ബിജോ സില്‍വേരി
പുരാതന ഈജിപ്തിലെ ലെ മമ്മിഫിക്കേഷന് ഇക്കാലത്തും ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. വളരെ സങ്കീര്‍ണ്ണവും ആചാരപരവുമായ ഒരു പ്രക്രിയയായിരുന്നു. ഇത് ശാസ്ത്രവും മതവിശ്വാസവും ചേര്‍ന്ന ഒന്ന്. മമ്മിഫിക്കേഷന് പ്രക്രിയ സാധാരണയായി 70 ദിവസത്തോളം നീണ്ടുനിന്നിരുന്നു. മരണടഞ്ഞയാളുടെ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യലായിരുന്നു ആദ്യപടി. മസ്തിഷ്കം മൂക്കിലൂടെ പ്രത്യേക കുഴലുകള്‍ ഉപയോഗിച്ച് എടുത്തുമാറ്റുകയും കരള്‍, ശ്വാസകോശം, വയറ്, കുടല് എന്നിവ നീക്കം ചെയ്യുകയും ചെയ്യും. ഇവയെ പ്രത്യേക പാത്രങ്ങളായ കാനോപിക് ജാറുകളില്‍ സൂക്ഷിക്കും. പിന്നീട് ശരീരം നാട്രോണ് (പ്രകൃതിദത്ത ഉപ്പുകൂട്ടുകള്) ഉപയോഗിച്ച് പൂര്‍ണ്ണമായും ഉണക്കുന്നു. ശരീരത്തില്‍ എണ്ണയും സുഗന്ധവസ്തുക്കളും പുരട്ടി സംരക്ഷണം ഉറപ്പാക്കുന്നു. പിന്നീട് ശരീരം ലിനന്‍ തുണികളില്‍ പലപാളികളായി പൊതിയും.
എന്തുകൊണ്ട് മമ്മികള്‍
ഈജിപ്തുകാരുടെ വിശ്വാസപ്രകാരം ആത്മാവ് മരണത്തിനു ശേഷം ശരീരത്തിലേക്ക് മടങ്ങിവരുന്നു.
അതിനാല്‍ ശരീരം നശിക്കാതെ സൂക്ഷിക്കണം – അതാണ് മമ്മിഫിക്കേഷന്റെ പ്രധാന കാരണം. ഇത് അവരുടെ മരണാനന്തരജീവിത വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ടുടന്ഖാമനായിരുന്നു ഏറ്റവും പ്രശസ്തമായ ഫറവോ; അദ്ദേഹത്തിന്റെ കല്ലറ 1922-ല്‍ കണ്ടെത്തി. രാംസസ് രണ്ടാമന്, സേതി ഒന്നാമന് എന്നിവര്‍ മറ്റ് പ്രഗ്തഭ ഫറവോമാര്‍ ആയിരുന്നു. അവരുടെ
മമ്മികളും നല്ല നിലയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയ മമ്മികള്‍ സാധാരണയായി 3000-5000 വര്‍ഷം പഴക്കമുള്ളവ ആണ്.
‘മമ്മികളുടെ ശാപം” എന്ന ആശയം ചരിത്രം, സാഹിത്യം, മാധ്യമങ്ങളും ചേര്‍ന്നുണ്ടാക്കിയ രസകരമായ മിശ്രണമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് കഥയും ശാസ്ത്രവും പറയുന്നത് എന്ന് നോക്കാം.
പുരാതന ഈജിപ്ത്യന്‍ ശവകുടീരങ്ങളിലെല്ലാം എഴുതിയ മുന്നറിയിപ്പുകളോ ശാപങ്ങളോ ഉണ്ടെന്നതാണ് വിശ്വാസം.
”കല്ലറ തുറക്കുന്നവര്‍ ദുരന്തം നേരിടും” എന്ന തരത്തിലുള്ള ആശയങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഈ ആശയം കൂടുതല്‍ പ്രശസ്തമായത് ടുടന്ഖാമന്റെ കല്ലറ കണ്ടെത്തി കഴിഞ്ഞാണ്. ടുടന്ഖാമന്റെ കല്ലറ തുറക്കാന്‍ ധനസഹായം ചെയ്ത സംഘത്തിലെ പ്രധാനിയായ കാര്ണവണ് പ്രഭു കുറച്ച് മാസങ്ങള്‍ക്കകം മരിച്ചു. അതോടെ മമ്മിയുടെ ”ശാപം പ്രവര്‍ത്തിച്ചു” എന്ന വാര്‍ത്തകള്‍ പരന്നു. അക്കാലത്തെ പത്രങ്ങളും ഈ കഥകള്‍ക്ക് വലിയ പ്രചാരം നല്കി.
