു; താന്‍ ശരിയായ വഴിയിലാണെന്ന മിഥ്യാബോധം നല്കുന്നു. യഥാര്‍ഥ പരിവര്‍ത്തനത്തിനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് അവനെ പിന്തിരിപ്പിക്കുന്നു. അങ്ങനെ, തിന്മയുടെ ഘടനകള്‍ നിലനില്‍ക്കുമ്പോഴും മനസ്സാക്ഷിയുടെ അസ്വസ്ഥതയില്ലാതെ സമാധാനമായി ഉറങ്ങാന്‍ അവനെ പ്രാപ്തനാക്കുന്നു. പലപ്പോഴും അത് ദൈവത്തിന്റെ നാമം പോലും ദുരുപയോഗം ചെയ്തുകൊണ്ടാണ് സംഭവിക്കുന്നത്. ഇന്ന് ദൈവദൂഷണം അവിശ്വാസികളുടെ മാത്രം പാപമല്ല; പൊതുജീവിതത്തിലെ ഏറ്റവും സാധാരണമായ വാചാടോപരീതിയായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ശ്രീരാമന്റെ പേര് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ആ ദേവന്റെ ക്ഷേത്രം തന്നെ കൊള്ളയടിക്കാന്‍ കൂട്ടുനിന്നതില്‍ വലിയ അദ്ഭുതമൊന്നുമില്ല.
ഈ കപട രാഷ്ട്രീയം നമ്മെ എസെക്കിയേല്‍ പ്രവാചകന്റെ ദര്‍ശനത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഉണങ്ങിയ അസ്ഥികള്‍ നിറഞ്ഞ അതിവിശാലമായ ഒരു സമതലത്തിന്റെ നടുവിലായിരുന്നു അദ്ദേഹം. അത് ഒരു ശ്മശാനമായിരുന്നില്ല; അതായിരുന്നു ലോകംഇന്നത്തെ ലോകം. പരസ്പരം യുദ്ധം ചെയ്യുന്ന ഉണങ്ങിയ അസ്ഥികളുടെ ലോകം. അസ്ഥി അസ്ഥിക്കെതിരെ; അസ്ഥികള്‍ അസ്ഥികള്ക്കെതിരെ; ഒടുവില്‍ അസ്ഥി സ്വന്തം അസ്തിത്വത്തിനെതിരെയും.
യുദ്ധങ്ങള്‍ക്ക് ഇന്ന് എണ്ണമില്ല: സാമ്പത്തിക യുദ്ധം, ധനകാര്യ യുദ്ധം, ശാസ്ത്രയുദ്ധം, വാണിജ്യയുദ്ധം, മാനസികയുദ്ധം, ഊര്‍ജയുദ്ധം, രാഷ്ട്രീയയുദ്ധം, മനുഷ്യന്റെ അസ്തിത്വത്തിനെതിരായ യുദ്ധം. ഇതേ യുദ്ധം ഓരോ ദിവസവും പുതിയ മുഖം ധരിച്ച് നമ്മുടെ ബന്ധങ്ങളിലും സ്ഥാപനങ്ങളിലും തൊഴില്‍മേഖലകളിലും കുടുംബങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഒടുവില്‍ അത് നമ്മുടെ ആത്മാവിനുള്ളിലും പോരാട്ടം തുടരുന്നു.
