ബോബന് വരാപ്പുഴ
റൈറ്റ് – എന്ന വാക്കിന് അടിവരയിടുന്ന ജീവിതം., ഒന്നുമില്ലായ്മയില്‍ നിന്നും ആനന്ദം കണ്ടെത്തുന്ന പാരമ്പര്യ സമാനമായ ജീവിതരീതികള്‍ നാഡി ഞെരമ്പുകളിലും ഹൃദയത്തിലും പിന്നെ ചിന്താമണ്ഡലത്തിലും പാര്‍ട്ടിയെന്ന ഒരേയൊരു വികാരം – (ഭാര്യക്കു പോലും പാര്‍ട്ടിക്ക് പിന്നില്‍, രണ്ടാം സ്ഥാനം) വായില്‍ വരുന്ന വാക്കുകള്‍, അപ്പോള്‍ തന്നെ ആരോടായാലും പറയും.
ഔചാരികതയെ പ്രതി, ആരോടും ഒന്നും മറച്ചുപിടിക്കില്ല. അതാണ് പ്രാകൃതം. അതാണ് സഖാവ് നയനാര്‍.
ജീവിതാനുഭവ തീക്ഷ്ണതയുടെ മൂശയില്‍ അത്യുഗ്ര താപത്തില്‍ സ്വന്തം സമരാനുഷ്ഠാനം വെന്തുരുകാതിരിക്കുവാന്, സഖാവ് നടത്തിയ ധീരമായ ചെറുത്തു നില്പ്പുകള്, അര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും മുന്നില്‍ മര്‍ദ്ദന ഭീകരതയുടെ ക്രൗര്യങ്ങളും പിന്നീട് ചരിത്രമായി. അതിനിടയിലും ഓര്‍ത്തും ആര്ത്തും ചിരിക്കാനുള്ള സ്വസഹജമായ വാക്പ്രയോഗങ്ങളും ശൈലികളും ആവശ്യത്തിലധികവും നായനാര്‍ കരുതി വച്ചു. ഒരിക്കല്‍ വില പിടിച്ചൊരു പേന നായനാര്‍ക്ക് നല്കാന് വന്നൊരു പണക്കാരന്റെ അനുഭവം കേള്‍ക്കണോ ? സഖാവിന്റെ പത്രപാരായണനേരം.
ആ നേരത്ത് ശാരദ ടീച്ചര്‍ക്കുപോലും അടുത്തു ചെല്ലാന്‍ അനുവാദമില്ല. സന്തത സഹചാരിയായ വാരിയര്‍ കയ്യും കലാശവും കാട്ടി പണക്കാരന് മുന്നറിയിപ്പു നല്‍കിയിട്ടും, അയാള്‍ അത് കണക്കിലെടുക്കാതെ നായനാര്‍ക്ക് മുന്നില്‍ ചെന്ന് നിന്നു. പത്രവായന തടസപ്പെട്ടു, സഖാവിന് അരിശം കേറി., മുമ്പില്‍ പേനയുമായി നില്ല്ക്കുന്നയാളെ ഭ്രാന്തനെന്നു വിളിച്ചു കൊണ്ട് ആട്ടിയോടിച്ചു. വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോക്കസ് ചെയ്യാന്‍ പാകത്തില്‍ ഉയര്‍ത്തിക്കാണിക്കും.
ഇത്തരത്തിലുള്ള അനേകം സ്വാതന്ത്ര്യങ്ങള്‍ സാക്ഷര കേരളം അദ്ദേഹത്തിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്. വിവാദങ്ങള്‍ക്കപ്പുറം പൊതുസമൂഹം ആ ചെയ്തികളില്‍ വലിയ നിഷ്കളങ്കത ആസ്വദിച്ചിരുന്നു. കാരണം, സഖാവായ, പാര്‍ട്ടി സെക്രട്ടറിയായ , മുഖ്യമന്ത്രിയായ നായനാരും ആ ജീവിതവും, അവരുടെ സ്വഭാവികമായ അറിവുകളുടെ ഭാഗമാണ്.’ അവരെ സംബദ്ധിച്ചു ത്തോളം നായനാരെന്നാല് അങ്ങിനെയെല്ലാം വര്‍ത്തിക്കണം. പക്ഷേ, ഒടുവില്‍ ഹൃദയം നുറുങ്ങി. അതിന്റെ പ്രതിഫലനമെന്നോണം കണ്ണുകള്‍ നിറഞ്ഞു. ജീവിതാന്ത്യത്തില്‍ കണ്മുമ്പില് നിസഹായത വന്നു നിന്നപ്പോള്‍ സഖാവ് പതറിയോ?