എന്നാല്‍ കാര്ണവണ് പ്രഭുവിന്റെ മരണത്തെയും മറ്റ് അപകടങ്ങളേയും സംബന്ധിച്ച് ശാസ്ത്രീയ വിശദീകരണങ്ങള്‍ പിന്നീട് നല്കപ്പെട്ടു.
കല്ലറകള്‍ നൂറ്റാണ്ടുകളോളം അടഞ്ഞുകിടന്നതിനാല്‍ അപകടകരമായ ഫംഗസുകളും ബാക്ടീരിയകളും ഉണ്ടാകാം.
ഇത് ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചില പഴയ ശവകുടീരങ്ങളില്‍ അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് പോലുള്ള രാസവാതകങ്ങള്‍ സാന്നിധ്യമുണ്ടാകാം. കല്ലറകള്‍ തുറന്ന സംഘത്തിലെ പലരും ദീര്‍ഘകാലം ജീവിച്ചിരുന്നു.
അതിനാല്‍ മരണങ്ങള് യാദൃശ്ചികത മാത്രമായിരിക്കാം.
”മമ്മികളുടെ ശാപം” എന്ന ആശയം ജനപ്രിയമാക്കിയത് കഥകളും സിനിമകളും ആണ്: ദി മമ്മി എ ടെയ്ല് ഓഫ് ട്വന്റി സെക്കന്‍ഡ് സെഞ്ച്വറി, ദി മമ്മി (ഹോളിവുഡ് 4 ഭാഗങ്ങള്‍) തുടങ്ങിയ സിനിമകള്‍ കഥകള്‍ക്ക് ഭയാനക പരിവേഷം നല്കി. ”മമ്മികളുടെ ശാപം” ഒരു മിത്തും മാധ്യമ സൃഷ്ടിയും ആണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്.
ഈജിപ്ത്യന്‍ ശവകുടീരങ്ങള്‍ വെറും ശവസംസ്കാര സ്ഥലങ്ങള്‍ മാത്രമല്ലായിരുന്നു – അവ ഒരു വ്യക്തിയുടെ മരണാനന്തര യാത്രയ്ക്കുള്ള ”ഗൈഡ്” പോലെ രൂപകല്‍പ്പന ചെയ്തിരുന്നതാണ്. ഈജിപ്തിലെ കല്ലറകള്‍ വളരെ സൂക്ഷ്മമായി നിര്‍മ്മിച്ചവയായിരുന്നു. ദൈനംദിന ജീവിതം, യുദ്ധങ്ങള്‍, ദേവന്മാര്, മരണാനന്തര ലോകം എന്നിവ ഭിത്തികളില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശവകുടീരങ്ങളില്‍ അളവറ്റ സമ്പത്തുകള്‍ ഉണ്ടായിരുന്നതിനാല്‍ മോഷ്ടാക്കളുടെ ശല്യം കൂടുതലായിരുന്നു. ഇവരെ തടയാന്‍ ചില ശവകുടീരങ്ങളില്‍ രഹസ്യ വഴികളും തെറ്റായ വഴികളും ഉണ്ടായിരുന്നു. പലരും ഇത്തരത്തില്‍ അപകടത്തില്‍പെട്ടത് കഥകളെ വീണ്ടും പരിപോഷിപ്പിച്ചു.
ഭക്ഷണം, ആഭരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ മമ്മികളോടൊപ്പം അടക്കം ചെയ്തിരുന്നു. അവ ആത്മാവിന് പരലോകത്തില്‍ ഉപയോഗിക്കാനാണെന്നായിരുന്നു വിശ്വാസം.
മന്ത്രങ്ങളുടെയും പ്രാര്‍ഥനകളുടെയും ശേഖരം ആയ ബുക്ക് ഓഫ് ഡെത്തും ശവകുടീരങ്ങളില്‍ അടക്കം ചെയ്തിരുന്നു.
ആത്മാവിനെ സുരക്ഷിതമായി പരലോകത്തിലേക്ക് നയിക്കുകയായിരുന്നു മന്ത്രങ്ങളുടേയും പ്രാര്‍ഥനയുടേയും ലക്ഷ്യം. ജീവിത കാലത്ത് നന്മ ചെയ്തിരുന്നവര്‍ സ്വര്‍ഗത്തിലേക്കു പോകുമെന്നായിരുന്നു വിശ്വാസം. ഈജിപ്തുകാരുടെ കാഴ്ചപ്പാടില്‍, മരണം ഒരു അവസാനമല്ല – മറ്റൊരു ലോകത്തിലേക്കുള്ള തുടക്കമാണ്. അതിനാല്‍ ശവകുടീരങ്ങളും എഴുത്തുകളും മതഗ്രന്ഥങ്ങളും എല്ലാം ചേര്‍ന്ന് ഒരു സമഗ്രമായ മരണാനന്തര ജീവിത സംവിധാനമായി പ്രവര്‍ത്തിച്ചു.