എന്നിരുന്നാലും, ഉണങ്ങിയ അസ്ഥികളോട് ‘നിങ്ങള്‍ ഇനി ഉണങ്ങിയ അസ്ഥികളായിരിക്കരുത്’ എന്ന് വിളിച്ചുപറയാനല്ല കര്‍ത്താവ് എസെക്കിയേലിനെ അയച്ചത്. സമാധാനത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്താനോ, സദുദ്ദേശപ്രഖ്യാപനങ്ങളില് ഒപ്പുവയ്ക്കാനോ, സൗഹാര്‍ദപരമായ വികസനപദ്ധതികള്‍ ആവിഷ്കരിക്കാനോ അല്ല അദ്ദേഹം നിയോഗിക്കപ്പെട്ടത്. അങ്ങനെയായിരുന്നെങ്കില്‍, അതെല്ലാം നിഷ്ഫലമാകുമായിരുന്നു. പകരം, ഭൂമിയുടെ നാലു ദിക്കുകളില്‍ നിന്നു പരിശുദ്ധാത്മാവിനെ വിളിച്ചുവരുത്താനാണ് ദൈവം അദ്ദേഹത്തോട് കല്പിച്ചത്. കാരണം, യഥാര്‍ഥ ജീവന്റെ സ്രഷ്ടാവ് പരിശുദ്ധാത്മാവ് മാത്രമാണ്. പരിശുദ്ധാത്മാവ് ഇല്ലെങ്കില്‍ നാം ഉണങ്ങിയ അസ്ഥികളോട് വ്യര്‍ഥമായി സംസാരിക്കുന്ന മറ്റൊരു ഉണങ്ങിയ അസ്ഥി മാത്രമായിരിക്കും. ഇവിടെ നമ്മുടെ നേര്‍ക്ക് ഒരു ചോദ്യം ഉയരുന്നുണ്ട്: ‘നാം യഥാര്‍ഥത്തില്‍ ജീവനുള്ള ശരീരങ്ങളാണോ, അതോ ഉണങ്ങിയ അസ്ഥികളായിരിക്കെ സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുകയാണോ?’
ക്രൈസ്തവ നിലനില്പ്പിന്മേല് രാഷ്ട്രീയപരമായ അടിച്ചമര്‍ത്തലുകള്‍ ഏതൊക്കെ തരത്തില്‍ വന്നാലും സാധ്യമായ സമാധാനമുണ്ടെന്ന് നാം നമ്മെത്തന്നെയും മറ്റുള്ളവരെയും നിരന്തരം ഓര്മ്മിപ്പിക്കേണ്ടവരാണ്. വ്യക്തിപരമായാലും, ബന്ധങ്ങളിലായാലും, സാമ്പത്തികമായാലും, പാരിസ്ഥിതികമായാലും, രാഷ്ട്രീയമായാലും അതെപ്പോഴും ഒരേ സമാധാനമാണ്: ക്രിസ്തുവിന്റെ സമാധാനം. ഓരോ മനുഷ്യന്റെയും വഴിയും സത്യവും ജീവനും ആയ ക്രിസ്തുവില്‍ നിന്നുയരുന്ന സമാധാനം. സ്വന്തം അസ്തിത്വസത്യത്തോട് അനുരഞ്ജനം പ്രാപിക്കുന്ന ഹൃദയത്തില്‍ ജനിക്കുന്ന സമാധാനം.
ക്രൈസ്തവധാര്‍മ്മികത അമൂര്‍ത്തമായ നിയമങ്ങളുടെ ഒരു സമാഹാരമല്ല. അത് യേശുവിന്റെ ജീവിതം നമ്മുടെ ജീവിതത്തില്‍ പുനരാവിഷ്കരിക്കപ്പെടുന്നതാണ്. ഇവിടെ പ്രധാനം കല്പനകള് പാലിക്കുന്നതല്ല; ക്രിസ്തുവിനെ ജീവിതത്തിന്റെ ഏക മാതൃകയായി സ്വീകരിക്കുക എന്നതാണ്. അവിടുന്നാണ് പൂര്‍ണമായ മനുഷ്യന്റെ മാതൃകയും അസ്തിത്വത്തിന്റെ സമ്പൂര്‍ണ രൂപവും നാം ആയിത്തീരാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സജീവസത്യവും. അവിടുന്നില്‍ നിന്നകന്നുപോകുമ്പോള്‍ അവിടുന്ന് വെളിപ്പെടുത്തുകയും ജീവിക്കുകയും ചെയ്യുന്ന സത്യത്തില്‍ നിന്ന് വേര്‍പെടുമ്പോള്‍ നാം അന്ധകാരവും അസത്യവും മരണവുമായി മാറുന്നു. അങ്ങനെ നാം മറ്റുള്ളവര്‍ക്കും അന്ധകാരവും അസത്യവും മരണവും മാത്രമാണ് പകരുന്നത്.
