റോം: മധ്യപൂർവേഷ്യയിൽ വീണ്ടും ശക്തിപ്പെടുന്ന യുദ്ധഭീഷണിയിലും യുക്രൈനിൽ തുടരുന്ന ആക്രമണങ്ങളിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. വേനൽക്കാല വിശ്രമത്തിനായി കാസ്റ്റൽ ഗാൻഡോൾഫോയിലെത്തിയ പാപ്പ, ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് ലോകസമാധാനത്തിനായുള്ള തന്റെ ആഹ്വാനം ആവർത്തിച്ചത്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതും ലെബനനിലെ പ്രതിസന്ധിയും ഇതിനകം തന്നെ ദുരിതമനുഭവിക്കുന്ന മധ്യപൂർവേഷ്യയെ കൂടുതൽ അസ്ഥിരമാക്കുന്നതായി പാപ്പ ചൂണ്ടിക്കാട്ടി. അതോടൊപ്പം യുക്രൈനിലെ ഖാർകിവ്, ഡിനിപ്രോ, കീവ്, ഒഡെസ എന്നിവിടങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന തീവ്രമായ ആക്രമണങ്ങളിലും അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.
“അക്രമവും ഭീകരതയും മരണവും വീണ്ടും അവരുടെ ഭീകരമായ മുഖം വെളിപ്പെടുത്തുകയാണ്. നിരപരാധികളായ അനേകം മനുഷ്യരാണ് ഇതിന്റെ ഇരകളാകുന്നത്,” പാപ്പ പറഞ്ഞു. ദുഷ്കരമായ ഈ സാഹചര്യത്തിലും പ്രത്യാശയുടെയും സമാധാനത്തിന്റെയും ജ്വാല യുദ്ധത്തിന്റെ കാറ്റിൽ കെടുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഭാഷണം, പരസ്പര കൂടിക്കാഴ്ച, നയതന്ത്രം എന്നിവയുടെ പാതയിലൂടെ സ്ഥിരോത്സാഹത്തോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന പ്രത്യാശയും പാപ്പ പങ്കുവച്ചു. ജനങ്ങൾക്ക് പരസ്പര സുരക്ഷ ഉറപ്പാക്കുകയും ഓരോ വ്യക്തിയുടെയും അന്തസ്സിനെ മാനിക്കുകയും ചെയ്യുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ ഇതാണ് ഏക മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് ആദ്യവാരം വരെ മാർപാപ്പമാരുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ കൊട്ടാരത്തിലാണ് ലെയോ പതിനാലാമൻ പാപ്പ താമസിക്കുന്നത്. പ്രാർത്ഥന, വിശ്രമം, വായന എന്നിവയ്ക്കാണ് അദ്ദേഹം ഈ ദിവസങ്ങൾ മാറ്റിവെച്ചിരിക്കുന്നത്.

