കൊച്ചി: എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ ആരംഭിക്കുന്ന 5 ദിവസത്തെ ക്രിസ്റ്റോഗ്രാഫ ബുക്ഫെസ്റ്റ് നാളെ രാവിലെ 10.30-ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 10.30മുതൽ രാത്രി 8മണിവരെ നടത്തപ്പെടുന്ന പുസ്തകോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ പ്രസാധകരുടെ ക്രൈസ്തവ മൂല്യമുള്ള അയ്യായിരത്തോളം മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കും സജ്ജീകരിച്ചിരിക്കുന്നത്. സുപ്രസിദ്ധ സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യ അതിഥിയായിരിക്കും. മുൻ എംപി ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിക്കും. ശ്രീജിത്ത് മാന്നാനം രചിച്ച ത്രിഭാഷാ ബൈബിൾ ചിത്രകഥ ഡോ. മോളി ഫെലിക്സിന് നൽകിക്കൊണ്ട് ബിഷപ് പ്രകാശനം ചെയ്യും. വൈകിട്ട് 6-ന് ‘മിഷണറിമാരുടെ കേരളം’ എന്ന വിഷയത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് പ്രഭാഷണം നടത്തും. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ജോൺ ബോസ്കോ അധ്യക്ഷനാവും. തുടർന്ന് ജോൺ ഫെർണാണ്ടസ് രചിച്ച് മീന രാജ് സംവിധാനം ചെയ്ത് കൊച്ചി ഐ ടി സ്മാരകവേദി അവതരിപ്പിക്കുന്ന ആനുകാലിക ലഘു നാടകം ‘മത്തായിയുടെ മരണം’ അരങ്ങേറും.
മെയ് 21-ന് വൈകിട്ട് 4-ന് ഡോ.സിസ്റ്റർ സൂസി കിണറ്റിങ്കൽ രചിച്ച ‘True Architects of Renaissance in Kerala’ എന്ന ചരിത്ര പുസ്തകം ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കരയ്ക്ക് നൽകിക്കൊണ്ട് ഷെവ. ഡോ.പ്രിമൂസ് പെരിഞ്ചേരി പ്രകാശനം ചെയ്യും. വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി ആശംസകൾ നേരും. വൈകിട്ട് ആറിന് നടക്കുന്ന പുസ്തകം, വായന, കൂട്ട് എന്ന സർഗസംവാദത്തിൽ ഫാ. വിൻസൻ്റ് വാരിയത്ത്, ഫാ. കപ്പിസ്റ്റാൻ ലോപ്പസ്, ഫാ. ഷിൻ്റോ നിലാക്കീറ് എന്നിവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് ഫാ. ജോസഫ് തട്ടാരശ്ശേരി ആൻഡ് ടീം അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ.
മെയ് 22 വൈകിട്ട് ആറിന് ‘മലയാളഭാഷയും സാഹിത്യവും: ക്രൈസ്തവ സംഭാവനകൾ’ സർഗ്ഗസംവാദത്തിൽ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഫാ. ഗാസ്പർ കടവിപ്പറമ്പിൽ, ഫാ. ജോർജ് തേനാടിക്കുളം എസ് ജെ എന്നിവർ പങ്കെടുക്കും. മോൺ. റോക്കി റോബി കളത്തിൽ മോഡറേറ്റർ ആയിരിക്കും. വൈകിട്ട് 7 30ന് കേരള ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ നിർമ്മിച്ച ‘അർണോസ് പാതിരി’ ഡോക്യുമെൻററി പ്രദർശനം അരങ്ങേറും. ഷൈജു കേളന്തറ ആശംസകൾ നേരും.
മെയ് 23 ശനി വൈകിട്ട് 7.45-ന് മുണ്ടംവേലി സെൻറ് ജേക്കബ് പരിചമുട്ടുകളി സംഘം അവതരിപ്പിക്കുന്ന പരിചമുട്ടുകളി അരങ്ങേറും. ക്രിസ്റ്റഫർ മാളിയേക്കൽ ആമുഖപ്രഭാഷണം നടത്തും. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ ആശംസകൾ നേരും.
സമാപന ദിവസമായ മെയ് 24-നു ഞായർ ഉച്ചയ്ക്ക് 2 30-ന് കെഎൽസിഎ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ചവിട്ടു നാടക സെമിനാർ ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. കെഎൽസിഎച്ച്എ പ്രസിഡൻറ് ഡോ. ചാൾസ് ഡയസ് ആശംസകൾ നേരും. പത്രപ്രവർത്തകനായ ജിജോ ജോൺ പുത്തേഴത്ത് മോഡറേറ്റർ ആയിരിക്കും. കേളി രാമചന്ദ്രൻ, ജോയ് ഗോതുരുത്ത്, ഗവേഷണ വിദ്യാർഥി ശ്രേയ പാർവതി എന്നിവർ വിഷയം അവതരിപ്പിക്കും. വൈകിട്ട് 6 30-ന് സമാപന സമ്മേളനം കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറിപ്പശ്ശേരി ഉദ്ഘാടനം ചെയ്യും. സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി റവ.ഡോ. പീറ്റർ കൊച്ചുവീട്ടിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, സെൻ്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസ് മാനേജർ ഡോ. ആൻറണി തോപ്പിൽ, ഡോ.ചാൾസ് ഡയസ്, ഡോ.ഗ്രിഗറി പോൾ എന്നിവർ സംസാരിക്കും. തുടർന്ന് കൊച്ചിൻ സിഎസി അവതരിപ്പിക്കുന്ന ക്രൈസ്തവഗാനാഞ്ജലിയോടെ പുസ്തകോത്സവത്തിന് തിരശ്ശീല വീഴുമെന്ന് ഡയറക്ടർ മോൺ.റോക്കി റോബി കളത്തിൽ, പ്രസിഡൻ്റ് ഡോ.ചാൾസ് ഡയസ്, ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ, പബ്ലിസിറ്റി കൺവീനർ സിബി ജോയ് എന്നിവർ അറിയിച്ചു.

