കൊച്ചി: ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കുന്നതിനായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) വരാപ്പുഴ അതിരൂപത സമിതി “ലഹരിക്കെതിരെ കരുനീക്കാം” എന്ന പേരിൽ അഖില കേരള ചെസ് ടൂർണമെന്റും ലഹരിവിരുദ്ധ പ്രതിജ്ഞാ പരിപാടിയും സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 8-ന് പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിലെ സെന്റ് റാഫേൽ ഹാളിലാണ് പരിപാടി.കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് അനൂപ് എ. ലഹരിവിരുദ്ധ സന്ദേശം നൽകും.
തുടർന്ന് കെഎൽസിഎ പ്രവർത്തകരും വിദ്യാർഥികളും പൊതുജനങ്ങളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.കെഎൽസിഎ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, പാലാരിവട്ടം പള്ളി വികാരി ഫാ. ജോജി കുത്തുകാട്ട്, അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ. ജെ. പൗലോസ്, സ്പോർട്സ് ഫോറം കൺവീനർ ജോബി ജോർജ്, പ്ലെയ്റ്റോ വില്യം എന്നിവർ ചടങ്ങിൽ സംസാരിക്കും.എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 100-ലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് സ്കൂൾ, ബെസ്റ്റ് കോച്ച് ഉൾപ്പെടെ 60-ലധികം സമ്മാനങ്ങൾ വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്.

