ബോബന് വരാപ്പുഴ
‘ലോകത്തിലേക്ക് തുറന്നിട്ട ജാലകം പോലെയാണ് ഞാന്‍, എന്റെ മുമ്പില്‍ കണ്ട നാടിനെയും വ്യക്തികളെയും പ്രകൃതിയേയും നോക്കിക്കണ്ടത്. അവിടെ ലഭിച്ച പ്രാണവായുവിന്റെ ഊര്‍ജം എന്റെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ നിര്‍ണായക ശക്തിയായി മാറിയെന്ന കാര്യം ഒരിക്കലും വിസ്മരിക്കാനാവില്ല. ‘
പരിപക്വമായ നിശ്ചയദാര്‍ഡ്യവും സുനിശ്ചിതമായ നിലപാടുകളും മാതൃകാപരമായ ക്ഷമാശീലവും പ്രവചനങ്ങളിലെ കിറുകൃത്യതയും കൊണ്ട് കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തെ ഉത്തേജിപ്പിച്ചൊരു നേതാവാണ് വി.ഡി സതീശന്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണപരമായ ആ വികസന പദ്ധതികള്‍ കേരളത്തിന് അനിവാര്യമാകുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ യൂത്തു കോണ്‍ഗ്രസ്സ് നെട്ടൂര്‍ മണ്ഡലം സെക്രട്ടറിയായി ഔദ്യോഗിക രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തന്റെ ജീവിതതാരംഭത്തില്ത്തന്നെ സ്വയത്തമാക്കിയ കഠിനവും നിരന്തരവുമായ പഠനത്വരയിലൂടെ ആര്‍ജിച്ചെടുത്ത പ്രതിഭത്വത്തിലൂടെ വര്‍ത്തമാന കാലത്തിലെ നിയമസഭാ സമാജികരില്‍ ഒരാളായി രൂപാന്തരപ്പെട്ടതിന്റെ പ്രചോദനാത്മകമായ അനുഭവം പ്രധാനം ചെയ്യുന്നൊരു പുസ്തകമാണ് ടോങ്ങി ചിറ്റേട്ടുകുളം തയ്യാറാക്കിയ നേരനുഭവങ്ങള്‍, വി.ഡി സതീശന്റെ ജീവിതവും രാഷ്ട്രീയവുമെന്ന പുസ്തകം. നെട്ടൂരിലെ ജനന ബാല്യ കൗമാരം മുതല്‍ കേരള രാഷ്ട്രീയത്തിലെ പ്രതീക്ഷാനിര്‍ഭരമായൊരു ജനകീയ നേതാവായി അദ്ദേഹം രൂപപ്പെട്ടതിന്റെ ചരിത്രമാണ് ഈ പുസ്തകം.
ഒന്നാംക്ലാസില്‍ പഠിപ്പിച്ച രാധ ടീച്ചര്‍ രണ്ടാം ക്ലാസിലെ മീനാക്ഷിയമ്മ ടീച്ചര്‍, മൂന്നാം ക്ലാസിലെ ദ്രൗപതി ടീച്ചര്‍, നാലാം ക്ലാസിലെ ഭാര്‍ഗവി ടീച്ചര്‍, അഞ്ചാം ക്ലാസിലെ അലക്സാണ്ടര്‍ മാഷ് , ആറാം ക്ലാസിലെ പുരുഷോത്തമന് സര് ….
പഠന വഴികള്‍ തുറന്ന് വിജ്ഞാന വിളക്കുകളായി മാറിയ അഭിവന്ദ്യ ഗുരുക്കന്മാരെ ഓരോരുത്തരായി ഇപ്പോഴും ഓര്‍ത്തിരിക്കുന്ന വിജ്ഞാന ദാഹി … അറിവിന്റെ പാരാപാരം തേടി അലയാന്‍ ഒട്ടും മടുപ്പില്ലാത്തയാളാണ് വി.ഡി സതീശന്. അക്ഷരങ്ങള്‍ കൂട്ടിവായിക്കാനായകാലം മുതല്‍ അരിച്ചുപെറുക്കിയുള്ള പത്രവായനകളിലൂടെ സ്വയത്തമാക്കിയ ആ വായന ശീലംതന്നെയാണ് ഒടുവില്‍ സതീശനെന്ന രാഷ്ട്രിയക്കാരനെയും സമാജികനെയും രൂപപ്പെടുത്തിയത്.
തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറിയായിരിക്കെ ഡിബേറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പാലയില്‍ പോയൊരു സംഭവമുണ്ട്. അക്കാലത്ത് ഡിബേറ്റ് മത്സരങ്ങളില്‍ സതീശനും കൂട്ടുകാരും ട്രോഫികള്‍ വാരി കൂട്ടുന്ന കാലം. പാലയില്‍ നടന്ന ചെറിയാന് കാപ്പന് ഡിബേറ്റ് മത്സരത്തിലെ ഒന്നാം സമ്മാനം ഒരു പവനായിരുന്നു. പക്ഷേ തിരികെ പോരാന്‍ ബസ് കൂലിയില്ലാതെ നട്ടം തിരിഞ്ഞ സംഘം ഒടുവില്‍ ഒരു കടുത്ത തീരുമാനമെടുത്തു സമ്മാനമായി കിട്ടിയ ഒരു പവന് തൂക്കമുള്ള സ്വര്‍ണ്ണമെഡല്‍ വില്‍ക്കുക. അന്ന് ആ തീരുമാനമെടുത്തതും സതീശനായിരുന്നു. തര്‍ക്ക കലയിലെ ഈ വൈഭവം പില്ക്കാലത്ത് പലവട്ടം നിയമസഭയിലും വെളിവാക്കപ്പെട്ടു. തോമസ് ഐസക്കിനെ പോലെയുള്ള ധനമന്ത്രിമാര്‍ അതിന്റെ ചൂടറിഞ്ഞവരാണല്ലോ !
തന്റെ വിദ്യഭ്യാസ കാലത്തൊരിക്കല്‍ സതീശനോട് സിവില്‍ സര്‍വ്വീസ് എടുക്കാന്‍ പറഞ്ഞൊരു കേന്ദ്ര വിദേശകാര്യ മന്ത്രി മുണ്ടായിരുന്നു. പിന്നിട് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി. പേര് കെ.ആര് നാരായണന്. എറണാകുളം മഹാരാജാസ് കോളജില്‍ സംഘടിപ്പിച്ച പീസ് മന്തിന്റെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യതിഥിയായി പങ്കെടുത്ത കെ.ആര് നാരായണന് തന്റെ മറുപടി പ്രസംഗത്തില്‍ സതീശന്റെ പ്രസംഗത്തെക്കുറിച്ച് വാഴ്ത്തി.
ഗസ്റ്റ്ഹൗസില്‍ വന്ന് തന്നെ കാണുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആ കൂടിക്കാഴ്ച്ചയില്‍ വെച്ചാണ് അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങളില്‍ സതീശനുള്ള പ്രാവണ്യത്തെ കണക്കിലെടുത്ത് ഐഎഫ്എസില്‍ ചേരാന്‍ പറഞ്ഞത്. പക്ഷേ നേരത്തെ തന്നെ വക്കീലാകാന്‍ ആഗ്രഹിച്ചു പോയ സതീശന് ആ പ്രോത്സാഹനത്തിന് വശംവദനായില്ല.
കപ്പിനും ചുണ്ടിനുമിടയില്‍ സ്ഥാനങ്ങള്‍ നഷ്ടമാകുന്നൊരു നിര്ഭാഗ്യജാതകക്കാരനാണ് സതീശന്. പതിമൂന്നാം നിയമസഭയുടെ മന്ത്രിസഭയുടെ രൂപീകരണ ചര്‍ച്ചയില്‍ സതീശനെന്ന തീപ്പൊരിയായ സമാജികന്റെ പേര് അവസാനം വരെയും ഉണ്ടായിരുന്നു. സതീശന്റെ പേരിന് മാത്രമായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെട്ടതും. സതീശനും അത് ആഗ്രഹിച്ചിരുന്നു. മന്ത്രിയാകാന്‍ മോഹമുള്ളതിനാല്‍ സ്പീക്കറാകാന്‍ താല്‍പ്പര്യമില്ലാതിരുന്ന ജി. കാര്‍ത്തികേയനെ നിര്‍ബദ്ധിച്ച് ആ ചുമതലയേല്‍ക്കാന്‍ സമ്മതിപ്പിച്ച സതീശനെ, മന്ത്രിയാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ സ്പീക്കറാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല.
