ഷാജി ജോര്‍ജ്
”അമ്മ കന്യമണി തന്റെ, നിര്‍മ്മലദുഃഖങ്ങളിപ്പോള്‍ നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും ദുഃഖമൊക്കെപ്പറവാനോ വാക്കു പോരാ മാനുഷര്‍ക്കു ഉള്‍ക്കനെ ചിന്തിച്ചു കൊള്‍വാന്‍ ബുദ്ധിയും പോരാ”
ഒരു ജര്‍മ്മന്‍ക്കാരനായ മിഷണറി എഴുതിയതാണെന്നു തോന്നാത്തത്ര മധുരലളിതമായി എഴുതിയ വരികള്‍ കേള്‍ക്കവേ മനസ്സില്‍ ദുഃഖത്തിന്റെ ഓളങ്ങള്‍ ഉയരാത്ത ഏതു മാനവനുണ്ട് ഉലകത്തില്‍. ഈ വരികളുടെ ഒഴുക്കും അഴകും ഏതൊരു മലയാള കവിയുടെ കാവ്യശൈലിയേക്കാള് മികച്ചതാണ്.
പുത്തന്‍പാന കാവ്യത്തിന്റെ 12-ാം പാദത്തിലാണ് ‘ഉമ്മാടെ ദുഃഖം’ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ പന്ത്രണ്ടാം ഭാഗം നതോന്നത വൃത്തത്തിലും മറ്റുളളവയെല്ലാം സര്പ്പിണിയിലുമാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സാഹിത്യ നിപുണന് ടി.എം. ചുമ്മാര്‍ ‘പദ്യസാഹിത്യചരിത്ര’ത്തില്‍ ഇപ്രകാരം പറയുന്നു: ‘പുത്തന്‍പാനയില്‍ 14 പാദങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 12-ാം പാദം നതോന്നത എന്ന വഞ്ചിപ്പാട്ടു വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്. ബാക്കി പാദങ്ങള്‍ മുഴുവന്‍ പാനവൃത്തം തന്നെ (പുറം,116).
അര്‍ണോസ് പാതിരി കേരളത്തില്‍ എത്തിയ കാലഘട്ടം ചരിത്രപ്രധാനമാണ്. പൂന്താനവും ചെറുശ്ശേരിയും എഴുത്തച്ഛനും സൃഷ്ടിച്ച കാവ്യമാതൃകകളെ പിന്‍പറ്റിയാണ് പാതിരി തന്റെ രചനാലോകത്ത് ചുവടുവച്ചതെങ്കിലും തന്റേതായ സാഹിത്യരചനാസരണി അദ്ദേഹം രൂപപ്പെടുത്തി. അതുകൊണ്ടാണ് വിദേശീയരായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പ്രശോഭിക്കുന്നത് അര്‍ണോസ് പാതിരിയാണ് എന്ന് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടത്. ഈ കൃതി രചിക്കുന്നതിനുമുമ്പ് നമ്മുടെ മാതൃഭാഷയില്‍ ബൈബിള്‍ രചിക്കപ്പെട്ടിരുന്നില്ല. ബലിയര്‍പ്പണ സമയത്ത് ദേവാലയങ്ങളില്‍ പുരോഹിതന്മാര് വായിച്ചു വ്യാഖ്യാനിക്കുന്ന ബൈബിള്‍ ഭാഗങ്ങളുടെ കേട്ടുപരിചയം മാത്രമാണ് ക്രൈസ്തവ വിശ്വാസികള്ക്കുണ്ടായിരുന്നത്. അര്‍ണോസ് പാതിരിയുടെ കാലശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് കേരളത്തിലെ ക്രൈസ്തവര്‍ക്ക് വായിക്കാന്‍ ഒരു ബൈബിള്‍ പരിഭാഷ തയാറാവുന്നത്. 1905 ല്‍ ബൈബിളിന്റെ മഞ്ഞുമ്മല്‍ പരിഭാഷയും ഫാ. തോമസ് മൂത്തേടന്റെ സമ്പൂര്‍ണ ബൈബിള്‍ പരിഭാഷയും മലയാളികള്‍ക്ക് ലഭിച്ചത് 1936 ലുമാണ്. ഇതിനിടയില്‍ പ്രൊട്ടസ്റ്റന്റ് മിഷണറിമാരായ ക്ലോഡിയസ് ബുക്കാനന് 1811 ലും ബെഞ്ചമിന്‍ ബെയ്ലി 1842 ലും മലയാളത്തിലേക്കു ബൈബിള്‍ പരിഭാഷ നിര്‍വഹിച്ചു. എങ്കിലും അവര്‍ പ്രൊട്ടസ്റ്റന്റുകാരായതുകൊണ്ട് അവയൊന്നും ക്രൈസ്തവിശ്വാസികള്‍ക്ക് അപ്രാപ്യവും നിഷിദ്ധവുമായിരുന്നു.
മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ കാവ്യം പുത്തന്‍ പാന, ആദ്യ വിലാപകാവ്യം ഉമ്മാടെ ദുഃഖം, ആദ്യ ജീവചരിത്രകാവ്യം എന്നിവ രചിച്ച അര്‍ണോസ് പാതിരിയെക്കുറിച്ച് മനോഹരമായ ഒരു പുസ്തകം പരിചയപ്പെടുത്താനാണ് ആമുഖമായി ഇതൊക്കെ കുറിച്ചത്. ഭാഷാപഠനങ്ങളും സാംസ്കാരിക – സാഹിത്യ വിമര്‍ശനങ്ങളും ഉള്‍പ്പെടെ 50 ഓളം കൃതികള്‍ രചിച്ചിട്ടുള്ള വി. യു. സുരേന്ദ്രനാണ് ‘അര്‍ണോസ് പാതിരി ജീവിതവും എഴുത്തും’ എന്ന പുസ്തകം രചിച്ചിട്ടുള്ളത്. 2024 ജൂണ്‍ മാസത്തില്‍ കേരള ഭാഷ ഇന്‍സ്റ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കേരളത്തില്‍ ജീവിച്ചിരുന്ന കാലത്ത് അര്‍ണോസ് പാതിരി നടത്തിയ വൈജ്ഞാനിക സാഹിത്യപ്രവര്‍ത്തനങ്ങള്‍, മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും അമൂല്യമായ സംഭാവനകളാണ് നല്‍കിയത്. ചതുരന്ത്യം, പുത്തന്‍പാന, ഉമാപര്വം, ഉമ്മയുടെ ദുഃഖം, ജനോവപര്‍വം ആത്മാനുതാപം, വ്യാകുലപ്രബന്ധം എന്നിവ പാതിരിയുടെ രചനകളാണ്. മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടു, മലയാളം- സംസ്കൃതം നിഘണ്ടു, മലയാളം-പോര്‍ച്ചുഗീസ് വ്യാകരണം, സംസ്കൃത വ്യാകരണം എന്നിവ പാതിരിയുടെ രചനകളില്‍ പ്രധാനമാണ്. യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള മലയാള ഇതിഹാസമായ ‘പുത്തന്‍ പാന’ അര്‍ണോസ് പാതിരിയുടെ ഏറ്റവും ജനപ്രിയമായ കവിതയാണ്. ഗദ്യസാഹിത്യത്തിലും അര്‍ണോസ് പാതിരിയുടെ സംഭാവനകള്‍ നിസ്തുലമാണ്.
കേരളത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ മേഖലകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ പ്രതിഭാധനനായ കവിയും ഭാഷാപണ്ഡിതനും ആയിരുന്ന അര്‍ണോസ് പാതിരിയെ കൂടുതല്‍ അറിയാന്‍ ഈ പുസ്തകം ഉപകരിക്കും.
