കൊച്ചി : പൈതൃക കലാരൂപമായ ചവിട്ടുനാടകത്തിൻ്റെ ചരിത്ര പശ്ചാത്തലങ്ങൾ പുതുതലമുറക്ക് പകർന്നു കൊടുക്കുവാനും ഈ കലാരൂപത്തെ കൂടുതൽ ജനകീയമാക്കാനും ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കാനുമായി കെഎൽസിഎ സംഘടിപ്പിച്ച ചവിട്ടുനാടകശില്പശാല ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി ഉദ്ഘാടനം ചെയ്തു. പിന്നോക്ക ജനവിഭാഗങ്ങളുടെ വിഷയങ്ങളെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ നിർദ്ദേശിച്ച ശുപാർശകളിൽ ചവിട്ടുനാടകം ഉൾപ്പെടെയുള്ള കലാരൂപങ്ങളെ സംരക്ഷിക്കാൻ പദ്ധതികൾ വേണമെന്ന് നിർദ്ദേശമുണ്ട്.അത് ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.
ക്രിസ്റ്റോഗ്രാഫ പുസ്തകോത്സവത്തിന്റെ സമാപന ദിനത്തോടനുബന്ധിച്ച് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഹാളിൽനടന്ന ശില്പശാലയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് തോമസ് അധ്യക്ഷത വഹിച്ചു.വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറയ്ക്കൽ, കെഎൽസിഎച്ച്എ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ്,
ചവിട്ടുനാടക ആശാന്മാരായ കേളി രാമചന്ദ്രൻ, കുട്ടപ്പനാശാൻ, ജോയ് ഗോതുരുത്ത്, ഗവേഷണ വിദ്യാർഥി ശ്രേയ പാർവതി, കൊച്ചി മുൻമേയർ കെ ജെ സോഹൻ, ഇഗ്നേഷ്യസ് ഗൊൺസാൽവസ് എന്നിവർ വിഷയം അവതരിപ്പിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി വൈസ് പ്രസിഡൻ്റ് അലക്സ് താളൂ പാടത്ത്, കലാഫോറം കൺവീനർ പൂവം ബേബി, പബ്ലിക് റിലേഷൻ ഓഫീസർ സിബി ജോയ് എന്നിവർ സംസാരിച്ചു.