തന്റെ രാഷ്ട്രീയ ഗുരുക്കളില്‍ ഒരാളായ കാര്‍ത്തികേയനെ സ്പീക്കര്‍ പദവിയിലേക്ക് നിയോഗിക്കാന്‍ നിമിത്തമായ തന്നെ പ്രതി തന്നെ അദ്ദേഹത്തിന് അത് നിഷേധിക്കപ്പെടുന്നത് ധാര്‍മ്മികമല്ലെന്ന് പറഞ്ഞ് സതീശന് ആ തീരുമാനത്തെ എതിര്‍ക്കുകയും എം.എല്‍ എ യായി തുടരുകയും ചെയ്തു. ഒരിക്കല്‍ പോലും മന്ത്രിയാകാത്തയാള് പെട്ടെന്നൊരിക്കല്‍ പ്രതിപക്ഷനേതാവായി. അതും നിയമസഭയുടെ ചരിത്രത്തില്‍ വേറിട്ട ഏടുകള്‍ എഴുതി ചേര്‍ത്ത ധീരനും കരുത്തനും വിവേകിയുമായ ഒരു പ്രതിപക്ഷനേതാവ് മന്ത്രിമാരുടെ പേടിസ്വപ്നമായി മാറിയ ആ കാവല്‍ മനസ്സിന്റെ ഉത്തമമായ തൃഷ്ണയൊന്നിനെ പ്രതിയാണല്ലോ പത്ത് വര്‍ഷത്തിന് ശേഷം റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയത്. അന്നത്തെ നിര്‍ഭാഗ്യം അവശേഷിക്കുന്നില്ലെങ്കില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാണ് വി.ഡി സതീശന്.
പ്രതിസന്ധികളുടെ പാരമ്യത്തിലും വെട്ടൊന്ന് മുറി രണ്ടെന്നതരത്തില് പ്രതിജ്ഞയെടുക്കുന്നത് വി.ഡി സതീശനെന്ന രാഷ്ട്രീയക്കാരനില്‍ മാത്രം കണ്ടൊരു പ്രത്യേകതയാണ്. ഇത്തവണ മികച്ച വിജയവുമായി യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ താന്‍ രാഷ്ടീയ വനവാസത്തിന് പോകുമെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് കേട്ട് എതിര് മുന്നണിക്കാര്‍ പോലും ആശയക്കുഴപ്പത്തിലായെന്നതാണ് സത്യം. എന്നാല്‍ ഇതൊരിക്കലും സതീശന്റെ ആദ്യത്തെ കൊടും പ്രതിജ്ഞയായിരുന്നില്ല. പറവൂര്‍ മണ്ഡലത്തെ ആകമാനം ഗ്രസിച്ചിരുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ അടുത്ത തവണ താന്‍ മത്സരിക്കാനുണ്ടാവില്ലെന്ന് ആദ്യ ടേമില്‍ തന്നെ അദ്ദേഹം നിലപാട് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോട്ടുവള്ളിയില്‍ ചെന്ന നേരത്ത്, തെങ്ങിന്‍കുഴിയില്‍ കെട്ടി നില്ക്കുന്ന മാലിന്യം നിറഞ്ഞ മഴവെള്ളം വാ മൂടിക്കെട്ടിയ തുണിയിലൂടെ അരിച്ചെടുക്കുന്ന സാധാരണ മനുഷ്യന്റെ ദൈന്യത കണ്ടപ്പോഴാണ് അദ്ദേഹം അത് പറഞ്ഞത്. ഭരണാനുമതി ലഭിക്കാന്‍ കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കുന്ന ആ നടപടി കേവലം മൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും സാമ്പത്തിക സഹായം നല്കാന് എസ്ബിഐ തയ്യാറായതും അന്ന് യുവാവായിരുന്ന സതീശന്റെ നിശ്ചയദാര്‍ഡ്യവും ആത്മാര്‍ത്ഥതയും ഉത്തരവാദിത്വപ്പെട്ടവര്‍ മനസിലാക്കിയതുകൊണ്ടാണ്. ഞങ്ങള്‍ക്ക് ജീവജലം തന്നയാള്‍ എന്നാണ് സതീശനെ ജനങ്ങള്‍ വിശേഷിപ്പിച്ചത്.