ഉവ്വ് എന്ന് അടിവരയിടുന്നത് മറ്റാരുമല്ല. നയനാരുടെ ജീവിതാന്ത്യം വരെ നിഴലായി നിന്നിരുന്ന ശാരദ ടീച്ചര്‍ തന്നെ.
‘ശാരദേ, ഞാന്‍ പോയിക്കഴിഞ്ഞാല്‍ നീ കഷ്ടപ്പെട്ടു പോകും അല്ലേ ‘
ശാരദേ,നീ ആണ്മക്കളുടെ കൂടെ താമസിച്ചാല്‍ മതി.. ഡല്‍ഹി എയിംസ് ആശുപ്രതിയുടെ തണുത്തു വിറപ്പിക്കുന്ന ഐസിയു സഖാവിന് നരകതുല്യമായിരുന്നു. പാര്‍ട്ടി, രാഷ്ട്രീയം, പൊതുയോഗങ്ങള്‍, കമ്മിറ്റികള്‍, തിരഞ്ഞെടുപ്പുകള്‍, പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍, ജനങ്ങളുമായുള്ള സമ്പര്‍ക്കം, ഭരണ ചുമതലകള്‍ ചെറുപ്പംതൊട്ട് ജീവിതം ആസ്വാദിച്ചുകൊണ്ടിരുന്ന സഖാവിന് ഇങ്ങിനെ, ഇത്തരത്തില്‍ അടങ്ങിയൊതുങ്ങിക്കിടക്കാനാവുമോ? അവിടെ തന്നെ കാണാനെത്തിയ സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ കണ്ടപ്പോള്‍ നായനാര്‍ കരഞ്ഞതിന്റെ കാരണം എന്താണന്ന് ശാരദ ടീച്ചര്‍ക്കും അറിയില്ല., തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുക്കാനാവാത്തതിന്റെ പേരിലാണോ നായനാര്‍ കരഞ്ഞത്?
അതോ, ജീവിതാന്ത്യത്തിന് പടിവാതിക്കലില്‍ അദ്ദേഹത്തെ പിടികൂടിയ യാഥാര്‍ത്ഥ്യത്തെ തൊട്ടറിഞ്ഞിട്ടോ? ഐസിയുവിലേക്കുള്ള മാറ്റം നായനാരെ തളര്‍ത്തിയിരുന്നു ‘ ശാരദേ, എനിക്ക് കിടക്കാന്‍ പറ്റൂല്ല, നമുക്ക് ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല.’ ‘ എത്ര ഒളിച്ചുവെക്കാന്‍ ശ്രമിച്ചിട്ടും ഐസിയുവില്‍ നടക്കുന്ന മരണങ്ങളെ നായനാര്‍ കാണുന്നുണ്ടായിരുന്നു. ‘ അവിടെ കിടന്ന ആളിനെ കൊണ്ടുപോയല്ലോ ശാരദേ ‘ ‘ശാരദേ,മക്കളുടെ കാര്യമൊന്നും എനിക്ക് വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവര്‍ക്കായി ഒന്നും കരുതി വയ്ക്കാനും ഞാന്‍ ശ്രമിച്ചില്ല’
മെയ് 6 ന് ഉച്ചക്ക്, ‘നീ പോയി ഭക്ഷണം കഴിച്ചുവാ,ശാരദേ .. ഇതായിരുന്നു നായനാര്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ പതിനാലു ദിവസം അബോധാവസ്ഥയില്‍ കിടന്ന സഖാവ് 19 ന് യാത്രയായി മകന് കൃഷ്ണകുമാര്‍ പറഞ്ഞു. ‘അമ്മേ, അച്ഛന് എന്റെ കൈയില്‍ മുറുകെ പിടിച്ചു. ആ വിരല്‍ തുമ്പ് കയ്യില്‍ നിന്ന് വിട്ടു പോകാത്തതുപോലെ തോന്നുന്നു ‘ മരിക്കുന്നതിന് മുമ്പ് മുഷ്ടി ചുരുട്ടി ലാല്‍ സലാം എന്ന് മുദ്രാവാക്യം വിളിക്കണമെന്ന മോഹം ബാക്കി വച്ച്. മുമ്പൊരിക്കല്‍ താന്‍ മരിക്കുകയാണെന്ന ധാരണയില്‍, കിടന്ന കിടപ്പില്‍ നായനാര്‍ ലാല്‍ സലാം വിളിച്ച കാര്യം സന്ദര്‍ഭവശാല്‍ സ്മരിക്കുന്നുണ്ട് ടീച്ചര്‍.