സമാധാനം പുറത്തുനിന്ന് വരുന്നതല്ല. അത് ഇറക്കുമതി ചെയ്യാനാവില്ല; ചര്‍ച്ചകളിലൂടെ നേടിയെടുക്കാനാവില്ല; ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പ്പിക്കാനുമാവില്ല. സ്വന്തം ഉറവിടം തിരിച്ചറിയുകയും സ്വന്തം പരിമിതികളെ വിനയപൂര്‍വം അംഗീകരിക്കുകയും ജീവിതത്തെ ദാനത്തിന്റെ യുക്തിയില്‍ ജീവിക്കാന്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഹൃദയത്തിലാണ് സമാധാനം ജനിക്കുന്നത്. അതുകൊണ്ടാണ് ‘അങ്ങയില്‍ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന് വിശുദ്ധ അഗസ്റ്റിന് പറഞ്ഞത്.
ഇത് ദൗര്‍ബല്യമല്ല; ശക്തിയുടെ ഏറ്റവും ഉദാത്തമായ രൂപമാണ്. കാരണം, പൂര്‍ണതയില്‍ നിലകൊള്ളുന്ന ശക്തിക്ക് സ്വയം അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല. യഥാര്‍ഥത്തില്‍ മഹാനായവന് മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കേണ്ടതില്ല. യഥാര്‍ഥ ആത്മവിശ്വാസമുള്ളവന് സേവിക്കാന്‍ ഭയമില്ല. സത്യത്തില്‍ വസിക്കുന്നവന് ജയിച്ചേ തീരൂ എന്ന നിര്‍ബന്ധവുമില്ല.
എന്നാല്‍, ഈ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി ദിനംപ്രതി വാശിയോടെയും സ്വാര്‍ത്ഥതയോടെയും ജീവിക്കുന്നവന്, തന്റെ ജീവിതംകൊണ്ട് ഒരു സത്യം വെളിപ്പെടുത്തുന്നു: അവന് ഇപ്പോഴും അപൂര്‍ണനായ മനുഷ്യനാണ്. സ്വന്തം സത്യത്തില്‍നിന്നും മറ്റുള്ളവരുടെ സത്യത്തില്‍നിന്നും, ഒടുവില്‍ തന്റെ ഉത്ഭവത്തില്നിന്നും അകന്നുപോയ മനുഷ്യന്. അപ്പോള്‍ വ്യാജനീതിയുടെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാലും, സ്വന്തം അവകാശങ്ങള്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചാലും, സ്വന്തം യോഗ്യതയെ പുകഴ്ത്തിയാലും, നിയമത്തിന്റെ ശക്തിയെയോ ശക്തിയുടെ നിയമത്തെയോ ആശ്രയിച്ചാലും, അതെല്ലാം നിഷ്ഫലമാണ്. എല്ലാം വ്യര്‍ഥം. കാരണം, യഥാര്‍ഥ നീതി ഒന്നേയുള്ളൂ: സ്നേഹത്തിന്റെ നിയമം; സ്വയം ദാനമാക്കുന്ന ജീവിതത്തിന്റെ നിയമം; ഓരോ സഹോദരന്റെയും ഓരോ മനുഷ്യന്റെയും അന്തസ്സിനെ ആദരിക്കുന്ന നിയമം.
സ്നേഹത്തിനെതിരെ ശക്തിയെ ഉയര്‍ത്തുന്നവന്‍, വിജയിച്ചുവെന്ന് സ്വയം കരുതിയാലും, യഥാര്‍ത്ഥത്തില്‍ തോറ്റുകഴിഞ്ഞിരിക്കുന്നു. ഒടുവില്‍ അവന് ഏകാകിയാകുകയും ചെയ്യുന്നു.
സ്നേഹമാണ് നമ്മെ യഥാര്‍ഥത്തില്‍ സ്വതന്ത്രനാക്കുന്നത്. അത് വൈകാരികതയല്ല; കീഴടങ്ങലല്ല; ദൗര്‍ബല്യവുമല്ല. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ അറിവാണ് അത്. കാരണം, സ്നേഹത്തിലാണ് സത്യം; സത്യത്തിലാണ് സ്വാതന്ത്ര്യം.

