വത്തിക്കാൻ സിറ്റി: പനാമയിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് 8,300 കുട്ടികളുൾപ്പെടെ 38,000 പേർക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യുനിസെഫ് അറിയിച്ചു. ഭൂകമ്പത്തിൽ വീടുകൾക്കും സ്കൂളുകൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും കുടിവെള്ള വിതരണ സംവിധാനങ്ങൾക്കും ഗതാഗത സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായി സംഘടനയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഭൂകമ്പത്തിനു ശേഷവും തുടർചലനങ്ങൾ തുടരുന്നതിനാൽ കുട്ടികളും കുടുംബങ്ങളും ഭീതിയിലും ആശങ്കയിലുമാണ്. ദുരന്തബാധിത മേഖലകളിൽ കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ തടസ്സപ്പെട്ടതും കുട്ടികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 656 സ്കൂൾ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന തുടരുന്നതിനാൽ ഒക്ടോബർ 12 മുതൽ സ്കൂളുകളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കുറഞ്ഞത് 25 ആരോഗ്യകേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായതായി അധികൃതർ അറിയിച്ചു.ദുരന്തബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും അടിയന്തര സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും അടിസ്ഥാന സേവനങ്ങൾ പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും യുനിസെഫ് ചൂണ്ടിക്കാട്ടി.

