കൊച്ചി: രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി വിരുദ്ധനയങ്ങളും വസ്ത്രനിർമ്മാണ മേഖലയിലെ കുത്തകവൽക്കരണവും മൂലം തയ്യൽ തൊഴിലാളികൾ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (കെ റ്റി ഡബ്ല്യൂ എഫ്) സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കെ റ്റി ഡബ്ല്യൂ എഫ് സംസ്ഥാന പ്രസിഡൻറ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ചു.
കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.സിൽവസ്റ്റർ പൊന്നുമുത്തേൻ, വൈസ് ചെയർമാൻ ബിഷപ് ഡോ. ജോസ് പൊരുന്നേടം, ടി.ജെ. വിനോദ് എം.എൽ.എ, രക്ഷാധികാരി ജോസഫ് ജൂഡ്, കെഎൽഎം പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ, ദേശീയ ഡയറക്ടർ ജോർജ് തോമസ് നിരപ്പുകാലായിൽ, ഫാ പ്രസാദ് കണ്ടെത്തിപ്പറമ്പിൽ, എച്ച്എംഎസ് ജനറൽ സെക്രട്ടറി ടോമി മാത്യു, ഫോറം ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, ട്രഷറർ മോളി ജോബി
എന്നിവർ പ്രസംഗിച്ചു.
നേരത്തെ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർപേഴ്സൺ എലിസബത്ത് അസീസി പ്രഭാഷണം നടത്തി. സംസ്ഥാനത്തെ പത്ത് മികച്ച തയ്യൽ തൊഴിലാളികളെ സമ്മേളനം ആദരിച്ചു.
തയ്യൽ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതികൾ ക്ഷേമനിധി ബോർഡ് ആവിഷ്കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും റിട്ടയർമെൻറ് ആനുകൂല്യങ്ങളും കാലോചിതമായി വർദ്ധിപ്പിക്കുക, നിർത്തലാക്കിയ സർവീസ് പെൻഷൻ പുനപരിശോധിക്കുക, മെറിറ്റ് സ്കോളർഷിപ്പ് അർഹരായ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുക, നിലവിൽ പെൺമക്കൾക്ക് മാത്രമുള്ള വിവാഹ ധനസഹായം അംഗങ്ങളുടെ ആൺമക്കൾക്കും ലഭ്യമാക്കുക,. നിലവിലുള്ള അംഗങ്ങളുടെ സഹകരണത്തോടെ പെൻഷൻ അംഗങ്ങൾക്ക് മരണാനന്തര സഹായം നൽകുക എന്നീ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