അക്ഷരവിദ്യയും വിജ്ഞാനവും സംസ്കൃത ഭാഷയുമെല്ലാം ബ്രാഹ്മണരുടെ മാത്രം കുത്തുകയായിരുന്നു. ഈ ബ്രാഹ്മണിക്കല്‍ അധീശത്വത്തെ നിശബ്ദമായി വെല്ലുവിളിച്ചു കൊണ്ടാണ് അര്‍ണോസ് പാതിരി പ്രവര്‍ത്തിച്ചത്. സംസ്കൃതഭാഷയിലെ പ്രസിദ്ധമായ സിദ്ധരൂപം, അമരകോശം, പാണിനീയം എന്നീ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പാതിരി തയാറാക്കിയ സംസ്കൃത വ്യാകരണം തുടങ്ങിയ ഗ്രന്ഥങ്ങളുടെ മഹത്വം തിരിച്ചറിയുകയും അതു ലോകത്തിനു പരിചയപ്പെടുത്തിയതും പൗളിനോസ് പാതിരിയാണ്. പാതിരിയുടെ ആരാധകന് കൂടിയായിരുന്നു അദ്ദേഹം. പൗളിനോസ് എഴുതുന്നു: ‘അദ്ദേഹമാണ് സംസ്കൃതഭാഷയുടെ കവാടം ആദ്യമായി ലോകത്തിനു തുറന്നുകൊടുത്തത്. അതിന്റെ നിഗൂഢതകള്‍ കണ്ടറിഞ്ഞു, ദുര്ഘടനിയമങ്ങള് വിശദീകരിച്ചും, അങ്ങനെ ആ ഭാഷ എല്ലാവര്ക്കും കൈയെത്തുന്നതിനായി മാറ്റുകയും ചെയ്തു.’ മൂന്നു സഹസ്രാബ്ദങ്ങളായി ബ്രാഹ്മണര്‍ ആ ഭാഷ മറ്റുള്ളവര്‍ക്കു അപ്രാപ്യമായ വിധം തങ്ങളുടേതുമാത്രമാക്കി സൂക്ഷിക്കുകയായിരുന്നു. അര്‍ണോസ് പാതിരിയുടെ സംസ്കൃത വ്യാകരണഗ്രന്ഥത്തിന്റെ പേര് ഗ്രന്ഥഭാഷയുടെ വ്യാകരണം (ഗ്രമാത്തിക്ക ഗ്രന്ഥാണിക്ക എന്നാണ്). അന്ന് സംസ്കൃതത്തിന് ലത്തീനില്‍ ‘ഗ്രന്ഥാണിക്’ എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം, സംസ്കാരം, ഭാഷാസാഹിത്യം എന്നിവയെ ആഴത്തില്‍ മനസ്സിലാക്കി പഠനങ്ങള്‍ നടത്തുകയും അതുവഴി ഇന്ത്യന്‍ സംസ്കാരത്തിന്റെ വൈവിധ്യത്തെയും മഹത്വത്തെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച ആദ്യത്തെ ഇന്ഡോളജിസ്റ്റ് കൂടിയാണ് അര്‍ണോസ് പാതിരി. സംസ്കൃതഭാഷയേയും ഇന്ത്യയിലെ വ്യത്യസ്തങ്ങളായ മതങ്ങളേയും പൗരാണിക ഇന്ത്യന്‍ ദര്‍ശനങ്ങളേയും ലോകത്തിനു പരിചയപ്പെടുത്തിയ അര്‍ണോസ് പാതിരിയെ ഇനിയും നാം വേണ്ടത്ര കണ്ടെത്തുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല.
വി.യു സുരേന്ദ്രന്റെ ‘അര്‍ണോസ് പാതിരി ജീവിതവും എഴുത്തും’ നിങ്ങളുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് ഒഴിവാക്കരുത്.
അര്‍ണോസ് പാതിരി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നതിന്റെ 324-ാം വാര്‍ഷികം ഡിസംബര്‍ 15ന് ചരിത്ര പ്രസിദ്ധമായ വെണ്ടുരുത്തി പള്ളിയില്‍ (വരാപ്പുഴ അതിരൂപത) ചരിത്ര സെമിനാറോടെ ആചരിക്കുന്നുവെന്ന വാര്‍ത്തയും സന്തോഷത്തോടെ ഇതോടൊപ്പം കുറിക്കട്ടെ.