രണ്ട് കാര്യങ്ങളെക്കുറിച്ചോര്ത്താല് വി.ഡി സതീശന് കരയും, ഒന്ന് താന്‍ എംഎല്‍എ ആകുന്നതിന് മുമ്പേ മരിച്ചു പോയ തന്റെ മാതാവ്. മടുപ്പ് തോന്നാത്തവിധം വായനയുടെയും രാവറിയാത്ത തീക്ഷ്ണമായ ഗൃഹപാഠങ്ങളിലൂടെ കാര്യങ്ങളെ വസ്തുനിഷ്ഠമായി മനസിലാക്കാന്‍ പ്രാപ്തനാക്കിയത് ആ അമ്മയാണ്. പരന്ന വായനയിലേക്ക് സതീശനെ കൈപിടിച്ചു നടത്തിയ വിലാസിനിയമ്മ, തന്റെ മടയില്‍ തലചായ്പ്പിച്ച് ചൊല്ലിക്കൊടുത്ത കൃഷ്ണകഥകള്‍ പിന്നിട് ലോക സാഹിത്യത്തിന്റെ വിശാല ലോകത്തേക്കാണ് ആ മകനെ കൊണ്ടു ചെന്നെത്തിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കെ. ദാമോദരമേനോനാണ് പിതാവ്.
കര്‍മ്മ ഭൂമിയായ നോര്‍ത്ത് പറവൂരാണ് മറ്റൊന്ന്.1996-ല്‍ 1016 വോട്ടിന്റെ കുറവില്‍ തോല്‍വിയില്‍ നിന്നാരംഭിച്ച ആ ആത്മബന്ധം മാതൃസമാനമായി വളര്‍ത്തിയത്, ഈ പരാജയത്തില്‍ നിന്നാണെന്ന് പറയുന്നു അദ്ദേഹം.
എറണാകുളം നെട്ടുര്‍ സ്വദേശിയായിരുന്നിട്ടും 1996-ല്‍ പരാജയപ്പെട്ടിട്ടും നോര്‍ത്ത് പറവൂരുമായുണ്ടാക്കിയ ആത്മബന്ധം അദ്ദേഹം നിലനിര്‍ത്തി. എല്ലാ വിഭാഗത്തിലുള്ള സമൂഹങ്ങളുമായി ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ സ്ഥാപിച്ചു. മണ്ഡലത്തിന്റെ ഉള്‍വഴികള്‍ കൈവെള്ളയിലെ രേഖകള്‍ പോലെ സൂക്ഷിച്ചു. അതിന് ഫലമുണ്ടായി, തുടര്‍ന്നിങ്ങോട്ട് 2026 -വരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നുന്ന ജയങ്ങള്‍ പ്രതിപക്ഷ നേതാവ് എന്നതിനും മേലേക്ക് വളര്‍ത്തിയിരിക്കുന്നു..
ഇന്നിപ്പോള്‍ ഈ തിരഞ്ഞെടുപ്പിലും മുന്നണി വിജയിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച നേതൃത്വപാടവം, പ്രവചനപരമായ
ആത്മവിശ്വാസം, പോരാട്ട തൃഷ്ണ….ഒരു ഭരണകൂടവും ശക്തമായ ഒരു പ്രസ്ഥാനവും ആളും അര്‍ത്ഥവും എതിര്‍വശത്ത് ആണിനിരക്കവേ, അതിനെതിരെ നേടിയ ആധികാരികമായ ഏറ്റവും പുതിയ വിജയം സതീശനെന്ന നേതാവിന്റെ കരുത്താണ് വെളിവാക്കുന്നതെന്ന് ആര്‍ക്കാണ് മനസിലാകാത്തത് !
‘നേരനുഭവങ്ങള്‍ ‘ എന്ന ആത്മകഥാംശങ്ങള്‍ നിറഞ്ഞ പുസ്തകം വി.ഡി.സതീശനെന്ന ലക്ഷണമൊത്ത രാഷ്ട്രീയ നേതാവ് രൂപപ്പെട്ടതിന്റെ സാക്ഷ്യപത്രമാണ്. ഇതുവരെ കണ്ടതിനും കേട്ടതിനും അപ്പുറം ആ വ്യക്തിത്വത്തിന്റെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളും നിലപാടുകളും ഉള്‍ക്കാഴച്ചകളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്.

