ന്യൂഡൽഹി: കോയമ്പത്തൂർ രൂപതയുടെ ബിഷപ്പ് തോമസ് അക്വിനാസ് ലെഫോൺസിന്റെ (73) രാജി ലെയോ പതിനാലാമൻ പാപ്പ സ്വീകരിച്ചു. 2026 നവംബർ 24-നാണ് ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി കത്തോലിക്കാ മെത്രാൻ സമിതി (CCBI) അറിയിച്ചത്. 2002 മുതൽ കോയമ്പത്തൂർ രൂപതയുടെ ഇടയശുശ്രൂഷ നിർവഹിച്ചുവരികയായിരുന്നു അദ്ദേഹം.
1953 മാർച്ച് 6-ന് കന്യാകുമാരിക്കടുത്തുള്ള പിള്ളൈത്തോപ്പിൽ ജനിച്ച ബിഷപ്പ് തോമസ് അക്വിനാസ്, ചെന്നൈയിലെ സെന്റ് തോമസ് മൈനർ സെമിനാരിയിലും പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കി. 1980 മെയ് 22-ന് വെല്ലൂർ രൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായി.വൈദികനായതിനുശേഷം വിവിധ ഇടവകകളിൽ സഹവികാരിയായും വികാരിയായും സേവനമനുഷ്ഠിച്ചു. പതിയവാരത്തെ മൈനർ സെമിനാരിയുടെ റെക്ടർ, വെല്ലൂർ രൂപതയുടെ ബിഷപ്പ് ഹൗസിലെ പ്രൊക്യുറേറ്റർ എന്നീ ചുമതലകളും വഹിച്ചു. 1988 മുതൽ 1993 വരെ ബെൽജിയത്തിലെ ലുവെൻ സർവകലാശാലയിൽ ഉപരിപഠനം നടത്തി കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.ഇന്ത്യയിൽ തിരിച്ചെത്തിയശേഷം പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ അധ്യാപകനായി സേവനം തുടർന്നു. വെല്ലൂർ കത്തീഡ്രലിന്റെ വികാരി ജനറൽ, ഇടവക വികാരി, രൂപതാ സ്കൂളുകളുടെ മാനേജർ, ജുഡീഷ്യൽ വികാരി തുടങ്ങിയ ചുമതലകളും നിർവഹിച്ചു.2002 ജൂലൈ 10-ന് കോയമ്പത്തൂർ ബിഷപ്പായി നിയമിതനായ അദ്ദേഹം ഓഗസ്റ്റ് 28-ന് മെത്രാഭിഷേകം സ്വീകരിച്ചു.
കോയമ്പത്തൂർ രൂപതാ സൊസൈറ്റിയുടെ ഭരണസമിതി പ്രസിഡന്റ്, കോയമ്പത്തൂർ മൾട്ടിപർപ്പസ് റിലീജിയസ് സർവീസ് സൊസൈറ്റി പ്രസിഡന്റ്, രൂപതാ കമ്മീഷനുകളുടെയും സ്ഥാപനങ്ങളുടെയും അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. തമിഴ്നാട് ബിഷപ്പ്സ് കൗൺസിലിന്റെ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾക്കായുള്ള കമ്മീഷന്റെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

